Follow Us On

22

January

2025

Wednesday

ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്

പോൾ സെബാസ്റ്റ്യൻ

ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹം ഒരുങ്ങി, മാർ ജോൺ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം മേയ് 31ന്

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ ഇടയനായി നിയമിക്കപ്പെട്ട മാർ ജോൺ പനന്തോട്ടത്തിലിന്റെ
മെത്രാഭിഷേകം മേയ് 31ന്. മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണത്തിനൊപ്പം രൂപതയുടെ പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്‌കോ പൂത്തൂരിനുള്ള യാത്രയയപ്പും ക്രമീകരിച്ചിട്ടുണ്ട്. മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ്‌ മെത്രാഭിഷേക തിരുക്കർമങ്ങൾ.

സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോയും സീറോ മലബാർ സഭയുടെയും ഓഷ്യാനിയയിലെ വിവിധ രൂപതകളിലെയും ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സഹകാർമികരാകും. കാര്യപരിപാടികൾ ക്രമീകരിക്കാൻ വിവിധ കമ്മറ്റികൾക്ക് രൂപം നൽകിയതായി വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

75 വയസ് പൂർത്തിയായിനെ തുടർന്ന് കാനോനിക നിയമപ്രകാരം ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ വിരമിച്ച ഒഴിവിൽ ജനുവരി 14നാണ് സി.എം.ഐ സഭാംഗമായ മാർ പനന്തോട്ടത്തിലിനെ പുതിയ അധ്യക്ഷനായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് ദൈവാലയ വികാരിയായും സേവനം ചെയ്യുകയായിരുന്നു. തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനാണ്. 1997 ഡിസംബർ 28നായിരുന്നു തിരുപ്പട്ട സ്വീകരണം.

സി.എം.ഐ സഭയുടെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശത്തും സേവനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ നാഷ്വിൽ രൂപതയിലെ സേവനത്തിനു ശേഷം ഓസ്ട്രേലിയയിൽ ബ്രിസ്ബൻ അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലും റീജെന്റ്സ് പാർക്ക് സെന്റ് ബെർനഡൈൻ ദൈവാലയത്തിലും സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ആസ്ലിയിലെ ഔർ ലേഡി ആൻഡ് സെന്റ് ഡിംഫ്‌നാ ദൈവാലയത്തിൽ വികാരിയായും സേവനം ചെയ്തു. 2020ൽ കേരളത്തിൽ മടങ്ങിയെത്തി.

സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2014 മാർച്ച് 25നായിരുന്നു പ്രഥമ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂരിന്റെ സ്ഥാനാരോഹണം. ന്യൂസിലൻഡിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയും മാർ പുത്തൂരിനായിരുന്നു. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലൻഡിലേക്കും ഇതര ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും ഫ്രാൻസിസ് പാപ്പ വ്യാപിപ്പിച്ചു.

ഓസ്‌ട്രേലിയയിലെയും ന്യൂസിലാൻഡിലെയും വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞിരുന്ന സീറോ മലബാർ സഭാംഗങ്ങളെ ഒരുമിച്ച് ചേർത്ത് ഇടവകകൾക്കും മിഷനുകൾക്കും രൂപം നൽകിയതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് മാർ പൂത്തൂർ രൂപതയുടെ ഇടയസാരഥ്യം ഒഴിയുന്നത്. മാത്രമല്ല, അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ പ്രവർത്തിക്കുന്ന മൈനർ സെമിനാരിയിലൂടെ രൂപതയ്ക്കുവേണ്ടിയുള്ള വൈദീക പരിശീലനകേന്ദ്രം എന്ന സ്വപ്‌നവും അദ്ദേഹം യാഥാർത്ഥ്യമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?