Follow Us On

19

April

2024

Friday

വചനത്തിൽ വേരുന്നിയ ജോസഫ്

'ദാമ്പത്യബന്ധത്തിലെ വികലതകൾ അകറ്റാൻ യൗസേപ്പിന്റെ അടുത്തേക്കു പോകാം. ദൈവസ്വരം ശ്രവിക്കേണ്ടത് എങ്ങനെയെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കും,'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 23

വചനത്തിൽ വേരുന്നിയ ജോസഫ്

”നീതിമാന്റെ ലക്ഷണമായി ഒന്നാം സങ്കീർത്തനം കാണുന്നത് അവൻ ദൈവത്തിന്റെ വചനമായ ന്യായപ്രമാണം പാലിക്കുന്നതിൽ സന്തോഷവാനാണ് എന്നാണ്. നീതിമാൻ തന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത് വളക്കൂറുള്ളതും നനവുള്ളതുമായ മണ്ണിലേക്കാണ്- അത് ദൈവവചനമാണ്. ദൈവത്തിൽനിന്ന് വരുന്ന വാർത്ത തുറന്ന മനസോടെയാണ് അവിടുന്ന് സ്വീകരിക്കുന്നത്‌. നിയമത്തെ സുവിശേഷമായി ജീവിക്കുന്നനാണ് ജോസഫ്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം)

സന്താപമല്ലേ സന്തോഷത്തിന്റെ മാതാവ്! ക്രിസ്തുവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ താൻ നടന്ന വഴികളിലൂടെ കൂട്ടിക്കൊണ്ടുപോകാൻ അവിടുത്തേക്ക് ഇഷ്ടമാണ്. കനൽ നിറഞ്ഞ വഴിയിലൂടെ നടത്തിക്കൊണ്ട് നിരന്തരം ഒരത്ഭുതമായി ജീവിക്കാൻ നമ്മെ അനുവദിക്കുന്ന ദൈവം. ജീവിതത്തോട് മല്ലിട്ടും ജീവിതത്തിന്റെ ഊണുമേശയിൽ വിളമ്പിത്തരുന്ന വിഭവങ്ങളെ പരാതികൂടാതെ സ്വീകരിച്ചും മുന്നേറിയ കുടുംബമല്ലേ തിരുക്കുടുംബം. ഗാഢമായ മൗനത്തിൽ ദൈവത്തിന്റെ മനസ്സറിഞ്ഞ് നടന്നുനീങ്ങിയ ആശാരിയായ ഒരപ്പനും ജീവിതനിയോഗം പൂർത്തിയാക്കാൻ കഷ്ടപ്പെടുന്ന ഒരമ്മയും അവരുടെയും മാനവരാശിയുടെയും എക്കാലത്തെയും ആനന്ദമായ ഒരു കുഞ്ഞും ചേർന്ന സംഭവകഥയാണിത്.

വിശുദ്ധ യൗസേപ്പിനെ ധ്യാനിക്കുമ്പോൾ നൂറ്റാണ്ടുകളായി ചെയ്യുന്ന ഒരു ആത്മീയ അഭ്യാസത്തിന്റെ ഹൃദയം തേടുകയാണിവിടെ; മാർ യൗസേപ്പിന്റെ സന്താപസന്തോഷങ്ങൾ. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ ആരംഭം. വ്യക്തമായ ദൈവിക ഇടപെടലിന്റെ സാക്ഷ്യമുണ്ടാകുമല്ലോ ഏതൊരു ഭക്താഭ്യാസത്തിന്റെ പിന്നിലും. ബെൽജിയത്തുവച്ച് ഒരു കപ്പൽഛേദനത്തിൽപ്പെട്ട ഏതാനും യാത്രികർ, അവരിൽ പലരും അന്നുതന്നെ മരണമടഞ്ഞു. രണ്ടു ഫ്രാൻസിസ്‌കൻ സന്യാസികൾ എവിടെയോ കിട്ടിയ ഒരു വസ്തുവിൽ പിടിച്ചു കിടന്നു.

രണ്ടുദിവസം ജീവനും മരണത്തിനുമിടയിൽ കഷ്ടിച്ചു പിടിച്ചുനിന്ന ഇവരെത്തേടി ഒരു മനുഷ്യനെത്തി, കരയ്ക്കടിപ്പിച്ചു. പേരു തിരക്കിയപ്പോൾ വിശുദ്ധ യൗസേപ്പാണ്. ആദരസൂചകമായും നന്ദിയായും രൂപപ്പെടുത്തിയ ഭക്താഭ്യാസമാണ് യൗസേപ്പിന്റെ വ്യാകുലങ്ങളെക്കുറിച്ചള്ള ധ്യാനം. പതിനെട്ടാം നൂറ്റാണ്ടിൽ വാഴ്ത്തപ്പെട്ട ജാനുവരിയൂസ് സർനേലി വ്യാകുലങ്ങൾക്കൊപ്പം ആനന്ദങ്ങളും കൂട്ടിച്ചേർത്തു. ഇതു മനോഹരമായൊരു പ്രാർത്ഥനാശൈലിയായി രൂപപ്പെടുകയും ചെയ്തു.

ഒന്നാം സന്താപം: മറിയത്തെ വേർപിരിയാനുള്ള തീരുമാനം (മത്തായി 1:17)

ഒന്നാം സന്തോഷം: മറിയത്തെ സ്വീകരിക്കാനുള്ള പ്രഖ്യാപനം (മത്തായി 1:20).

വിവാഹത്തിന്റെ ആദ്യപടി പിന്നിട്ട ഈ ദമ്പതികൾ വേർപിരിയാൻ ആലോചിക്കുന്നു എന്നു കേൾക്കുമ്പോഴെ നമ്മളെയത് വേദനിപ്പിക്കും. കാരണം, മാനവരാശിയിൽ ഇത്രയേറെ പവിത്രമായി സ്നേഹിച്ചിട്ടുള്ള ആരുമില്ല. നീതിമാന്റെ മനോവ്യഥയാണ് യൗസേപ്പിന്റേത്. യഹൂദ പാരമ്പര്യമനുസരിച്ച് പരസ്പരവാസം വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനിടെ എപ്പോൾ വേണമെങ്കിലുമാകാം. അതിനിവിടെ ഭാര്യ അവിശ്വസ്തത കാണിച്ചാൽ അവളെ ഒന്നുകിൽ പൊതുനിരത്തിൽ കല്ലെറിഞ്ഞു കൊല്ലാം. അല്ലെങ്കിൽ ശാന്തമായി ഉപേക്ഷിക്കാം.

ഇവിടെ മറിയത്തിന്റെ പരിശുദ്ധിയെക്കുറിച്ച് യൗസേപ്പിന് യാതൊരു സംശയവുമില്ല. മഞ്ഞിനെക്കാൾ നിർമലമാണിവൾ. ഇത്രയും പരിശുദ്ധിയും സുകൃതസമ്പന്നയുമായ ഒരുവളെ ജീവിതസഖിയായി ലഭിച്ചതുമൂലം ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ ആൾ താനാണെന്ന് അൽപ്പം മുമ്പുവരെ കരുതിയിരുന്ന ആളാണ് മനോവേദനയാൽ പുളയുന്നത്.

മറിയത്തിന്റെമേൽ ദൈവം ചെയ്ത വലിയ കാര്യം യൗസേപ്പ് തിരിച്ചറിഞ്ഞു. യൗസേപ്പിനെ വല്ലാതെയത് എളിമപ്പെടുത്തി. നീതിസൂര്യനെ വഹിക്കുന്ന ആ വിശുദ്ധ സ്ത്രീയുടെ ഭർത്താവാകാൻ തനിക്കാവില്ല.

‘കർത്താവേ. എന്നിൽനിന്ന് അകന്നുപോകണമേ, ഞാൻ പാപിയാണ്,’ എന്ന് നിലവിളിച്ച ശിമയോൻ പത്രോസിനെപ്പോലെയും ‘കർത്താവേ അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല,’ എന്ന് വിളിച്ചുപറഞ്ഞ ശതാധിപനെപ്പോലെയുമാണ് യൗസേപ്പ് (ലൂക്കാ. 5:8, 7:6) ദൈവത്തോടും മറിയത്തോടും നീതി കാണിക്കണമെങ്കിൽ അവളെ ഉപേക്ഷിക്കണം എന്നദ്ദേഹം ചിന്തിച്ചു. വിവാഹമോതിരം മടക്കിക്കൊടുക്കണം. എല്ലാംവിട്ട് എവിടെയെങ്കിലും പോവുക.

അസ്വസ്ഥമായ മനസോടെ പാതിമയക്കത്തിൽ കിടക്കുമ്പോഴാണ് സന്തോഷത്തിന്റെ ദൂതുമായി ദൈവശബ്ദം വരുന്നത്: ‘ജോസഫ്, നീ അവളെ ഭാര്യയായി സ്വീകരിക്കാൻ ഭയപ്പെടേണ്ട’ ആദ്യവ്യാകുലം ആനന്ദത്തിനു വഴിമാറി.

ദാമ്പത്യബന്ധത്തിലെ വികലതകൾ അകറ്റാൻ യൗസേപ്പിന്റെ അടുത്തേക്കു പോകാം. ദൈവസ്വരം ശ്രവിക്കേണ്ടത് എങ്ങനെയെന്ന് യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?