ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 21 മുതൽ 28വരെയാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്.
‘ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളാൾ ദിനമായ മേയ് 24 ചൈനയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാ ദിനമായി 2007ൽ ബെനഡിക്ട് 16-ാമൻ പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ചൈനയ്ക്കുവേണ്ടിയുള്ള വിശേഷാൽ പ്രാർത്ഥനാ വാരം ആഹ്വാനം ചെയ്യപ്പെട്ടിട്ടുള്ളത്. കർദിനാൾ ബോയുടെ ആഹ്വാനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ‘ദ ഗ്ലോബൽ വീക്ക് ഓഫ് പ്രയർ’ എന്ന പേരിൽ പ്രാർത്ഥനാ ശുശ്രൂഷ ക്രമീകരിച്ചിരുന്നു.
‘ചൈനയിലെ ക്രൈസ്തവർക്കും ഇതര മതന്യൂനപക്ഷങ്ങൾക്കും അനുഭവിക്കേണ്ടിവരുന്ന അടിച്ചമർത്തലുകളിൽ ഞങ്ങൾ പ്രകോപിതരും രോഷാകുലരുമാണ്. സാർവത്രികവും സുസ്ഥിരവുമായ മനുഷ്യാന്തസും മനസ്സാക്ഷി സ്വാതന്ത്ര്യവും മാനിച്ച് രാജ്യം ഭരിക്കാനുള്ള കൃപയ്ക്കായി ചൈനീസ് സർക്കാരിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു,’ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’ പ്രസ്താവനയിൽ അറിയിച്ചു. ചൈനയിലെ മതപീഡനത്തിന് അറുതിവരുത്താൻ അടിയന്തര ഇടപെടൽ നടത്താൻ നിയമനിർമാതാക്കളോടും അന്താരാഷ്ട്ര സംഘടനകളോടും അവർ ആവശ്യപ്പെടുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *