Follow Us On

05

January

2025

Sunday

കാത്തിരുന്ന ദിവ്യകാരുണ്യം

കാത്തിരുന്ന ദിവ്യകാരുണ്യം

”അചഞ്ചലമായി വിശ്വസിക്കേണ്ടതും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടേണ്ടതും തീക്ഷണമായി സഭയിൽ ജീവിക്കേണ്ടതുമായ ദിവ്യരഹസ്യമാണ് ദിവ്യകാരുണ്യം. തന്നെത്തന്നെ ഈശോ നമുക്കു തന്നതാണത്. അവിടുത്തെ പീഢാസഹനത്തിന്റെ ഓർമ നമ്മോടു പറയുന്നത്, ജീവിതവിജയം കണ്ടെത്തേണ്ടത് തന്നെത്തന്നെ നൽകിയ ദിവ്യകാരുണ്യത്തിൽ നാം പങ്കുകാരായിക്കൊണ്ടാണ് എന്നാണ്. ഗാഢമായി ഈശോയെ സ്‌നേഹിക്കുക.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 22 ഫെബ്രുവരി 2007).

സ്‌നേഹിച്ചു സ്‌നേഹിച്ചു മതിയാകാതെ വന്നപ്പോൾ എന്നും നമ്മുടെ കൂടെയായിരിക്കാൻ ഈശോ തന്നതാണ് ദിവ്യകാരുണ്യം. പിതാവിന്റെ പക്കലേക്ക് മടങ്ങിപ്പോകാനുള്ള സമയമായെന്ന് അവിടുന്ന് അറിഞ്ഞു (യോഹ. 13:1) എന്ന് പറഞ്ഞുകൊണ്ടാണ് ആ ദിവസത്തെപ്പറ്റി യോഹന്നാൻ എഴുതുന്നത്. എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് ആദ്യം അവൻ പറഞ്ഞിരുന്നു (യോഹ.2). എന്നാലിന്ന് അവൻ പറയുന്ന സമയമായി. അതുകൊണ്ട് തന്റെ ശിഷ്യരെ തനിക്കുചുറ്റും പെസഹായ്ക്കായി ഒരുമിച്ചുകൂട്ടി. ഒരേ സമയം പിതാവിന്റെ ചങ്കിലും അതേസമയം നമ്മുടെ ഹൃദയത്തിലും ജീവിക്കാൻ ഈശോ കണ്ടെത്തിയ മാർഗമാണിത്, ദിവ്യകാരുണ്യം.

പിറ്റേനാൾ കുരിശിൽ സംഭവിക്കേണ്ടവ തലേനാൾ ശിഷ്യർക്കൊപ്പം വിരുന്നായി പകർത്തി. ഒടുക്കം പറഞ്ഞു, ഇതു നിങ്ങളെന്റെ ഓർമയ്ക്കായി ചെയ്യുക. പതിനൊന്നാമത്തെ കൽപ്പനയായി ഇതിനെ കാണുന്നവരുണ്ട്. ഓർമയ്ക്കായ് തന്നവ മറന്നുകളഞ്ഞാൽ, അവഗണിച്ചാൽ ഈശോയ്ക്ക് നോവും. തന്നെത്തന്നെ നൽകുക എന്നതിലുമപ്പുറം നമ്മെ സ്‌നേഹിക്കാൻ ദൈവത്തിനു മറ്റൊരു മാർഗവുമില്ലായിരുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെ ധ്യാനം ശ്രദ്ധേയമാണിവിടെ.

കഴിഞ്ഞദിവസം വായിച്ച ഒരു ചെറുഗ്രന്ഥമാണ് ‘ദ ബിഷപ്പ് ഓഫ് ദ അബാന്റന്റ് റ്റാബർനാക്കിൾ’. പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ ചേർന്നതാണ് മാനുവൽ. തിരുപ്പട്ടം കിട്ടി. സ്‌പെയിനിലെ ഒരു പള്ളിയിൽ വികാരിയായി അയക്കപ്പെട്ടു. വലിയ പ്രതീക്ഷയായിരുന്നു ഇടവകയെക്കുറിച്ച്. പക്ഷേ, കപ്യാർ മാത്രമാണ് സ്വീകരിക്കാനെത്തിയത്. പള്ളി കണ്ടപ്പോഴേക്കും മനസു തകർന്നു. മുടിഞ്ഞുകിടക്കുന്ന കെട്ടിടം. ആരും ശ്രദ്ധിക്കാതെ ഒരിടംപോലെ! സക്രാരി എവിടെയാണെന്ന് തിരക്കി. അതാകട്ടെ മാറാലപിടിച്ച് പൊടിയും, വിളക്കിൽനിന്നും ഒലിച്ചിറങ്ങിയ എണ്ണയുമായി കിടക്കുന്ന സ്ഥലം. ഫാദർ മാനുവൽ മുട്ടുകുത്തി. ഈശോ ദിവ്യകാരുണ്യ ഈശോ ഇവിടെ അവഗണിക്കപ്പെട്ടു കിടക്കുന്നു. അന്ന് അദ്ദേഹം ദിവ്യകാരുണ്യത്തിനായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ടു പറഞ്ഞു, ഈശോയെ ഞാൻ നിന്നെ ഒരിക്കലും അവഗണിക്കില്ല.

തുടർന്ന്, തന്റെ ഡയറിയിൽ വിശ്വാസികൾ ദിവ്യകാരുണ്യത്തോടു ചെയ്യുന്ന രണ്ടുതരം അവഗണനയെക്കുറിച്ച് എഴുതി. ഒന്ന്, ബാഹ്യമായത്. വിശ്വാസം പറയുന്നുണ്ട്. പക്ഷേ ദിവ്യകാരുണ്യത്തെ ഒരു മരിച്ച വസ്തുവായി മാത്രം കാണുന്നു. ഒരിക്കലും ബോധപൂർ്വം അവിടുത്തെ സന്ദർശിക്കില്ല, അവിടുത്തോടു സംസാരിക്കില്ല, കുർബാന സ്വീകരിക്കുകയുമില്ല. ക്രസ്തുവിന്റെ നാമം പേറുന്നേങ്കിലും അവിടുന്നുമായി ഒരു ബന്ധവുമില്ലാത്തവർ.

രണ്ട്, ആന്തരികമായത്. ദിവ്യകാരുണ്യം സ്വീകരിക്കുന്നുണ്ട്. പക്ഷേ ആന്തരികമായി ഈശോയുമായി ഒരു അടുപ്പവുമില്ല. ദിവ്യകാരുണ്യത്തിനായി വിശക്കാതെ അവിടുത്തെ വാങ്ങി ഭക്ഷിക്കുന്നവർ. വിശപ്പില്ലാത്തവന് മുമ്പിൽ വിഭവത്തിന് എന്തുവില!

തന്റെ പ്രിയരുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യം അവഗണിക്കുന്നതായി കണ്ട ഫാദർ മാനുവൽ തന്നെത്തന്നെ അവിടുത്തേക്കായി സമർപ്പിച്ചു. നമ്മുടെ ഹൃദയഭവനങ്ങൾ ഈശോ സന്ദർശിക്കുന്നത് കുർബാന സ്വീകരിക്കുന്നതു വഴിയാണ്. ദിവ്യകാരുണ്യത്തെ അവഗണിക്കരുതേ എന്ന സന്ദേശവുമായി സഞ്ചരിച്ച ഫാദർ മാനുവൽ ഇന്നു സഭയിലെ വിശുദ്ധരുടെ പട്ടികയിലുണ്ട്- വിശുദ്ധ മാനുവൽ ഗോൺസലാസ് ഗ്രാസിയ.

യാക്കോബിന്റെ കിണറ്റിനരികെ കാത്തിരിക്കുന്ന സഞ്ചാരിയെപ്പോലെയും വീടിന്റെ ഉമ്മറത്തു ധൂർത്തനായ മകന്റെ കാലൊച്ച കേൾക്കാൻ കാതു കൂർപ്പിച്ചിരുന്ന അപ്പനെപ്പോലെയും എമ്മാവൂസിലെ യാത്രയ്ക്കിടയിൽ കൂടെവന്ന അപരിചിതനെപ്പോലെയും ദിവ്യകാരുണ്യം നമ്മെ പിന്തുടരുന്നുണ്ട്, കാത്തിരിക്കുന്നുണ്ട്. അവിടുന്നിലേക്ക് തിരിഞ്ഞാൽ മാത്രം മതി. തോട്ടക്കാരനിൽ മറഞ്ഞിരുന്നവൻ മറനീക്കി മറിയം മഗ്ദലനയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ ഇടയിലും അവിടുന്ന് വരും. പോകാം, ദിവ്യകാരുണ്യത്തിലേക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?