Follow Us On

28

March

2024

Thursday

ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!

ഒറ്റ പ്രസവത്തിലെ മൂന്ന് മക്കൾ, മൂവരും ഇപ്പോൾ  കന്യാസ്ത്രീകൾ! അത്ഭുതമല്ല, മഹാത്ഭുതംതന്നെ ഈ ദൈവവിളി!

ബ്രസീൽ: ജനിച്ചത് ഒരുമിച്ച്, വളർന്നതും പഠിച്ചതും ഒരുമിച്ച്, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരുമിച്ച്, അതും ഒരേ സന്യാസസഭയിൽതന്നെ! അത്ഭുതമെന്നല്ല മഹാത്ഭുതം തന്നെയെന്ന് വിശേഷിപ്പിക്കാം ഒറ്റപ്രസവത്തിൽ ജനിച്ച ഈ മൂന്ന് സഹോദരിമാരുടെ സമർപ്പിത ജീവിതകഥ! സിസ്റ്റർ മരിയ ഗോരെറ്റെ ഡോസ് സാന്റോസ്, സിസ്റ്റർ മരിയ ഡി ലൂർദ് ഡോസ് സാന്റോസ്, സിസ്റ്റർ മരിയ അപാരെസിഡ ഡോസ് സാന്റോസ് എന്നിവരാണ് 57 വയസുകാരായ ആ അപൂർവ സഹോദരങ്ങൾ.

ബ്രസീലിയൻ സ്വദേശികളായ ഇവർ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സഭാംഗങ്ങളാണ്. ‘എ.സി.എ പ്രൻസ’ എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറിലൂടെയാണ് ഇവരുടെ കഥ ലോകം അറിഞ്ഞത്. ബ്രസീലിയൻ സംസ്ഥാനമായ ബാഹിയയിൽ 17 സഹോദരങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിലായിരുന്നു ഇവരുടെ ജനനം. വീട്ടിലെ പ്രാർത്ഥനാ അന്തരീക്ഷംകൊണ്ടു തന്നെയാകണം, കുട്ടിക്കാലം മുതൽ ഇവരുടെ ആഗ്രഹമായിരുന്നു വലുതാകുമ്പോൾ കന്യാസ്ത്രീകളാകണം എന്നത്.

‘ദൈവത്തിന് മാത്രം വിശദീകരിക്കാൻ കഴിയുന്ന എന്തോ ഒരു കാരണമായിരുന്നു തീവ്രമായ ഈ ആഗ്രഹത്തിനു പിന്നിൽ,’ സിസ്റ്റർ മരിയ ഡി ലൂർദ്സ് പങ്കുവെച്ചു. തങ്ങളുടെ ദൈവാലയത്തിലെത്തിയ ഇറ്റാലിയൻ മിഷണറി സിസ്റ്റർ റിക്കാർഡയുടെ സ്വാധീനവും സന്യാസം തിരഞ്ഞെടുക്കാൻ ഇവർക്ക് പ്രചോദനമായി. വിശ്വാസികളുടെ കൂട്ടായ്മകളിൽ ഇടവക വൈദീകനും സിസ്റ്റർ റിക്കാർഡയും സന്ദർശനം നടത്തുന്നത് പതിവായിരുന്നു.

ഇടവക വികാരി മുതിർന്നവരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ സിസ്റ്റർ റിക്കാർഡ കുട്ടികളെ അൾത്താരയ്ക്കു മുന്നിൽ വിളിച്ചുകൂട്ടി ദൈവാനുഭവങ്ങൾ പങ്കുവെക്കും. ‘വലുതാകുമ്പോൾ സിസ്റ്റർ റിക്കാർഡയെപോലൊരു കന്യാസ്ത്രീയാകണം എന്ന ആഗ്രഹം ഞങ്ങളിൽ കൂടുതൽ ശക്തമായി. പിന്നീട് ഞങ്ങളോടൊപ്പം ആ ആഗ്രഹവും വളരുകയായിരുന്നു,’ സിസ്റ്റർ മരിയ ഡി ലൂർദ്സ് വെളിപ്പെടുത്തി.

കന്യാസ്ത്രിയാകാൻ ആഗ്രഹിച്ചാൽ പൂർണ ഹൃദയത്തോടെ എല്ലാ മക്കളെയും ദൈവത്തിന് വിട്ടുകൊടുക്കുമെന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ആഗ്രഹം എങ്ങനെ സാധിച്ചുകൊടുക്കും എന്നതിനെ കുറിച്ച് വീട്ടിലുള്ളവർക്ക് ധാരണയുണ്ടായിരുന്നില്ലെന്ന് സിസ്റ്റർ മരിയ ഗോരെറ്റെ അനുസ്മരിച്ചു. പിന്നീട് അവരുടെ ഇടവകയിൽ ദിവ്യബലി അർപ്പണത്തിനെത്തിയ ഒരു വൈദികൻ ഇവരുടെ ആഗ്രഹം തിരിച്ചറിഞ്ഞതാണ് കന്യാസ്ത്രീമഠത്തിലേക്കുള്ള വഴി തുറക്കാൻ കാരണമായത്.

കുട്ടിക്കാലം മുതൽ ഇവർ മനസിൽ കൊണ്ടുനടന്ന ആഗ്രഹം, ഇവരെ കുറിച്ചുള്ള ദൈവഹിതമാണെന്ന് മനസിലാക്കിയ അദ്ദേഹം, സാൽവഡോർ ഡി ബഹിയയിലുള്ള കന്യാസ്ത്രീമഠത്തിൽ ചേരാൻ അവസരം ഒരുക്കുകയായിരുന്നു. തങ്ങളെ ദൈവവേലയ്ക്കായി തിരഞ്ഞെടുത്ത ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സഭയ്ക്കും സമൂഹത്തിനുംവേണ്ടിയുള്ള ശുശ്രൂഷകളിൽ വ്യാപൃതരാണ് ഈ മൂന്ന് സഹോദരിമാർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?