വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണത്തിന്റെ 10-ാം പിറന്നാളിന് ഒരു മാസം മാത്രം ശേഷിക്കേ, ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി ‘നന്മ നിറഞ്ഞ മറിയമേ…’ ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം. പ്രാർത്ഥനാമഞ്ജരിയാൽ കൊരുത്ത 10-ാം പിറന്നാൾ സമ്മാനം പാപ്പയ്ക്ക് നൽകാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ പ്രാർത്ഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2013 മാർച്ച് 13നാണ് ഫ്രാൻസിസ് പാപ്പ വിശുദ്ധ പേ്രതാസിന്റെ 266-ാം പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്.
‘ഡിജിറ്റൽ സിനഡ്’ എന്ന പേരിൽ വിശേഷിപ്പിക്കുന്ന ഓൺലൈൻ പ്രാർത്ഥനാ സംരംഭത്തിനായി decimus-annus.org എന്ന വെബ് ലിങ്കാണ് ഒരുക്കിയിരിക്കുന്നത്. മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കാനുള്ള അവസരവും ഓൺലൈൻ സൗകര്യത്തെ ആകർഷകമാക്കുന്നുണ്ട്. ഈ വെബ് ലിങ്കിൽ കയറിയശേഷം, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന എത്ര പ്രാവശ്യം ചൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ, മെഴുകുതിരികൾ ഓൺലൈനായി തെളിയും.
വെബ് പേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭൂപടത്തിൽ നാം പ്രതിനിധാനം ചെയ്യുന്ന രാജ്യത്ത് മെഴുകുതിരി പ്രകാശിക്കുന്നത് കാണാനാകും എന്നതും ആകർഷകമാണ്. ഈ പദ്ധതിയിൽ പങ്കുചേരുന്നതിനൊപ്പം ഇതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കാനുള്ള അവസരവും വെബ് പേജിലുണ്ട്. ‘ദൈവകൃപയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് പാപ്പയ്ക്കുവേണ്ടി ചൊല്ലിയ നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥനകൾക്ക് അനുസരിച്ച് പ്രകാശിച്ച മെഴുകുതിരികൾ രേഖപ്പെടുത്തിയ ഭൂപടത്തിന്റെ ചിത്രം പാപ്പയ്ക്ക് സമ്മാനിക്കുമെന്നും സംഘാടകർ വെളിപ്പെടുത്തി.
‘പത്രോസിന്റെ പിൻഗാമിയായ സാർവത്രിക സഭയെ നയിക്കുന്ന പാപ്പ ഈ ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിയും കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ പിതാവുമാണ്. അതിനാൽ പാപ്പയ്ക്കായി പ്രാർത്ഥിക്കേണ്ടതും നമുക്കായി ചെയ്യുന്ന സേവനങ്ങൾക്കു നന്ദി പറയേണ്ടതും നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. തന്റെ സഭയെ ഈ പാറമേൽ ഉറപ്പിച്ചു നിർത്തുന്ന ദൈവത്തോട് നാം നന്ദിയുള്ളവരുമായിരിക്കണം,’ പ്രാർത്ഥനാ സംരംഭത്തിന്റെ പ്രകാശനവേളയിൽ സംഘാടകർ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *