Follow Us On

27

April

2024

Saturday

എങ്ങനെ വിശുദ്ധരാകും?

എങ്ങനെ വിശുദ്ധരാകും?

”വിശുദ്ധരാകാൻ മാമ്മോദീസയിലെ പ്രസാദവരത്തിലേക്ക് നാം വളരണം. ക്രിസ്തുവിനൊപ്പം മരിക്കണം, അവിടുത്തോടൊപ്പം അടക്കം ചെയ്യപ്പെടണം, അവിടുത്തോടൊപ്പം ഉയിർക്കണം, അവിടുത്തോടൊപ്പം ജീവനിലേക്ക് മടങ്ങണം. ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്നേഹത്തിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. ‘നീ നിശബ്ദനായിരിക്കണമെങ്കിൽ, സ്നേഹത്തോടെ നിശബ്ദനായിരിക്കുക; നിനക്ക് സംസാരിക്കണമെങ്കിൽ, സ്നേഹത്തോടെ സംസാരിക്കുക; നീ തെറ്റുതിരുത്തുമ്പോൾ, സ്നേഹത്തോടെ തിരുത്തുക; നീ ക്ഷമ ചോദിക്കുമ്പോൾ സ്നേഹത്തോടെ ക്ഷമ ചോദിക്കുക. സ്നേഹം നിന്നിൽ വേരുറയ്ക്കട്ടെ. ആ വേരിൽനിന്ന് നന്മയല്ലാതെ മറ്റൊന്നും വളരില്ല,” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ മറക്കാതിരിക്കാം.

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി, 13 ഏപ്രിൽ 2011).

ബ്രദർ ലോറൻസിന്റെ ‘ദ പ്രാക്റ്റീസ് ഓഫ് ദ പ്രസൻസ് ഓഫ് ഗോഡ്’ (ദൈവസാന്നിധ്യ പരിശീലനം) എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി അതിന്റെ താളുകളിലൂടെ കടന്നുപോയി. വളരെ എളുപ്പം വായിക്കാവുന്ന ഈ പുസ്തകം വായിച്ചുതീർക്കുമ്പോൾ നാം ചോദിച്ചുപോകും, ‘എന്തുകൊണ്ട് ഞാനൊരു വിശുദ്ധനാകുന്നില്ല?’

ഹെർമൻ എന്നായിരുന്നു ലോറൻസിന്റെ പഴയ പേര്. പതിനെട്ട് വയസ് പ്രായമുള്ളപ്പോൾ മഞ്ഞുമൂടിയ ഒരു പ്രഭാതത്തിൽ ഇലകൊഴിഞ്ഞുനിൽക്കുന്ന മരങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. വരാൻ പോകുന്ന വസന്തത്തിൽ ഇവയെല്ലാം ഇനിയും ഇലകൊണ്ടു നിറയും, അവൻ ചിന്തിച്ചു. അതവന് ദൈവസാന്നിധ്യത്തിന്റെ ഒരായിരം തിരികൾ നെഞ്ചിൽ തെളിയുന്ന സമയമായി മാറി. ഇലകൊഴിയുന്ന വൃക്ഷങ്ങൾ കതിരണിയുമെങ്കിൽ ഞാനും ദൈവത്താൽ പുതുജീവൻ പ്രാപിക്കും.

ആത്മീയയാത്രയിൽ ബ്രദർ ലോറൻസ് കടന്നുപോയ അനുഭവങ്ങൾ നമുക്കും പ്രചോദനമാകും. വിശുദ്ധിയുടെ പാതയിൽ യാത്ര ചെയ്യാൻ നമ്മെ തടസപ്പെടുത്തുന്ന ഏതാനും കാര്യങ്ങൾ മനസിലാക്കാം.

നിർബന്ധിക്കുന്നതെന്ത്?

ദൈവസ്നേഹമില്ലാതെ ഞാൻ ഏറെ കാര്യങ്ങൾ ചെയ്യുന്നു. അതുകൊണ്ട് ഞാൻ വിശുദ്ധനാകുന്നില്ല. ദൈവത്തിന്റെ പേരിലും ദൈവനാമത്തിലും ഒക്കെയാണ് വിവിധ വേലകളിൽ ഏർപ്പെടുന്നത്. എന്നിട്ടും ദൈവം പ്രസാദിക്കുന്നില്ല. കാരണം വ്യക്തമാണ്. എന്നിൽ ദൈവസ്നേഹമില്ല. സ്നേഹമില്ലാതെ പാട്ടുപാടാം, പ്രാർത്ഥിക്കാം, വിശുദ്ധ കുർബാന ചൊല്ലാം, ചർച്ചകളിൽ ഏർപ്പെടാം, ലേഖനങ്ങൾ എഴുതാം. സോഷ്യൽ മീഡിയയിൽ സംവദിക്കാം.

ദൈവസ്നേഹത്താൽ ഞാനിവ ചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെ പലപ്പോഴും ഇവയ്ക്കൊന്നും ദൈവമഹത്വവുമായി കാര്യമായ ബന്ധമില്ല. ക്രിസ്തുവിന്റെ സ്നേഹം എന്നെ നിർബന്ധിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് (2 കോറിന്തോസ് 5:14). സ്നേഹത്താൽ നിർബന്ധിക്കപ്പെട്ട് ഒരു കാര്യം നിർവഹിക്കുന്നതും വെറുപ്പോ ദേഷ്യമോ അഹന്തയോമൂലം ഒരു കാര്യം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ദൈവത്തിനെന്നോ സഭയ്ക്കെന്നോ പറഞ്ഞുചെയ്ത പലതും സത്യത്തിൽ അങ്ങനെ ആയിരുന്നോ എന്ന് കാര്യമായി ചിന്തിക്കുമ്പോൾ ഒരുപക്ഷേ നാം വിഷമത്തിലാകും.

ദൈവഹിതം നിറവേറ്റുക എന്നതിനെക്കാൾ എന്റെ ഹിതം നിറവേറ്റി, അതിൽ സന്തോഷിക്കുക എന്നതാകും നാം സ്വീകരിച്ച വഴി. സോഷ്യൽ മീഡിയയിൽ തർക്കത്തിലും ചർച്ചയിലും ഏർപ്പെടുന്ന വ്യക്തിയാണ് നിങ്ങളെന്നിരിക്കട്ടെ. ദൈവത്തിന്റെ നാമം കളങ്കപ്പെടരുത്, തിരുസഭയുടെ പവിത്രത സൂക്ഷിക്കണം. ഈ ലക്ഷ്യങ്ങളാകും നിങ്ങളുടെ ഉള്ളിൽ ഉണ്ടാകുക. തീർച്ചയായും ശ്രേഷ്ഠമായവതന്നെ. ഏതാനും നാളുകൾ കഴിയുമ്പോൾ ചിലപ്പോൾ ദൈവസ്നേഹമോ പരസ്നേഹമോ ഇല്ലാതെ ദൈവത്തിനായി നാം വാളെടുത്തെന്നിരിക്കും.

ക്രിസ്തുവിനെ രക്ഷിക്കാൻ എന്ന വിധത്തിലാണ് പത്രോസ് മൽക്കോസിന്റെ ചെവി വെട്ടിയത് എന്നോർക്കുക. സ്നേഹം പോയാൽ പിന്നെ ജഡം മാത്രമേയുള്ളൂ. സ്നേഹമില്ലാത്ത സഹവാസങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ ഇവയ്ക്കൊന്നും ആത്മാക്കളെ നേടാനോ വിശുദ്ധവഴിയിൽ ചരിക്കാൻ സഹായിക്കാനോ ആവില്ല. നമ്മുടെ സംതൃപ്തിയല്ല പ്രധാനം. ദൈവത്തിന് ആനന്ദകരമായോ എന്നുള്ളതാണ്. സ്നേഹത്തിൽ ചെയ്യുന്ന എളിയ പ്രവൃത്തിക്ക് സ്നേഹമില്ലാതെ ചെയ്യുന്ന വൻകാര്യങ്ങളെക്കാൾ ദൈവപ്രീതി നേടാനാകും. ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യുക എന്ന് വിശുദ്ധ കൊച്ചുത്രേസ്യ.

വിരസത തളരാനല്ല

ചില ആത്മീയശീലങ്ങളിൽമാത്രം തങ്ങിനിൽക്കുന്ന ക്രിസ്തീയ ജീവിതമാകുന്നു എന്റേത്. അതിനാൽ ഞാൻ വിശുദ്ധനാകുന്നില്ല. ആത്മീയശീലങ്ങൾ ഒരു ആത്മാവിന്റെ വളർച്ചയിൽ ഏറെ പ്രധാനപ്പെട്ടവയാണ്. നമ്മെ ദൈവത്തിലേക്കുയർത്താനാകുന്നത് പലപ്പോഴും ഇവയിലൂടെയാണല്ലോ. അതേ സമയം ചില ശീലങ്ങളിൽമാത്രം ആത്മീയത മുഴുവൻ കാണാൻ ശ്രമിച്ചാൽ ഒരാത്മാവിന്റെ വളർച്ച മുരടിച്ചുപോകും.

ജപമാലയിലൂടെ ദൈവാരാധന നടത്തുന്ന ഒരു വ്യക്തിയാണെന്ന് കരുതുക. ആദ്യശിഷ്യയും ആദർശശിഷ്യയുമായ മറിയം തീർച്ചയായും നമ്മെ ആത്മീയവഴിയിൽ പ്രകാശിപ്പിക്കും. മരിയാനുകരണം ക്രിസ്താനുകരണത്തിന് ആക്കം കൂട്ടും. പക്ഷേ ഒരു ദിവസം നാല് ജപമാല ചൊല്ലിയാൽ എല്ലാമായി എന്ന് ചിന്തിച്ചാലോ? അല്ലെങ്കിൽ 500 വിശ്വാസപ്രമാണം ചൊല്ലിയാൽ എല്ലാം സാധിക്കും എന്ന് കരുതിയാലോ? ഒരു പ്രാർത്ഥനയ്ക്കും മാന്ത്രികശക്തിയില്ലെന്ന് ഓർക്കുക. നമ്മെ പ്രകാശിപ്പിക്കാൻ അവ സഹായിക്കും. എന്നാൽ മുന്നോട്ട് ചുവടുകൾ ധീരമായി വയ്ക്കാൻ നമുക്കാകണം. ആത്മീയജീവിതത്തിൽ വളർച്ചയില്ലെങ്കിൽ തളർച്ചയേയുണ്ടാകൂ.

കുറച്ചുകൂടി മുന്നോട്ടുപോയി ചിന്തിക്കാം. പ്രാർത്ഥനയ്ക്കായി സമയം നിശ്ചയിച്ചിരിക്കുന്ന ഒരു വ്യക്തി. കൃത്യം ആ സമയത്ത് പ്രാർത്ഥിക്കും. ബാക്കി സമയത്ത് യാതൊരു ദൈവികചിന്തയുമില്ലെന്നിരിക്കട്ടെ. ഇത് ക്രിസ്തീയ ജീവിതമല്ല. ജീവിതംമുഴുവൻ ദൈവത്തിന്റെ വലിയ അവബോധത്തിൽ ജീവിക്കാനുള്ള ശക്തിയാണ് നിശ്ചിത സമയക്രമങ്ങളിൽ നടത്തുന്ന പ്രാർത്ഥനവഴി ഒരാത്മാവ് സ്വീകരിക്കുന്നത്. ലോകത്തിൽനിന്ന് പിൻവലിഞ്ഞ് അൾത്താരയുടെ മുന്നിലേക്ക് നീങ്ങുന്ന ഒരാത്മാവ്, പതുക്കെപ്പതുക്കെ ലോകത്തെ ഒരൾത്താരയാക്കാൻ പഠിക്കും.

യാത്രയിലും ജോലിസ്ഥലത്തും ഭക്ഷണമേശയിലും ഉല്ലാസത്തിലുമെല്ലാം ദൈവസാന്നിധ്യം അനുഭവിക്കും. ദൈവാലയത്തിന്റെ ആവൃതി ഭൂമി മുഴുവൻ വ്യാപിക്കുന്നതായി ആ ആത്മാവിന് തോന്നും. ഏതൊരു ആത്മീയശീലത്തിലും ഏറെക്കാലം കഴിയുമ്പോൾ ദൈവം വിരസത നല്കുന്നത് ഇതുകൊണ്ടാണ്. വിരസത തളരാനല്ല, വളർത്താനാണ്.

വലിയ കാര്യങ്ങൾ വേണമെന്നില്ല

വലിയ കാര്യങ്ങൾ ചെയ്താലേ വിശുദ്ധനാകൂ എന്ന് ഞാൻ ധരിച്ചു. അതിനാൽ ഞാൻ വിശുദ്ധനാകുന്നില്ല. എളിയ കാര്യങ്ങളിലെ വിശ്വസ്തതയും സമർപ്പണവും ദൈവം ഏറെ മാനിക്കുമെന്ന് ധരിക്കാതെ മുന്നോട്ടുപോകുന്നത് അബദ്ധമാണ്. പ്രവൃത്തിയുടെ മേന്മയും വലിപ്പവും എല്ലാം നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം പറഞ്ഞത് വിശ്വസിച്ചവളും സ്വീകരിച്ചവളുമല്ലേ ഭാഗ്യവതി. ആത്മീയജീവിതത്തിൽ അരങ്ങും അണിയറയും തീർത്തും വേർതിരിക്കേണ്ടതില്ല.

അണിയറയിൽ ജോലി ചെയ്യുന്നവർ അരങ്ങുതകർക്കുന്നവരെപ്പോലെ അറിയപ്പെട്ടു എന്നുവരില്ല. പക്ഷേ, വിശുദ്ധർ വാഴുന്നത് അണിയറയിലാണെന്ന് അറിയുമ്പോൾ അരങ്ങിൽ ആടാനാകാത്തതിനെപ്പറ്റി പരിഭവം പറയില്ല. അതെ, വിശുദ്ധരാകണം, അതാണ് പ്രധാനം. ഏറ്റവും എളിയതെന്ന് തോന്നുന്ന കാര്യങ്ങൾപോലും വലിയ ആവേശത്തോടും സ്നേഹത്തോടുംകൂടെ ചെയ്തുതീർക്കാൻ ശ്രമിച്ചുനോക്കൂ. ഉള്ളിലെ തിരിനാളം പ്രോജ്വലിക്കുന്നത് കാണാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?