Follow Us On

29

March

2024

Friday

കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം

കുടുംബങ്ങളെയും ലോകം മുഴുവനെയും ദൈവമാതാവിന് സമർപ്പിക്കാൻ മേയ് ആറിന് പുരുഷന്മാരുടെ ജപമാല യജ്ഞം

വാഷിംഗ്ടൺ ഡി.സി: കുടുംബങ്ങളെയും ലോകം മുഴുവനെയും പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിക്കാനുള്ള പുരുഷന്മാരുടെ ജപമാല യജ്ഞത്തിന് (മെൻസ് റോസറി) തയാറെടുത്ത് ലോകരാജ്യങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിലെ ആദ്യ ശനിയായ ആറാം തിയതിയാണ് പൊതുനിരത്തുകൾ സവിശേഷമായ ജപമാല യജ്ഞത്തിന് വേദിയാകുന്നത്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് ആഗോള തലത്തിൽ മെൻസ് റോസറി സംഘടിപ്പിക്കപ്പെടുന്നത്.

ഇതിനകം 40ൽപ്പരം രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ടെന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലേതുപോലെ പങ്കാളിത്തത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തന്നെയാവും മുന്നിൽ. അർജന്റീന, പെറു, പ്യൂർട്ടോ റിക്കോ, കൊളംബിയ, ഗ്വാട്ടിമാല, എൽ സാൽവഡോർ, കോസ്റ്റാറിക്ക, മെക്‌സിക്കോ, പനാമ, ചിലി, വെനസ്വേല, ഇക്വഡോർ, പരാഗ്വേ, ഡൊമിനിക്കൻ റിപ്പബ്ലിക്, ക്യൂബ, ഫിലിപ്പീൻസ്, ബ്രസീൽ എന്നിവയാണ് ഇതുവരെ പങ്കാളിത്തം ഉറപ്പാക്കിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ.

പോളണ്ട്, ഹംഗറി, യു.എസ്.എ, യുകെ, അയർലൻഡ്, ലിത്വാനിയ, ക്രൊയേഷ്യ, യുക്രൈൻ, ഇറ്റലി, നെതർലാൻഡ്‌സ്, സ്വീഡൻ, ഡെൻമാർക്ക്, ബോസ്‌നിയ ഹെർസഗോവിന, ഓസ്ട്രിയ, ഫ്രാൻസ് എന്നിവയ്‌ക്കൊപ്പം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അബുദാബി, സൗത്ത് ആഫ്രിക്ക, സാംബിയ, ഇന്തോനേഷ്യ എന്നിവിടങ്ങളും മെൻസ് റോസറിക്ക് വേദിയാകും. 2022 മേയ്, ഒക്ടോബർ മാസങ്ങളിലാണ് ഇതിനുമുമ്പ് ആഗോള തലത്തിലുള്ള മെൻസ് റോസറി സംഘടിപ്പിക്കപ്പെട്ടത്.

ലോകത്തെ മാറ്റിമറിക്കാൻ പ്രാർത്ഥനയ്ക്ക് വിശിഷ്യാ, ജപമാല പ്രാർത്ഥനയ്ക്കുള്ള ശക്തി സാക്ഷിച്ചുകൊണ്ടാണ് ജപമാല യജ്ഞത്തിന് സംഘാടകർ ആഹ്വാനം ചെയ്തിരിക്കുന്നത്. പോളണ്ടിൽനിന്ന് ഉത്ഭവിച്ച് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ‘മെൻസ് റോസറി’യുടെ വളർച്ചയ്ക്ക് കരുത്തുപകരാൻ ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനാ യജ്ഞം സഹായിക്കുമെന്നാണ് നിരീക്ഷണങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?