Follow Us On

23

December

2024

Monday

ഇത് ഡോ. ഹിമ ഫെലിക്‌സ്, ഗർഭച്ഛിദ്രം ഒഴിവാക്കാൻ സ്വജീവൻ പണയപ്പെടുത്തിയ കത്തോലിക്കാ വിശ്വാസിയായ ഡോക്ടറമ്മ!

ഇത് ഡോ. ഹിമ ഫെലിക്‌സ്, ഗർഭച്ഛിദ്രം ഒഴിവാക്കാൻ സ്വജീവൻ പണയപ്പെടുത്തിയ കത്തോലിക്കാ വിശ്വാസിയായ ഡോക്ടറമ്മ!

ഫ്‌ളോറിഡ: ജീവനോടെ പിറക്കാൻ സാധ്യതയില്ലാത്ത ഗർഭസ്ഥ ശിശുവിനോടുള്ള സ്‌നേഹത്തെപ്രതി ഗർഭച്ഛിദ്രത്തോട് ‘നോ’ പറഞ്ഞ് സ്വജീവൻവരെ അപകടത്തിലാക്കിയ അമ്മമാരുടെ കൂട്ടത്തിലെ മലയാളി ഡോക്ടറമ്മ! ഫ്‌ളോറിഡയിൽ സേവനം ചെയ്യുന്ന ഡോ. ഹിമ ഫെലിക്‌സിനെ ഇപ്രകാരം വിശേഷിപ്പിക്കാം. തലയോട്ടി വളരാത്ത ഗുരുതര രോഗാവസ്ഥയിലായ ഗർഭസ്ഥ ശിശുവിനുവേണ്ടിയായിരുന്നു ഈ സാഹസം എന്നറിയുമ്പോൾ ചിലർക്ക് തോന്നാം എന്തൊരു വിഡ്ഢിത്തമാണിതെന്ന്. എന്നാൽ, ജീവന്റെ മൂല്യം അറിയുന്നവർക്ക് സംശയമില്ല, ഡോ. ഹിമ ഒരു ഹീറോതന്നെ!

ഗർഭച്ചിദ്രം വേണ്ടെന്ന പീഡിയാട്രിക് സ്‌പെഷലിസ്റ്റ് ഡോ. ഹിമയുടെ തീരുമാനത്തിനൊപ്പം കട്ടയ്ക്കുനിന്ന ജീവിത പങ്കാളിയും ഡോക്ടറാണ്, കാർഡിയോളജി സ്‌പെഷലിസ്റ്റ് ഡോ. ഫെലിക്‌സ്. ആ കുഞ്ഞിനെ ജീവനോടെ സ്വീകരിക്കാനായില്ലെങ്കിലും അതിന് പിന്നിലും ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ടെന്ന ബോധ്യത്തോടെ ദൈവത്തിന് നന്ദി പറയുകയാണ് കത്തോലിക്കാ വിശ്വാസികളായ ഈ ഡോക്ടർ ദമ്പതികൾ. 2021ലായിരുന്നു അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുംവിധമുള്ള ആ പരീക്ഷണ ദിനങ്ങൾ.

മൂത്തമകൾ ഗ്രേസിന് കൂട്ടായി രണ്ടാമത്തെ കുട്ടി വരാൻപോകുന്നു എന്ന സന്തോഷത്തിലായിരുന്നു അവർ. രക്തപരിശോധനയിൽ കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും 12-ാം ആഴ്ചയിലെ സ്‌കാനിംഗ് ഫലം നടുക്കുന്നതായിരുന്നു. സ്‌കാൻ ചെയ്യുന്നതിനിടെ, ഡോക്ടർ നിങ്ങളോട് സംസാരിക്കുമെന്ന സ്‌കാനിംഗ് ടെക്നീഷ്യന്റെ വാക്കുകളിൽ ഡോ. ഹിമ അപകടം മണത്തു. ഹൃദയ വൈകല്യമോ, കാലുകളുടെ വളവോ, മുറിച്ചുണ്ടോ സംശയിച്ചെങ്കിലും ഡോക്ടർ വെളിപ്പെടുത്തിയത് ചികിത്‌സകൊണ്ടും ഭേദമാകാത്ത ഗുരതര രോഗാവസ്ഥയാണ്.

ഗർഭാശയത്തിൽവെച്ച് തലയോട്ടി വളരാത്ത ‘അനെൻസ്ഫാലി’ എന്ന ഗുരുതര രോഗാവസ്ഥയിലാണെന്ന വെളിപ്പെടുത്തൽ അവരുടെ ഹൃദയം തകർക്കുന്നതായിരുന്നു. കുഞ്ഞ് ജീവിക്കില്ലെന്നും അമ്മയുടെ ജീവൻ അപകടത്തിലാകുമെന്നും വിധിയെഴുതിയ ഡോക്ടർ നിർദേശിച്ച ഒരേ ഒരു മാർഗം ഗർഭച്ഛിദ്രം മാത്രമായിരുന്നു. എന്നാൽ സ്വയം പ്രോലൈഫ് എന്ന് കരുതിയിരുന്ന ഡോ. ഹിമ, തന്റെ ജീവൻ അപകടത്തിലാകാം എന്ന് അറിഞ്ഞുകൊണ്ടുതന്നെ കുഞ്ഞിനെ പ്രസവിക്കുന്നതിൽ ഉറച്ചുനിന്നു. യു.എസിൽ ലിംഗനിർണയം നിയമവിരുദ്ധമല്ലാത്തതിനാൽ, തങ്ങൾക്ക് ദൈവം സമ്മാനിച്ചത് പൊൺകുഞ്ഞിനെയാണെന്ന് മനസിലാക്കി അവൾ അവർക്കൊരു പേരും നൽകി- ഇവാഞ്ചലിൻ ഹോപ്പ്.

‘ദൈവകൃപയും അവിടുത്തെ ഹിതത്തോടുള്ള വിധേയപ്പെടലുമാണ് സങ്കീർണമായ ആ ദിനങ്ങളിലൂടെ കടന്നുപോകാൻ ശക്തി പകർന്നത്,’ തന്റെ ഗർഭകാലത്തെ അനുസ്മരിച്ചുകൊണ്ട് ഡോ. ഹിമ ‘ശാലോം വേൾഡി’ന്റെ വാർത്താ വിഭാഗമായ SW NEWSനോട് പറഞ്ഞു. താൻ ഭാഗഭാക്കായ ‘ജീസസ് യൂത്ത്’ അംഗങ്ങളുടെ പ്രാർത്ഥനാ പിന്തുണ ദൈവഹിതം പൂർണഹൃദയത്തോടെ അംഗീകരിക്കാൻ തന്നെ സഹായിച്ചെന്നും അവൾ കൂട്ടിച്ചേർത്തു. പ്രസവസമയത്ത് അവൾക്ക് ധാരാളം സങ്കീർണതകൾ ഉണ്ടായിരുന്നു, ഇവാഞ്ചലിൻ ജീവനോടെ ജനിച്ചില്ല.

”ഇതിലൂടെയെല്ലാം കടന്നുപോയപ്പോൾ ക്രിസ്തുവുമായി കൂടുതൽ അടുത്ത അനുഭവമാണുണ്ടായത്. കാരണം, അവിടുന്ന് എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും അവളെ ഉദരത്തിൽ വഹിക്കാൻ അവിടുന്ന് എന്നെ തിരഞ്ഞെടുത്തത് എങ്ങനെയെന്നും എനിക്ക് കാണാനായി. വലിയൊരു ബഹുമതിയായി ഞാൻ ഇതിനെ കാണുന്നു. മറ്റൊരു സാഹചര്യത്തിനും കൊണ്ടുവരാൻ കഴിയാത്തവിധം ഞങ്ങളുടെ കുടുംബത്തെ കൂടുതൽ വിശുദ്ധമാക്കിയ അവൾ നിത്യതയിൽ ഞങ്ങൾക്കായി പ്രാർത്ഥനാ നിരതയാണ്.”

ക്രിസ്തുവിനെ മുറുകെപ്പിടിച്ച് ക്ലേശകരമായ ആ ദിനങ്ങൾ അതിജീവിച്ച അവർ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഈ ഒക്ടോബറിലാണ് മൂന്നാമത്തെ കുട്ടിയായ ഗബ്രിയേലിനെ അവർ പ്രതീക്ഷിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?