Follow Us On

24

December

2024

Tuesday

ചരിത്രപരമായ തീരുമാനം! യുക്രേനിയൻ കത്തോലിക്കാ സഭയിലും ഇനി മുതൽ ക്രിസ്മസ് ദിനം ഡിസംബർ 25തന്നെ

ചരിത്രപരമായ തീരുമാനം! യുക്രേനിയൻ കത്തോലിക്കാ സഭയിലും ഇനി മുതൽ ക്രിസ്മസ്  ദിനം ഡിസംബർ 25തന്നെ

കീവ്: ഈ വർഷം മുതൽ, ലാറ്റിൻ ആരാധനക്രമം പിന്തുടരുന്ന റോമൻ കത്തോലിക്കാ സഭയ്‌ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ. ഫെബ്രുവരിയുടെ ആദ്യ ദിനങ്ങളിൽ ലിവിൽ സമ്മേളിച്ച യക്രേനിയൻ ഗ്രീക്ക് കാത്തലിക് ചർച്ച് (യു.ജി.സി.സി) സിനഡിലാണ് സുപ്രധാനമായ മാറ്റം കൈക്കൊണ്ടത്.

ലത്തീൻ ആരാധനക്രമം പിന്തുടരുന്ന റോമൻ സഭയും 23 പൗരസ്ത്യ സഭകളും ചേർന്ന ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ പൗരസ്ത്യ സഭയാണ് യുക്രേനിയൻ കത്തോലിക്കാ സഭ. റോമൻ സഭയുടെ ഭാഗമാണെങ്കിലും ജൂലിയൻ കലണ്ടർ പ്രകാരമുള്ള ആരാധനക്രമം പിന്തുടരുന്നതിനാൽ, ഇതര ഓർത്തഡോക്‌സ് സഭകളെപ്പോലെ ജനുവരി ഏഴിനായിരുന്നു ഇതുവരെ യുക്രേനിയൻ കത്തോലിക്കാ സഭയിൽ ക്രിസ്മസ് ആഘോഷം.

റോമൻ കത്തോലിക്കാ സഭ പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വിശേഷദിനങ്ങൾ ആചരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതിലൂടെയാണ് യുക്രേനിയൻ കത്തോലിക്കാ സഭയിൽ ക്രിസ്മസ് ദിനം പുനക്രമീകരിക്കപ്പെട്ടത്. ഇതുപ്രകാരം ജനുവരി 19ന് ആചരിച്ചിരുന്ന എപ്പിഫനി തിരുനാൾ ജനുവരി ആറിന് ആചരിക്കാനും യു.ജി.സി.സി തീരുമാനിച്ചു.

യുക്രേനിയൻ കത്തോലിക്കാ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പുതുക്കിയ കലണ്ടർ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിലാക്കാനും സിനഡിൽ തീരുമാനമായി. എന്നാൽ ഇടവകകൾക്ക് അതത് ബിഷപ്പുമാരുടെ അനുമതിയോടെ ക്രമേണ മാറിയാൽ മതിയെന്നും സിനഡ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഉയിർപ്പ് തിരുനാളും അനുബന്ധിച്ചുള്ള വിശേഷാൽ ദിനങ്ങളും ജൂലിയൻ കലണ്ടർ പ്രകാരം തന്നെയാണ് ആചരിക്കുക. മാത്രമല്ല, നിലവിലെ തീരുമാനത്തോട് പെട്ടന്ന് മാറാൻ കഴിയാത്ത ഇടവകകൾക്ക് 2025വരെ ജൂലിയൻ കലണ്ടർ തുടരാനുമുള്ള അനുമതിയും നൽകിയിട്ടുണ്ട്.

വിശ്വാസികളുടെ അഭ്യർത്ഥനകൾ കണക്കിലെടുത്ത്, യുക്രേനിയൻ കത്തോലിക്കാ സഭയുടെ ആരാധനാ കലണ്ടർ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിവിധ തലങ്ങളിൽ നടത്തിയ കൂടിയാലോചനകളുടെ ഫലമാണ് പുതിയ മാറ്റം. എന്തായാലും ഈ വർഷം രണ്ട് ക്രിസ്മസ് ആഘോഷിക്കാനുള്ള അസുലഭ ഭാഗ്യവും യുക്രേനിയൻ കത്തോലിക് സഭയ്ക്ക് ലഭിക്കും- ജൂലിയൻ കലണ്ടർ പ്രകാരം 2023 ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ച വിശ്വാസീസമൂഹം 2023 ഡിസംബർ 25ന് വീണ്ടും ക്രിസ്മസ് ആഘോഷിക്കും!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?