Follow Us On

23

December

2024

Monday

തേടിയത് കഴുതയെ, കിട്ടിയത് കിരീടം

''ജീവിത യാത്രയ്ക്കിടയിൽ നമ്മിൽ പലതും വന്നുചേരും. പദവിയും അംഗീകാരവും അഭിഷേകവും പരവതാനിയും അങ്ങനെ പലതും. പക്ഷേ, ഇതൊന്നും നമ്മെ കണ്ടെത്താൻ മതിയാകുമെന്ന് കരുതരുത്.'' -ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 18

തേടിയത് കഴുതയെ, കിട്ടിയത് കിരീടം

”ഞാനൊരു യുവാവായിരുന്ന കാലഘട്ടം. ഒരു വൈദികനാകണം എന്ന ആഗ്രഹം മനസിലെവിടെയോ ആദിമുതലുണ്ടായിരുന്നു. തുടര്‍ന്ന്, സെമിനാരിയില്‍ ആയിരുന്നപ്പോഴും യൂണിവേഴ്‌സിറ്റി പഠനം നടത്തുമ്പോഴും ഈ ലക്ഷ്യത്തിലെത്തിച്ചേരാന്‍ യാത്ര ചെയ്യുമ്പോഴും എന്റെ ആഗ്രഹം എത്രകണ്ട് ഉറപ്പുള്ളതായിരുന്നു എന്നെനിക്കു കണ്ടെത്തേണ്ടിയിരുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കുമായിരുന്നു: ഈ മാര്‍ഗമാണോ യഥാര്‍ത്ഥത്തില്‍ ഞാന്‍ സ്വീകരിക്കേണ്ടത്? ഇതായിരുന്നോ എന്നെക്കുറിച്ചുള്ള ദൈവഹിതം? ദൈവത്തോടു വിശ്വസ്തനായിരിക്കാനും അവിടുത്തെ ശുശ്രൂഷയോടു പൂര്‍ണമായും സഹകരിക്കാനും എനിക്കു കഴിയുമോ? ഏറെ വെല്ലുവിളിയുണ്ട് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേരാന്‍. പിന്നീടു എനിക്കുറപ്പുകിട്ടി. ഇതാണ് എന്നെക്കുറിച്ചുള്ള ദൈവഹിതം. ഇതു പൂര്‍ത്തിയാക്കാനുള്ള ശക്തി ദൈവമെനിക്കു തരും. ദൈവത്തെ ശ്രവിക്കാനും അവിടുത്തോടൊപ്പം ചരിക്കാനുമായാല്‍ എനിക്കു തീര്‍ച്ചയായും ഞാനാകാന്‍ കഴിയും.”

(ബെനഡിക്ട് പതിനാറാമന്‍ പാപ്പ, 26-ാമത് ലോക യുവജനസംഗമം, 06 ആഗസ്റ്റ് 2010.)

‘സാമുവേൽ ചോദിച്ചു: സ്വന്തം ദൃഷ്ടിയിൽ നിസാരനെങ്കിലും ഇസ്രായേൽ ഗോത്രങ്ങളുടെ നേതാവല്ലേ നീ,’ (1 സാമു. 15:17)

നിങ്ങൾ തേടുന്നവ ആകണമെന്നില്ല നിങ്ങളെ തേടിയെത്തുന്നവ. അന്വേഷിക്കുന്നത് ഒന്ന്, കണ്ടെത്തുന്നത് മറ്റൊന്ന്. യാത്രയ്ക്കിടയിൽ നിങ്ങളിൽ വന്നുചേരുന്ന ചിലതിൽ മതിമറന്നുപോയാൽ നിങ്ങൾക്ക് നിങ്ങളെത്തന്നെ നഷ്ടപ്പെടുമെന്നറിയുക.

ഇതറിയാൻ സാവൂളിന്റെ ജീവിതം വായിച്ചാൽ മതി. ബെഞ്ചമിൻ ഗോത്രത്തിലെ കിഷിന്റെ മകനാണ് സാവൂൾ. അപ്പന്റെ കഴുതകളെ കാണാതായപ്പോൾ പറഞ്ഞുവിട്ടതാണ് അവനെ, അവയെ തേടിപ്പിടിക്കാൻ. കൂട്ടത്തിൽ ഒരു വേലക്കാരനെയും അയച്ചു. അന്വേഷണം ഏതാണ്ട് വഴിമുട്ടി. കഴുതയുടെ ഒരു തുമ്പും ഇല്ല.

തിരിച്ചുപോകാമെന്നായി ഈ ചെറുപ്പക്കാരൻ. അപ്പോഴാണ്, ആ നാട്ടിലെ ഒരു ദീർഘദർശിയെ കണ്ടാൽ കാര്യം നടക്കുമെന്നറിഞ്ഞത്. ആ ദൈവപുരുഷൻ സാമുവേലായിരുന്നു. വഴിയിൽവെച്ചുതന്നെ ഇദ്ദേഹത്തെ കണ്ടുമുട്ടി. കാര്യം അവതരിപ്പിക്കുംമുമ്പേ സാമുവേൽ, മൂന്നു ദിവസം മുമ്പു നഷ്ടമായ കഴുതകളെക്കുറിച്ചോർത്ത് ദുഃഖിക്കേണ്ട എന്നും ഭക്ഷണത്തിന് കൂടെ വരിക എന്നും പറഞ്ഞു.

പിന്നെ നടന്നത് സാവൂളിന് ചിന്തിക്കാൻ പോലും കഴിയാത്തതായിരുന്നു. കർത്താവ് തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു എന്നു പറഞ്ഞ് അഭിഷേകം ചെയ്യാനൊരുങ്ങുകയാണ് സാമുവേൽ. കഴുതയെ അന്വേഷിച്ചിറങ്ങിയവനായിരുന്നു സാവൂൾ. എന്നാൽ,അവനെ തേടിയെത്തിയത് രാജകിരീടവും അഭിഷേകതൈലവും.

അപ്പുറത്ത് സാമുവേലും ഒരന്വേഷണത്തിലായിരുന്നു. ദൈവനിവേശിതമായൊരു അന്വേഷണം. തന്റെ ജനത്തെ നയിക്കാൻ ഇസ്രായേലിനൊരു രാജാവിനെ വേണം. സത്യത്തിൽ രാജാവുമൂലം നിങ്ങൾ ഏറെ വിലപിക്കും (1 സാമു. 8:18) എന്ന് ദൈവം മുന്നറിയിപ്പ് നൽകിയിട്ടും ജനം രാജാവിനായി മുറവിളി കൂട്ടി. ‘ഞങ്ങൾക്കും മറ്റുള്ള ജനതകളെപ്പോലെ ആകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങൾക്കുവേണ്ടി പടവെട്ടുകയും ചെയ്യണം,’ (1 സാമു 8:20).

സാമുവേലിന്റെ വിളി രാജാവിനെ തേടുകയും അവനെ അഭിഷേചിക്കുകയും ചെയ്യുക എന്നതായിരുന്നു. പ്രവാചകൻ തേടിയത് അവന്റെ മുമ്പിലെത്തി. ഇസ്രായേലിൽ സാവൂളിനേക്കാൾ കോമളനായി മറ്റാരുമില്ലായിരുന്നു. എന്നിട്ടും, ദൈവത്തിന്റെ സ്വരം കേട്ടു മുന്നോട്ടു പോകാൻ സാവൂൾ പരാജയപ്പെട്ടതുകൊണ്ട് രാജ്യം അവന്റെ കരങ്ങളിൽ നിന്നെടുത്ത് ദാവീദിനു കൈമാറി (1 സാമു. 28:18).

ശരിയാണ്, കഴുതയെ തേടിയിറങ്ങിയവൻ രാജാവായി. പക്ഷേ, അതിൽ അവന്റെ അന്വേഷണം ഒടുക്കിയതുകൊണ്ട് അവന്റെ ജീവിതം ആത്മഹത്യയിൽ അവസാനിച്ചു. ആകസ്മികമായൊരുനാൾ അഭിഷേകതൈലം ശിരസിൽ പതിഞ്ഞപ്പോൾ അവൻ എല്ലാമായെന്നു കരുതി. അവനെ കണ്ടെത്താൻ സാവൂളിനു കഴിഞ്ഞില്ല. തന്നെത്തന്നെ കണ്ടെത്താൻ സാമുവേലിന്റെ അഭിഷേക തൈലത്തിനാവില്ല എന്ന് അവനറിഞ്ഞില്ല.

ജീവിത യാത്രയ്ക്കിടയിൽ നമ്മിൽ പലതും വന്നുചേരും. പദവിയും അംഗീകാരവും അഭിഷേകവും പരവതാനിയും അങ്ങനെ പലതും. പക്ഷേ, ഇതൊന്നും നമ്മെ കണ്ടെത്താൻ മതിയാകുമെന്ന് കരുതരുത്. സാവൂളിനെ ഇസ്രായേലിന്റെ രാജാവാക്കിയതിൽ ദൈവം ദുഃഖിച്ചതിന്റെ കാരണമെന്താകാം?

അവനിലേക്ക് ഒഴുകിയിറങ്ങിയ അഭിഷേക തൈലത്തിലേക്ക് അവൻ ഉയർന്നില്ല. തന്നിലെത്തിയ അധികാരത്തിന്റെ ഗർവ്വിൽ അവൻ തന്നെത്തന്നെ മറന്നു. എല്ലാ അന്വേഷണങ്ങളും പാതിവഴിയെ നിറുത്തി. വന്നുചേർന്ന കൃപകളെ വിഗ്രഹതുല്യം പൂജിക്കുന്നവരുടെ തലവരയാണിത്. മുന്നോട്ടുപോവുക, നിത്യതയിൽ അണയുംവരെ ഈ അന്വേഷണവഴിയിൽ നാം മുന്നോട്ടുപോകണം.

കിഷിന്റെ മകൻ സാവൂൾ ഇസ്രായേലിന്റെ പ്രഥമ രാജാവായി. പക്ഷേ, അവന് അവനെ കണ്ടെത്താനായില്ല. അവന്റെ കുറവും അവനിലെ നന്മയും ധ്യാനിക്കാനായില്ല. ഒടുക്കം, അതവന്റെ ആത്മനാശത്തിൽ കലാശിച്ചു.

ലഹരിക്ക് അടിമപ്പെട്ടു എന്ന കാരണത്താൽ സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു വൈദികനുണ്ടായിരുന്നു വെനീസിൽ. ഒരു ശിക്ഷയും കാര്യമായ മാറ്റം അയാളിൽ ഉണ്ടാക്കിയില്ല. അങ്ങനെയിരിക്കെ ഒരു സന്ധ്യയിൽ ബാറിലിരുന്ന് സകലതും അകത്താക്കുമ്പോൾ, ആരോ വന്ന് തട്ടി വിളിച്ചു: ‘പുതുയ ബിഷപ്പ് നിങ്ങളെ കാത്ത് പുറത്തുനിൽപ്പുണ്ട്.’

ചുമ്മാ പറയുന്നെന്നു പറഞ്ഞുകൊണ്ട് അയാൾ അടുത്ത കുപ്പിയിൽനിന്ന് ഊറ്റി കുടിക്കാൻ തുടങ്ങി. അപ്പോഴാണ്, തോളിൽ ആരുടെയോ കൈ വന്നു വീണതറിഞ്ഞത്. ശരിക്കും ബിഷപ്പുതന്നെ. കർദിനാൾ റോൺകലി. പുറത്തേക്ക് വരാൻ പറഞ്ഞു. പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസേരയിൽ അയാളെ ഇരുത്തിയിട്ട് ബിഷപ്പ് മുട്ടുകുത്തി, കുമ്പസാരിക്കാൻ. എന്റെ പിഴയെന്നു ചൊല്ലി ആശീർവാദത്തിനായി കാത്തുനിൽക്കുന്ന ഈ വന്ദ്യദേഹത്തിന്റെ മീതെ ചെറുപ്പക്കാരനായ ആ വൈദികന്റെ കണ്ണീർ വീഴാൻ തുടങ്ങി.

ആശീർവാദം സ്വീകരിച്ച് എഴുന്നേറ്റപ്പോൾ അയാളെ ചേർത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു; ‘ഇതിനാണ് മകനെ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.’ അന്ന്, ആ വൈദികൻ തന്നെത്തന്നെ കണ്ടെത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?