കീവ്: കത്തോലിക്കാ സഭയ്ക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ച് യുക്രേനിയൻ ഓർത്തഡോക്‌സ് സഭ. മേയ് 24ന് സമ്മേളിച്ച യുക്രേനിയൻ ഓർത്തഡോക്‌സ് മെത്രാന്മാരുടെ കൗൺസിലാണ് ഐക്യകണ്‌ഠേന ഈ തീരുമാനം പ്രഖ്യാപിച്ചത്. ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുടർന്നാണ് കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ യുക്രൈനിലെ ഓർത്തഡോക്‌സ സഭയ്ക്ക് വഴി ഒരുങ്ങിയത്.
ഈസ്റ്റർ, ത്രീത്വത്തിന്റെ തിരുനാൾ തുടങ്ങിയ ചുരുക്കം ചില തിരുനാളുകൾ ഒഴിച്ചുള്ള ബാക്കി എല്ലാ തിരുനാളുകളും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാകും ഇനി മുതൽ യുക്രേനിയൻ ഓർത്തഡോക്‌സ് സഭ ആഘോഷിക്കുക. നിലവിൽ ജനുവരി ഏഴിനായിരുന്നു ഓർത്തഡോക്‌സ് സഭയിലെ ക്രിസ്മസ് ആഘോഷം. പ്രസ്തുത തീരുമാനം എളുപ്പമായിരുന്നില്ലെന്നും ദീർഘനാളത്തെ ചർച്ചകളിലൂടെ വളരെ ശ്രദ്ധയോടെയാണ് ഇതിൽ എത്തിച്ചേർന്നതെന്നും യുക്രൈൻ ഓർത്തഡോക്‌സ് സഭാ തലവൻ മെട്രോപോളിറ്റൻ എപ്പിഫനി വ്യക്തമാക്കി.
യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്രകാരമൊരു തീരുമാനം വേണമെന്ന ആവശ്യം സഭയ്ക്ക് അകത്തുതന്നെ ശക്തമായിരുന്നു. എന്നാൽ,റഷ്യൻ ഓർത്തഡോക്‌സ് സഭയുമായുളള യുക്രൈൻ ഓർത്തഡോക്‌സ് സഭയുടെ ബന്ധം ഈ തീരുമാനത്തിലൂടെ പ്രശ്‌നത്തിലാകുമെന്ന നിരീക്ഷണങ്ങളും ഉയരുന്നുണ്ട്. എന്തായാലും യുക്രൈനിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം ഡിസംബർ 25 ക്രിസ്മസ് ദിനമായി ആഘോഷിക്കാനുള്ള ചരിത്ര നിമിഷമാണ് യാഥാർത്ഥ്യമാകുന്നത്.
കത്തോലിക്കാ സഭയുടെ ഭാഗമാണെങ്കിലും പൗരസ്ത്യ ആരാധനക്രമം പിന്തുടരുന്ന യുക്രേനിയൻ കത്തോലിക്കാ സഭയും സമാനമായ തീരുമാനം ഫെബ്രുവരിയിൽ കൈക്കൊണ്ടിരുന്നു. അതുപ്രകാരം യുക്രേനിയൻ കത്തോലിക്കാ സഭയിൽ വിശേഷാൽ ദിനങ്ങളുടെ ആഘോഷം ഈ സെപ്റ്റംബർ മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കും. പ്രസ്തുത തീരുമാനത്തിന് പിന്നാലെയാണ്, യുക്രൈനിലെ ക്രൈസ്തവരിൽ ബഹുഭൂരിപക്ഷം വരുന്ന ഓർത്തഡോക്‌സ് സഭയും പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *