Follow Us On

16

January

2025

Thursday

ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി

സച്ചിൻ എട്ടിയിൽ

ഇസ്ലാം മതവിശ്വാസിയായിരുന്ന ഐ.ഐ.ടി ബിരുദധാരി ഇന്ന് ക്രിസ്തുവിന്റെ സാക്ഷി

ഷെരീൻ യൂസഫ് എന്ന പേര് അമേരിക്കയിലെ ഹൂസ്റ്റൺ നിവാസികൾക്കിടയിൽ ഇന്ന് ഏറെ
സുപരിചതമാണ്. ഒമാനിൽ ജനിച്ചുവളരുകയും പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്ത ഇന്ത്യൻ വംശജയായ ഷെരീൻ പ്രശസ്തി കൈവരിക്കുന്നത് ബ്രീത്തിങ് കോച്ച് (ശ്വസനപ്രക്രിയ മെച്ചപ്പെടുത്താൻ പരിശീലിപ്പിക്കുന്ന വ്യക്തി) എന്ന നിലയിലത്രേ.  എന്നാൽ ജോലി മേഖലയിൽ പേരെടുക്കാൻ സാധിച്ചു എന്നതിനേക്കാൾ ഉപരി  ക്രിസ്തുവിനെ അറിയാൻ സാധിച്ചു എന്നതിലാണ് ഈ യുവതി ഏറ്റവും അഭിമാനം കണ്ടെത്തുന്നത്. ഇസ്ലാം മതവിശ്വാസിയായിരുന്ന ഷെരീൻ യൂസഫ് ഇന്ന് ക്രിസ്തുവിന് കത്തോലിക്കാ സഭയിലെ അംഗമായി സാക്ഷ്യം നൽകുന്നു.

ഗൂഗിളിന്റെ തലപ്പത്തുള്ള സുന്ദർ പിച്ചൈ അടക്കമുള്ള പ്രമുഖർ പഠിച്ച ഖരക്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ്‌ ഷെരീൻ യൂസഫ്. ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഷെരീൻ മതം പഠിപ്പിക്കുന്ന കാര്യങ്ങൾ പിന്തുടരുന്നതിൽ ശ്രദ്ധാലുവായിരുന്നു. പത്തൊമ്പതാം വയസ്സിൽ ചൈനയിൽ പരിശീലനത്തിന് പോയ നാളുകളാണ് ഷെരീന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. അവിടെവച്ച് നിരീശ്വരവാദികളായ നിരവധി ആളുകളെ പരിചയപ്പെട്ട ആ മുസ്ലീം പെൺകുട്ടി നിരീശ്വരവാദിയായി മാറി. കുറെ വർഷങ്ങൾക്ക് ശേഷം തന്റെ ഉള്ളിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന് നൽകാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഷെരീൻ വീണ്ടും ഇസ്ലാം മതം പഠിക്കാൻ ആരംഭിച്ചു.

എന്നാൽ 2020 ഒക്ടോബർ മാസം ഈശോ തന്നോട് സംസാരിക്കുന്നതായുള്ള അനുഭൂതി ഉണ്ടായി എന്ന് ഷെരീൻ ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ എസ് ഡബ്ലിയു ന്യൂസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. “എന്നെ അനുഗമിക്കുക” എന്ന് യേശു പറഞ്ഞു. അത് എങ്ങനെയാണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ മദർ തെരേസയുടെ ചിത്രമാണ് തന്റെ മനസ്സിൽ വന്നതെന്ന് ഷെരീൻ ഓർത്തെടുത്തു. പിന്നീട് മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗങ്ങളെ ഷെരീൻ സന്ദർശിക്കുകയും, അവരിൽനിന്ന് ക്രിസ്തുമതത്തെ പറ്റി കൂടുതലായി പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ഷെരീന് സാധിച്ചിരുന്നു.

2021 ഏപ്രിൽ മാസം ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ഷെരീൻ യൂസഫ് ഔദ്യോഗികമായി കത്തോലിക്കാ സഭയിലേയ്ക്ക് കടന്നുവരുന്നത്. യേശുവിനെ അറിഞ്ഞതിനു ശേഷം ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം തനിക്ക് അനുഭവിക്കാൻ സാധിച്ചു എന്ന് ഷെരീൻ പറയുന്നു. നേരത്തെ തന്റെ ജോലി മേഖലയിലും, വ്യക്തി ജീവിതത്തിലും സ്വയം ആശ്രയിക്കുന്ന പ്രകൃതമായിരുന്നു തന്റെതെന്നും, എന്നാൽ ഇപ്പോൾ എല്ലാ കാര്യങ്ങളിലും യേശുവിൽ ആശ്രയിക്കാൻ താൻ പഠിച്ചെന്നും അവർ കൂട്ടിചേർത്തു. ”എന്റെ ഭാരങ്ങൾ വഹിക്കാൻ യേശു എന്നോടൊപ്പം ഉണ്ട്. യേശുവിലുള്ള വിശ്വാസം എവിടെ പോകാനും ആത്മവിശ്വാസം നൽകുന്നു.”

ഒഴിവുസമയം കിട്ടുമ്പോൾ എല്ലാം ബൈബിൾ വായിക്കാൻ ശ്രദ്ധാലുവാണെന്ന് ഷെരീൻ പറയുന്നു. ”തീരുമാനങ്ങൾ എടുക്കുമ്പോൾ ബൈബിൾ വചനങ്ങളാണ് മനസ്സിലേക്ക് വരുന്നത്.” മദർ തെരേസയെ ആഴത്തിൽ സ്നേഹിക്കുന്ന ഷെരീൻ മിഷണറിസ് ഓഫ് ചാരിറ്റി സന്യാസിനികളെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നത്. വ്യവസ്ഥകൾ ഇല്ലാത്ത ക്രിസ്തുസ്നേഹം എല്ലാവരും അറിയണം എന്ന ആഗ്രഹം ഷെരീൻ പങ്കുവെച്ചു. ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലൂടെയാണ് ഏറ്റവും പ്രധാനമായി ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതെന്ന് അവർ കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?