Follow Us On

20

March

2023

Monday

ഫ്രാൻസിസ് പാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് മണിക്കൂറുകൾ മാത്രം; വിപുലമായ ഒരുക്കങ്ങളോടെ ശാലോം വേൾഡും!

ഫ്രാൻസിസ് പാപ്പയുടെ ആഫ്രിക്കൻ പര്യടനത്തിന് മണിക്കൂറുകൾ മാത്രം; വിപുലമായ ഒരുക്കങ്ങളോടെ ശാലോം വേൾഡും!

വത്തിക്കാൻ സിറ്റി: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി കഴിയുന്ന ജനസമൂഹത്തിന് ഇടയിലേക്ക് സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും (ഡി.ആർ.സി) സൗത്ത് സുഡാനും. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഈ രണ്ട് രാജ്യങ്ങളിലും പര്യടനം നടത്തുന്നത്.

പര്യടനത്തിന്റെ ആദ്യ വേദിയായ ഡി.ആർ.സിയിൽ പാപ്പ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം ലോകമെങ്ങും എത്തിക്കാൻ ശാലോം വേൾഡും ഒരുങ്ങിക്കഴിഞ്ഞു. പര്യടനം തത്സമയം ലഭ്യമാക്കുന്നതിനൊപ്പം പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, ഫീച്ചേർഡ് പ്രോഗ്രാമുകൾ എന്നിവയും ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്നുണ്ട്. നാളെ (ജനുവരി 31) പ്രാദേശിക സമയം വൈകീട്ട് 3.00നാണ് (ഇന്ത്യൻ സമയം 7.15 PM) പാപ്പ ഡി.ആർ.സിയിൽ ആഗതനാകുന്നത്.

‘എല്ലാം ക്രിസ്തുവിൽ അനുരജ്ഞിതരായി’ എന്നതാണ് ഫെബ്രുവരി മൂന്നുവരെ നീളുന്ന ഡി.ആർ.സി പര്യടനത്തിന്റെ ആപ്തവാക്യം; ‘എല്ലാവരും ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’ എന്നതാണ് ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയുള്ള സൗത്ത് സുഡാൻ പര്യടനത്തിന്റെ ആപ്തവാക്യം. മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ ആംഗ്ലിക്കൻ സഭാധ്യക്ഷൻകൂടിയായ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി സൗത്ത് സുഡാൻ പര്യടനത്തിൽ പാപ്പയെ അനുഗമിക്കുന്നു എന്നതും ശ്രദ്ധേയം.

ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് വെൽബിയും ചേർന്ന് നടത്തിയ ഇടപെടലുകളാണ്, ആഭ്യന്തര കലാപങ്ങൾ പതിവായിരുന്ന സൗത്ത് സുഡാനിൽ സമാധാനം സംജാതമാക്കിയത്. രണ്ടു രാജ്യങ്ങളിലെയും ഭരണാധിപന്മാർ, സഭാനേതാക്കൾ, അൽമായർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്നവരെയും പാപ്പ സന്ദർശിക്കും. കൂടാതെ, പൊതുവേദികളിൽ ദിവ്യബലി അർപ്പിക്കുന്ന പാപ്പ, എക്യുമെനിക്കൻ പ്രാർത്ഥനയ്ക്കും നേതൃത്വവും നൽകും.

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്ന് 2011ൽ സ്വതന്ത്രമായ 10 സംസ്ഥാനങ്ങൾ ചേർന്ന പ്രദേശമാണ് സൗത്ത് സുഡാൻ. ഒരു കോടിയിൽപ്പരം വരുന്ന ഇവിടത്തെ ജനസംഖ്യയിൽ 37%വും കത്തോലിക്കരാണ്. കത്തോലിക്കാ സഭ എന്ന നിലയിൽ സുഡാനും സൗത്ത് സുഡാനും ഒരേ മെത്രാൻ സമിതിക്ക് കീഴിലാണ്. ഒൻപതു കോടി ജനങ്ങളുള്ള കോംഗോയിൽ പകുതിയും കത്തോലിക്കരാണ്.

സൗത്ത് സുഡാൻ സന്ദർശിക്കുന്ന ആദ്യത്തെ കത്തോലിക്കാ സഭാ തലവനാകും ഫ്രാൻസിസ് പാപ്പ. എന്നാൽ ഇത് രണ്ടാം തവണയാണ് കോംഗോ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. 1980ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ കോംഗോയിൽ പര്യടനം നടത്തിയിരുന്നു. സയർ എന്നായിരുന്നു അന്ന് രാജ്യത്തിന്റെ പേര്. ഡി.ആർ.സി- സൗത്ത് സുഡാൻ പര്യടനം 2022 ജൂലൈയിൽ നടക്കേണ്ടതായിരുന്നു. അത് മാറ്റിവെച്ചപ്പോൾ മുതൽ ആരംഭിച്ച പ്രാർത്ഥനകൾ ഇപ്പോൾ സഫലമാകുമ്പോൾ, പാപ്പയെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കവും പൂർത്തിയാക്കിക്കഴിഞ്ഞു ഇരു രാജ്യങ്ങളും.

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ‘ശാലോം വേൾഡ്’ ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?