Follow Us On

28

March

2024

Thursday

മാനവരാശിയുടെ പ്രത്യാശ

'നമ്മുടെ സഹജരായ സകലരും ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് എന്ന ബോധ്യത്തോടെയാവണം നാം എല്ലാവരെയും കാണേണ്ടത്.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 25

മാനവരാശിയുടെ പ്രത്യാശ

‘മനുഷ്യൻ ആരെന്ന ചോദ്യത്തിനുള്ള സമ്പൂർണ ഉത്തരം ലഭിക്കുന്നത് യേശുവിൽ മാത്രമാണ്. സകല സൃഷ്ടികളും ലക്ഷ്യം വയ്ക്കുന്നത് അവിടുന്നിലേക്കാണ്. മനുഷ്യരെ അവരുടെ കഴിഞ്ഞകാല ചരിത്രത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാനാകില്ല. അവർക്ക് നിർണായകമായൊരു ഭാവിയുണ്ട്. ഭാവിയെ ലക്ഷ്യം വച്ചുള്ള അവരുടെ യാത്രയിലാണ് അത് പൂർണമായി വെളിവാകുന്നത്. ദൈവത്തിന്റെ ആനന്ദത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടവരാണ് നമ്മുടെ സഹജരായ സകലരും എന്ന വിധത്തിലാകണം നാം എല്ലാവരെയും കാണേണ്ടത്.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്നേഹമാകുന്നു, 2005)

മൂന്നാം സന്താപം: കുഞ്ഞിന്റെ പരിഛേദനം (ലൂക്കാ 2:21)

മൂന്നാം സന്തോഷം: യേശു എന്ന പേരു നൽകുന്നു (മത്താ 1:25)

യഹൂദനിയമപ്രകാരം, പിറന്നുവീഴുന്ന ശിശുവിന് എട്ടാം ദിവസം പരിഛേദനം നൽകണം (ലേവ്യ.12:3). പാപത്തിന് മരിച്ച് ദൈവത്തിനായി മാറ്റിനിർത്തപ്പെടുന്നതിന്റെ അടയാളമാണ് ഛേദന കർമം. അബ്രാഹമാണ് ആദ്യമായി ഛേദനത്തിന് വിധേയനായത് (ഉൽപ്പത്തി 17:10). പിന്നീട് പിറന്ന അബ്രാഹത്തിന്റെ സന്തതികളെല്ലാം ഇതിന് വിധേയരായി. ദൈവകുമാരൻ പാപരഹിതനല്ലേ, നിയമത്തിന് അതീതനുമല്ലേ. എങ്കിലും മനുഷ്യനെന്ന നിലയിൽ നിയമത്തിനു വിധേയനായി അവിടുന്ന്.

ആദിമ ഇസ്രായേലിൽ സ്വന്തം പിതാവാണ് ഇത് നിർവഹിക്കുന്നത്. യൗസേപ്പായിരിക്കും രക്ഷകന്റെ പരിഛേദനം നിർവഹിച്ചിരിക്കുന്നത് എന്ന വാദമൊഴി ബലപ്പെടുന്നതും ഇതുകൊണ്ടാണ്. എന്തായാലും ആദ്യമായി ശിശുവിന്റെ രക്തം ചൊരിയപ്പെട്ടു. മറിയവും യൗസേപ്പും അപ്പോൾ ചിന്തിച്ചത് കാൽവരിയിൽ സകലർക്കുമായി ചൊരിയാനിരിക്കുന്ന രക്തത്തെക്കുറിച്ച് ആയിരിക്കുമോ?

വീട്ടിൽ വച്ചാണ് ഈ ചടങ്ങ് നിർവഹിക്കപ്പെടുന്നത്. ബന്ധുജനങ്ങളും അയൽവാസികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇനി, കുഞ്ഞിന്റെ പേര് വെളിവാക്കലാണ്. യൗസേപ്പ് പറഞ്ഞു: ‘യേശു എന്നാണ് ഇവന്റെ പേര്!’ പാതാള ഗോപുരങ്ങൾ ഞെട്ടി വിറയ്ക്കുന്നതും മാനവരാശി പ്രത്യാശയാൽ നിറയുന്നതും ഈ നാമത്തിലാണല്ലോ. കുഞ്ഞിന് പേര് നൽകി യൗസേപ്പാണ് യേശുവിന്റെ നിയമപരമായ പിതാവ് എന്നത് അംഗീകരിക്കപ്പെട്ടു.

യേശുവെന്നാൽ രക്ഷകനെന്നർത്ഥം. രക്ഷകന്റെ പിതാവാകാനുള്ള വിളി ലഭിച്ചവൻ ക്ലേശകരമായ വഴികൾ പിന്നിടുന്നതു കാണുക. വിശുദ്ധ ബെർണാദ് പറയുന്നുണ്ട്, ‘മേരിയും യൗസേപ്പും അന്നുമുതൽ യേശുവെന്ന നാമം ഏറ്റു ചൊല്ലുന്നത് മനോഹരമായൊരു സംഗീതമായി മാറി.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?