Follow Us On

29

May

2024

Wednesday

രക്താർബുദം വരിഞ്ഞു മുറുക്കുമ്പോഴും വീൽചെയറിൽ  പുഞ്ചിരിയോടെ ദൈവശുശ്രൂഷ തുടർന്ന് യുവ വൈദീകൻ 

സച്ചിൻ എട്ടിയിൽ

രക്താർബുദം വരിഞ്ഞു മുറുക്കുമ്പോഴും വീൽചെയറിൽ  പുഞ്ചിരിയോടെ ദൈവശുശ്രൂഷ  തുടർന്ന് യുവ വൈദീകൻ 

ബംഗളൂരു: രക്താർബുദം വരിഞ്ഞു മുറുക്കുമ്പോഴും, അതേ തുടർന്ന് വീൽചെയറിലേക്ക് ജീവിതം ചുരുക്കേണ്ടിവന്നെങ്കിലും ദൈവം ഭരമേൽപ്പിച്ച ശുശ്രൂഷകൾ പുഞ്ചിരിയോടെ തുടർന്ന് മലയാളി യുവവൈദീകൻ. കർണാടകയിലെ ബൽത്തങ്ങാടി രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. സോജൻ മാത്യു കൊട്ടാരത്തിലാണ് കാൻസറിന്റെ വേദനകളെ അവഗണിച്ചും ദൈവവേല തുടരുന്ന ആ വൈദീകൻ.

2018ൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 2021ൽ രക്താർബുദ ബാധിതനായെങ്കിലും അതും തന്നെക്കുറിച്ചുള്ള ദൈവഹിതമാണെന്ന ബോധ്യമാണ് 32 വയസുകാരനായ ഇദ്ദേഹത്തെ നയിക്കുന്നത്. ചികിത്‌സയ്ക്കുവേണ്ടി വീട്ടിലായിരിക്കുമ്പോഴും ഒരൊറ്റ ദിനം പോലും വിശുദ്ധ കുർബാന അർപ്പണം മുടക്കിയിട്ടില്ല ഈ യുവവൈദീകൻ. ഫാ. സോജന്റെ ദൈവസ്‌നേഹവും പ്രത്യാശയും അനേകർക്ക് പ്രചോദനമാണിന്ന്.

കർണാടകയിലെ ജഡ്കലിൽ സ്ഥിരതാമസമാക്കിയ സോബി- ശോഭ ദമ്പതികളുടെ മകനായി 1991 ഫെബ്രുവരി അഞ്ചിനായിരുന്നു സോജന്റെ ജനനം. മാതാപിതാക്കളുടെ മാതൃകാജീവിതമാണ് കുഞ്ഞ് സോജനെയും സ്വാധീനിച്ചത്. ഇതിനിടയിൽ ഈശോയ്ക്ക് വേണ്ടി ജീവിതകാലം മുഴുവൻ സേവനം ചെയ്യാൻ പൗരോഹിത്യത്തെ കുറിച്ചും സോജൻ ചിന്തിച്ചു തുടങ്ങി. തന്നെക്കുറിച്ചുള്ള ദൈവഹിതം അതുതന്നെയാണെന്ന് ബോധ്യപ്പെട്ടപ്പോൾ 2009ൽ ബൽത്തങ്ങാടി രൂപതയ്ക്ക് വേണ്ടി സെമിനാരി പരിശീലനം ആരംഭിച്ചു.

കോട്ടയം വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്ര, തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയ സോജൻ 2018 ഡിസംബർ 29നാണ് ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴിയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചത്. 2021ൽ ഷിരടി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലത്തിൽ സേവനം ചെയ്യവേ ഉണ്ടായ ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ രക്താർബുദ ബാധിതനാണെ കാര്യം ഫാ. സോജൻ തിരിച്ചറിഞ്ഞത്.

ആരെയും ഭയത്തിന്റെയും നിരാശയുടെയും പിടിയിലേക്ക് നയിക്കാവുന്ന സാഹചര്യമാണെങ്കിലും ഫാ. സോജൻ നടുങ്ങിയില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരം ഉടനെ കീമോതെറാപ്പി ചികിത്സ ആരംഭിച്ചു. ഈശോയെ നിന്റെ തിരുവിഷ്ടം നിറവേറട്ടെ എന്ന പ്രാർത്ഥനയോടെയായിരുന്നു ചികിത്സയുടെ ആരംഭം. പക്ഷേ, രോഗത്തിന്റെ തീക്ഷ്ണതയാലാവാം ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം അരയ്ക്ക് താഴേക്ക് തളർന്നു പോയി.

ഇപ്രകാരമെല്ലാം സംഭവിച്ചിട്ടും ‘ദൈവമേ എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു,’ എന്ന ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാനോ ദൈവപദ്ധതിയെ തള്ളിപ്പറയാനോ ഫാ. സോജൻ മുതിർന്നില്ല എന്നതാണ് അത്ഭുതം! ‘കാൻസറിനെ കുറിച്ച് ഞാൻ വ്യാകുലപ്പെടുന്നില്ല, ഇത് എന്നെ കുറിച്ച് ദൈവത്തിനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,’ ശാലോം വേൾഡിന്റെ ഇംഗ്ലീഷ് വാർത്താ വിഭാഗമായ ‘എസ്.ഡബ്യു ന്യൂസി’നോട് ഫാ. സോജൻ പങ്കുവെച്ചു.

ചികിത്‌സാപരമായ കാരണങ്ങളാണ് അദ്ദേഹം ഇപ്പോൾ വീട്ടിലാണുള്ളത്. ആളുകൾ വീട്ടിലെത്തുമ്പോൾ, വീൽചെയറിൽ ഇരുന്നുകൊണ്ട് അദ്ദേഹം ദൈവത്തിന് സാക്ഷ്യം നൽകുന്നു. 1991ൽ ജനിച്ച വാഴ്ത്തപ്പെട്ട കാർലോ അക്കുറ്റിസ് ഫാ. സോജന് വലിയ പ്രചോദനമാണ്. രക്താർബുദ ബാധിതനായിരുന്നു കാർലോയും. വാഴ്ത്തപ്പെട്ട കാർലോയുടെ മാധ്യസ്ഥം തേടുമ്പോഴും രോഗം മാറണേ എന്നല്ല ദൈവഹിതം പൂർത്തിയാകണേ എന്ന പ്രാർത്ഥനയാണ് ഫാ. സോജന്റെ ഹൃത്തിലും അധരത്തിലും! അതെ, കുരിശ് വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ പിന്നാലെ പോകാൻ അനേകർക്ക് പ്രചോദനമാകുകയാണ് ഫാ. സോജന്റെ ജീവിതം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?