Follow Us On

22

January

2025

Wednesday

കാൽകഴുകുന്ന പൗരോഹിത്യം

കാൽകഴുകുന്ന പൗരോഹിത്യം

”തന്നെത്തന്നെ ശൂന്യനാക്കാൻ നിരന്തരം ശ്രമിക്കാത്ത ഒരു പുരോഹിതന് ദൈവവചനത്തിന്റെ ശുശ്രൂഷ ആധികാരികമായി ചെയ്യാനാകില്ല. സ്വയം ശൂന്യവത്ക്കരിക്കുമ്പോൾ പതുക്കെപ്പതുക്കെ അയാൾ അപ്പസ്തോലനൊപ്പം പറയാൻ പ്രാപ്തമാകും: ‘ഇനിമുതൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്.’ പുരോഹിതൻ വചനമല്ല, എന്നാൽ അവൻ വചനത്തിന്റെ ശബ്ദമാണ്. ദൈവവചനത്തിന്റെ ശബ്ദമാകാൻ സാരമായ വിധത്തിൽ ക്രിസ്തുവിൽ തന്നെത്തന്നെ നഷ്ടമാക്കണം. ജീവിതം മുഴുവൻ ക്രിസ്തുവിന്റെ മരണോത്ഥാനത്തിലുള്ള പങ്കുപറ്റലാകണം: ക്രിസ്തുവിന്റെ ധാരണ, അവിടുത്തെ സ്വാതന്ത്ര്യം അവിടുത്തെ ഹിതം. ജീവിതം ഒരു സജ്ജീവ ബലിയാക്കുക. ക്രിസ്തുവിന്റെ സഹനത്തിലും ശൂന്യമാക്കുന്ന പ്രക്രിയയിലും പങ്കുപറ്റിയാൽ മാത്രമേ ആത്മീയ പ്രഭാഷണങ്ങൾ ആധികാരികമാകൂ.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഹോമിലി, 24 ജൂൺ 2009)

ക്രിസ്തു പാദം കഴുകി, പീലാത്തോസ് കൈയ്യും. ഇവയ്ക്കിടയിലാണ് പുരോഹിതൻ തന്നെത്തന്നെ കണ്ടെത്തേണ്ടത്. മാനവരാശിയുടെമേൽ വന്നു പതിക്കുന്ന ഏതൊരു പ്രഹരത്തിനും ബോധപൂർവം ബലിയാകാം. അല്ലെങ്കിൽ നിർവികാരനായി സകലത്തിനും നേരെ കൈ കഴുകി സ്വയം നീതിമാനാകാം. ക്രിസ്തുവിന്റെ ബലി നമ്മുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനുമാണെന്ന് ആർക്കാണ് അറിയാത്തത്. എന്തിന് പുരോഹിതൻ ബലിയാകണമെന്ന് ചോദിച്ചേക്കാം. സ്നേഹത്തിന്റെ കൂദാശ പരികർമം ചെയ്യാൻ വിളിച്ചവൻ തന്നെ കൽപ്പിച്ചതാണത്. ബലിയർപ്പകനും ബലിവസ്തുവും ഒന്നാകാത്തിടത്തോളം കാലം ക്രിസ്തുവിലേക്കു വളരുക എളുപ്പമല്ല.

പരിശുദ്ധമായൊരു സംവിധാനം പാപികളായ മനുഷ്യരാൽ നടത്തപ്പെടുന്നു, അതാണ് സഭ. അവിടെ നിറഞ്ഞ ഒരു കടബോധം ക്രിസ്തു പുരോഹിതനിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്താണീ കടബോധം? കുർബാനക്കടം എന്നൊക്കെ നാം പറയാറില്ലേ. നമുക്കൊരു കടമുണ്ട്. അതു വീട്ടിത്തീർക്കാൻ നമുക്കാവില്ല. അതിനാൽ കടമൊന്നുമില്ലാത്ത ഈശോ ആ കടം നമുക്കായി വീട്ടിത്തീർക്കുന്നു. അപ്പോൾ നാം ഇങ്ങനെ ഈശോയോട് ചോദിച്ചേക്കും: ഓ ഈശോ, ആ കടം ഞാനെങ്ങനെ ഇനി വീട്ടിത്തീർക്കും?

സങ്കീർത്തകനൊപ്പം നാമും പറയും: കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരം കൊടുക്കും? രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം ഞാൻ വിളിച്ചപേക്ഷിക്കും (സങ്കീ. 116:12-13) നിരന്തരം രക്ഷയുടെ പാനപാത്രമുയർത്തി തന്റെയും ജനത്തിന്റെയും കടങ്ങളുടെ പൊതുതിക്കായി നിലവിളിക്കുന്നവരാണ് പുരോഹിതർ. അന്ത്യത്താഴത്തിൽ പുരോഹിതന് രണ്ടു ചുമതലകൾ ക്രിസ്തു ഭരമേൽപ്പിക്കുന്നുണ്ട്: നല്ല ചങ്ങാതിയാവുക, പാദം കഴുകുന്നവരാവുക.

അന്ത്യപ്രഭാഷണത്തിലെ പ്രധാന വിഷയമായിരുന്നു, സ്നേഹം. ‘നിങ്ങൾ എന്റെ ശിഷ്യരാണെന്ന് എല്ലാവരും അറിയാൻ നിങ്ങൾ പരസ്പരം സ്നേഹിക്കുക!’ സ്നേഹമാണ് എല്ലാറ്റിന്റെയും പ്രേരകശക്തി. അനുസരണം സ്നേഹത്തിന്റെ അടയാളമാണ്. കൂടുതൽ സ്നേഹിക്കുമ്പോൾ കൂടുതൽ മനസിലാകുന്നു. സ്നേഹമില്ലാത്ത അനുസരണം അടിമത്തമാണ്. സ്നേഹവും അനുസരണവും ചേരുമ്പോൾ ചങ്ങാത്തമുണ്ടാകും. ഞാൻ പറയുന്നവ നിങ്ങൾ അനുസരിക്കുമ്പോൾ നിങ്ങളെന്റെ ചങ്ങാതിമാരാണ് (യോഹ. 15:15). ചങ്ങാതി കൈ കഴുകി സ്വയം രക്ഷിക്കില്ല, പാദം കഴുകി സ്നേഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?