Follow Us On

06

May

2024

Monday

ഉഗ്രചൂടിലെ ദാഹം

''ദൈവത്തെ നേടാനുള്ള നമ്മുടെ ഹൃദയത്തിലെ ആഴമേറിയ അഭിവാഞ്ചയെ തൃപ്തിപ്പെടുത്താൻ തെറ്റായ മതാത്മക ആശയങ്ങൾക്ക് കഴിയില്ലെന്നറിയുക.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 30

ഉഗ്രചൂടിലെ ദാഹം

”ദൈവത്തിനും അവിടുന്നു വാഗ്ദാനം ചെയ്യുന്ന രക്ഷയ്ക്കും മാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു ദാഹം എല്ലാ മനുഷ്യരിലും അന്തർലീനമായി കിടപ്പുണ്ട്. ക്രിസ്തു നൽകുന്ന ജലത്തിനു മാത്രമേ അനന്തമായ ആ ദാഹം ശമിപ്പിക്കാനാകൂ. നാം ദൈവത്തിനായി ദാഹിക്കാൻ ദൈവം ഏറെ ദാഹിക്കുന്നു. കാരണം, യഥാർത്ഥ ആനന്ദം കണ്ടെത്താൻ അവിടുന്നിൽ നാമർപ്പിക്കുന്ന വിശ്വാസം വളരെ പ്രധാനമാണ്. ദൈവത്തെ നേടാനുള്ള നമ്മുടെ ഹൃദയത്തിലെ ആഴമേറിയ അഭിവാഞ്ചയെ തൃപ്തിപ്പെടുത്താൻ തെറ്റായ മതാത്മക ആശയങ്ങൾക്ക് കഴിയില്ലെന്നറിയുക.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 24 ഫെബ്രുവരി 2008)

ജീവിതത്തിലെ ദാഹങ്ങളും മോഹങ്ങളും ശമിപ്പിക്കാൻ എത്രയെത്ര ഇടങ്ങളിൽ നിരന്തരം സഞ്ചരിക്കുന്നവരാണ് നാം. വ്യക്തികൾ, പുസ്തകങ്ങൾ, ബന്ധങ്ങൾ, സൈബർ നെറ്റ്‌വർക്കുകൾ. എന്നിട്ടും ദാഹം തീരുന്നില്ല, മോഹം ശമിക്കുന്നില്ല. സമരിയാക്കാരിയെപ്പോലെ വീണ്ടും വീണ്ടും അതേ കിണറ്റിൻകരയിൽ ദാഹജലത്തിനായി യാത്ര ചെയ്യുന്നു.

ഉഗ്രചൂടിന്റെ നട്ടുച്ചയ്ക്കാണ് അന്നവൾ യാക്കോബിന്റെ കിണറ്റിൻകരയിൽ ചെന്നത്. അന്നു മാത്രമല്ല, ഇന്നും ഉഗ്രചൂടാണ്. വറ്റിവരണ്ട നിലയിലാണ് മനുഷ്യന്റെ ഹൃദയം. ക്രിസ്തു അവളോടു പറഞ്ഞു, എനിക്കു കുടിക്കാൻ തരിക. സത്യത്തിൽ അവൻ അവളോടു പറയുന്നത് നിന്റെ വിശ്വാസം എന്നിൽ അർപ്പിക്കുക, ഞാൻ നിനക്കു ജീവജലത്തിന്റെ അരുവിയാകാം എന്നാണ്. ദൈവം ദാഹിക്കുന്നു, നാം അവിടുത്തേക്കായി ദാഹിക്കാൻ (വിശുദ്ധ അഗസ്റ്റിൻ).

സമരിയാക്കാരിയാകട്ടെ അഞ്ചിടങ്ങളിൽ ദാഹവും മോഹവും അടക്കാൻ യാത്രചെയ്യുന്നു. എന്നിട്ടും അവളിലെ ആന്തരിക ശൂന്യത തീരുന്നില്ല. പൊട്ടിയ ബന്ധങ്ങളുടെ അക്കാലത്തെ കണ്ണിയാണവൾ. ലോകത്തിന്റെ കിണറ്റിൽനിന്നും വെള്ളം കോരി എത്ര കുടിച്ചിട്ടും ശമനമില്ലാത്ത അവളെത്തേടിയാണ് യഥാർത്ഥ നദിയായ ക്രിസ്തു ചെല്ലുന്നത്. കൃപയാണ് ആ നദി. അതിൽ, എല്ലാത്തിനും പരിഹാരമുണ്ട്. യഥാർത്ഥ മണവാളനാണ് കിണറ്റിൻകരയിൽ കാത്തു നിൽക്കുന്നത്.

ഇന്നും, നാം പലയിടങ്ങളിൽ സന്തോഷത്തിനായി പരതിനടക്കുമ്പോൾ രക്ഷകൻ കാത്തുനിൽക്കുന്നുണ്ട്. സമരിയാക്കാരിയെപ്പോലെ ആരെല്ലാം തന്നെത്തന്നെ നൽകുന്നുവോ അവർക്ക് മിശിഹായെ കാണാനാകും, ഒപ്പം അനുഭവിക്കാനും.

കുടമുപേക്ഷിച്ച്, തന്റെ ദാഹം തീർത്തവനെക്കുറിച്ച് പറയാൻ അവൾ പിന്നീട് സമരിയാ പട്ടണം മുഴുവൻ സഞ്ചരിച്ചത് ഓർക്കുക. അന്നുമുതലാകണം സുവിശേഷീകരണത്തിന് ഒരു പുതിയ നിർവചനമുണ്ടായത്. ഒരു പട്ടിണിക്കാരൻ തനിക്കെവിടെനിന്ന് ഭക്ഷണം കിട്ടിയെന്ന് മറ്റൊരു പട്ടിണിക്കാരനോട് പറയയുന്നതാണ് സുവിശേഷീകരണം. ക്രൂശിതന്റെ നെഞ്ചിൽനിന്ന് ഒഴുകുന്നതും ആ ജീവനദി തന്നെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?