Follow Us On

23

January

2025

Thursday

ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടും ആയിരങ്ങൾ  കത്തോലിക്കാ വിശ്വാസം സ്വീകരിക്കും

ഫിലാഡൽഫിയ: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ക്രിസ്തുവിശ്വാസം നെഞ്ചോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത്തവണ ഈസ്റ്റർ തിരുക്കർമമധ്യേ ലോകമെമ്പാടുമായി ആയിരക്കണക്കിനാളുകളാണ് കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കാൻ തയാറെടുക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിവിധ രൂപതകളിൽനിന്നുള്ള പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള കണക്കാണിത്.

ജീവിതയാത്രയ്ക്കിടെ ക്രിസ്തുവിനെ അടുത്തറിഞ്ഞും സഭാവിശ്വാസത്തിൽ ആകൃഷ്ടരായും നിരവധിപേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാറുണ്ട്. മുതിർന്നവരുടെ മാമ്മോദീസാ സ്വീകരണത്തിനായി ഏറ്റവും ഉചിതമായ സമയം ഈസ്റ്റർ തിരുക്കർമ മധ്യേയാണ്. മാമ്മോദീസ സ്വീകരിക്കാത്തവർ, മാമ്മോദീസ സ്വീകരിച്ചെങ്കിലും വിശ്വാസജീവിതം നയിക്കാതിരുന്നവർ എന്നിങ്ങനെ രണ്ട് വിഭാഗത്തിലുള്ളവരാണ് തക്കതായ പരിശീലനം പൂർത്തിയാക്കി ഈസ്റ്റർ തിരുക്കർമ മധ്യേ ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത്.

നിരവധി മാസങ്ങൾ നീണ്ടുനിൽക്കുന്ന, ഇവർക്കുവേണ്ടിയുള്ള വിശ്വാസ പരിശീലനത്തിന് ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനിസേഷ്യൻ ഓഫ് അഡൽട്ട്’ (ആർ.സി.ഐ.എ) എന്നാണ് പറയുക. മാമ്മോദീസ സ്വീകരിക്കാത്തവരെ ‘കാറ്റക്കുമൻസ്’ എന്നും മാമ്മോദീസ സ്വീകരിച്ചെങ്കിലും വിശ്വാസജീവിതം നയിക്കാതിരുന്നവരെ ‘കാൻഡിഡേറ്റ്’ എന്നുമാണ് പറയുക.

യു.എസിലെ ഫോർട്ട്‌വർത്ത് രൂപതയിൽ 297 കാൻഡിഡേറ്റ്‌സും 452 കാറ്റെക്കുമൻസുമാണ് പരിശീലനം നടത്തുന്നത്. സെന്റ് പീറ്റേഴ്സ്ബർഗ് രൂപതയിൽ 350ൽപ്പരം പേർ പരിശീലനം നടത്തുന്നു. ഫിലാഡൽഫിയ അതിരൂപതയിൽ 200ൽപ്പരം കാറ്റക്കുമൻസും 235ൽപ്പരം കാൻഡിഡേറ്റ്‌സുമുണ്ട്. ഗ്രാൻഡ് റാപ്പിഡ്സ് രൂപതയിൽ ഇത് യഥാക്രമം 126ഉും 180മാണ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേൻ അതിരൂപതയിൽ 140പേരും സിഡ്നി അതിരൂപതയിൽ 200 പേരും പരിശീലനത്തിലുണ്ട്. ബ്രിട്ടണിലെ വെസ്റ്റ്മിൻസ്റ്റർ രൂപതയിൽ 350 പേരാണുള്ളത്.

കാറ്റക്കുമൻസിന് മാമ്മോദീസ, ആദ്യകുർബാന, സൈ്ഥര്യലേപനം എന്നീ കൂദാശകൾ നൽകിയാണ് സഭയിലേക്ക് സ്വീകരിക്കുക. ‘കാൻഡിഡേറ്റ്‌സ്’ മാമ്മോദീസ മുമ്പേ സ്വീകരിച്ചിട്ടുള്ളതിനാൽ വിശ്വാസപ്രഖ്യാപനമാണ് അവരുടെ സഭാ പ്രവേശനത്തിന്റെ ആദ്യപടി. തുടർന്ന് ആദ്യ കുർബാനയും സൈ്ഥര്യലേപനവും നൽകി അവരെ സഭയുടെ പൂർണ അംഗത്വത്തിലേക്ക് സ്വീകരിക്കും.

അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ രൂപതകളിൽനിന്നുള്ള കണക്കുകൾ വരുംദിനങ്ങളിൽ പുറത്തുവരുമ്പോൾ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകും. കോവിഡ് മഹാമാരിക്കുമുമ്പ്, 2019ലെ ഈസ്റ്റർ ദിനത്തിൽ യു.എസിൽനിന്നുമാത്രം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണം 35,000ൽപ്പരമായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?