Follow Us On

06

May

2024

Monday

ദിവ്യകാരുണ്യമാകണം നാം!

ദിവ്യകാരുണ്യമാകണം നാം!

”അല്ലയോ പുരോഹിതരേ, നിങ്ങൾ കേൾക്കുക: ക്രിസ്തു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് നിങ്ങളുടെ ജീവിതം ലോകരക്ഷയ്ക്കായുള്ള സ്തുതിയുടെ ബലിയായി ജീവിക്കാൻ വേണ്ടിയാണ്. ഈശോയുമായുള്ള നിരന്തര ഐക്യത്തിൽ മാത്രമേ ആത്മീയ ഫലം ഉളവാക്കുന്നതും പ്രത്യാശ പകരുന്നതുമായ ഒരു അജപാലന ശുശ്രൂഷ നിങ്ങൾക്കു ചെയ്യാനാകൂ. മഹാനായ വിശുദ്ധ ലിയോ ഓർമിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്റെ ശരീരരക്തങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം നാം സ്വീകരിക്കുന്നത് നാം ആയിത്തീരുക എന്നതല്ലാതെ മറ്റൊന്നും ആശിക്കുന്നില്ല. എല്ലാ ക്രിസ്ത്യാനികളെക്കുറിച്ചും ഇത് സത്യമാണ്. പുരോഹിതരെക്കുറിച്ച് ഈ കൂടുതൽ വാസ്തവമാകണം. ദിവ്യകാരുണ്യമായി മാറുക! നമ്മുടെ നിരന്തമായ ആഗ്രഹവും പ്രതിബദ്ധതയും ഇതാകണം. അപ്പോഴാണ് അൾത്താരയിൽ അർപ്പിക്കുന്ന കർത്താവിന്റെ ശരീരവും രക്തവും നമ്മുടെ ജീവിത അർപ്പണത്തിന്റെ തുടർച്ചയായി മാറുന്നത്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി, 11 മേയ്, 2009)

സ്വീകരിക്കുന്ന ദിവ്യകാരുണ്യം നാം ആയിത്തീരുക1 വെല്ലുവിളി നിറഞ്ഞതാണിത്. പ്രഭാതത്തിലെ ബലിയിൽ പുരോഹിതൻ ബലിയർപ്പകനും ഈശോ ബലിവസ്തുവും. ശേഷം സമയം മുഴുവൻ ഈശോ ബലിയർപ്പകൻ, ഞാൻ ബലിവസ്തു. ബലിയർപ്പകന് തീർത്തും വിധേയപ്പെടുകയാണ് ബലിവസ്തുവിന്റെ നിയോഗം. കുതറാൻ പാടില്ല, മറുതലിക്കാൻ പാടില്ല. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും നിൽക്കുക.

നിഷ്‌ക്രിയമായ ഒരു നിന്നുകൊടുക്കലല്ല. നിയോഗമറിഞ്ഞുള്ള ബോധപൂർവ്വകമായ സമർപ്പണം. സാധാരണ ഒരു ബലിമൃഗത്തിന് ഇതിനാവില്ല. പക്ഷേ, മനുഷ്യന് അതിന് കഴിയും. അവൻ കൃതജ്ഞതാസ്‌തോത്രം ചെയ്തു, മുറിച്ചു. കുർബാനയിൽ എന്നും പറയുന്നതാണിത്. ജീവിതത്തെ കൃതജ്ഞതയോടെ സ്വീകരിക്കുക. വാഴ്ത്തുന്നതു മുറിക്കാനാണ്. മുറിക്കപ്പെടാൻ. അതു ഏതു വിധേനയുമാകാം. പക്ഷേ, ദൈവകരങ്ങളിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നറിയുമ്പോൾ സമർപ്പണം ബാധ്യതയാകില്ല, ആനന്ദമാകും.

വിയറ്റ്‌നാം മതപീഠനകാലത്ത് ജയിൽവാസം അനുഭവിച്ച ആർച്ച്ബിഷപ്പ് വാൻ തുവാനെ ഓർമവരുന്നു. ജയിലിലെ മിക്കവാറും മനുഷ്യർ സ്വയം പഴിച്ച് സ്വാതന്ത്ര്യത്തിന്റെ ഭാവിദിനത്തന്നെ നോക്കി ദിവസങ്ങൾ തള്ളിനീക്കുന്നു. എന്നാൽ ബിഷപ്പാകട്ടെ നൽകപ്പെട്ട ഇന്നിനെ നോക്കി ജീവിക്കുന്നു. അദ്ദേഹം പറയുന്നത് ശ്രദ്ധേയമാണ്:

‘ഞാൻ ഇന്നിനെ നോക്കി ജീവിക്കാൻ തുടങ്ങി. ജയിലിലെ ഓരോ ദിവസവും സ്വാതന്ത്ര്യത്തിലെ ആയിരം ശരത്ക്കാലത്തിന്റെ മൂല്യമുള്ളതാണെന്ന പഴമൊഴി ഓർത്തു. ഞാൻ ചിന്തിച്ചു. എനിക്കു യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കണം. ജയിലിലാണ് ഞാൻ. മറ്റൊരു ഭാവി വന്നു ചേരണമെന്നില്ല. ഉറപ്പായും വന്നുചേരാനുള്ളത് മരണം മാത്രം. അതുകൊണ്ട്, അസാധാരണ സ്‌നേഹത്തിൽ ഇവിടെ സാധാരണ പ്രവർത്തികൾ ഞാൻ ചെയ്യും. ഭാവിക്കായി ഞാൻ കാത്തുനിൽക്കില്ല. വർത്തമാനകാലത്തെ ഞാൻ സ്‌നേഹംകൊണ്ടു നിറയ്ക്കും.’

ജീവിതത്തിന്റെ വിരുന്നുമേശയിൽ ദൈവം ഇന്ന്‌ വിളമ്പിതരുന്ന വിഭവങ്ങളെ സ്‌നേഹപൂർവം സ്വീകരിക്കാം. അവിടെ ഞാനും ദിവ്യകാരുണ്യമാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?