Follow Us On

22

January

2025

Wednesday

ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ

ദൈവാലയ മണി മുഴങ്ങി, ദൈവസ്തുതികൾ ഉയർന്നു;  മെൽബൺ സീറോ മലബാർ  രൂപതയുടെ ഇടയദൗത്യമേറ്റ് മാർ പനന്തോട്ടത്തിൽ

മെൽബൺ: വിശ്വാസീസമൂഹത്തിന്റെ സ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ദ്വിതീയ അധ്യക്ഷനായി ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനായി. മെൽബണിലെ ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കൽദായ ദൈവാലയത്തിൽ നൂറുകണക്കിന് സീറോ മലബാർ സഭാംഗങ്ങളുടെയും മന്ത്രിമാരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളും സാന്നിധ്യത്തിലായിരുന്നു മെത്രാഭിഷേകം. ഓസ്ട്രേലിയൻ സഭാംഗങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു മുഖ്യകാർമികൻ. നിയുക്ത ബിഷപ്പ് ഉൾപ്പെടെയുള്ള കാർമികർ പ്രദക്ഷിണമായി ദൈവാലയലേക്ക് പ്രവേശിച്ചതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്. മെൽബൺ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ കാർമികരെയും വിശ്വാസീസമൂഹത്തെയും സ്വാഗതം ചെയ്തു. തുടർന്ന് മാർ പനന്തോട്ടത്തിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂൺഷ്യേ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോ വായിച്ചു.

തുടർന്ന് മാർ ആലഞ്ചേരി ചടങ്ങിനെ അഭിസംബോധന ചെയ്തു. ഓസ്ട്രേലിയയിലെ സീറോ മലബാർ വിശ്വാസികളെ ചേർത്തുപിടിച്ച കാലംചെയ്ത കർദിനാൾ ജോർജ് പെല്ലിനും ഓസ്‌ട്രേലിയയിലെ മെത്രാൻ സമിതിക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാർ ആലഞ്ചേരി പ്രസംഗം ആരംഭിച്ചത്. ഒൻപത് വർഷത്തെ ഇടയദൗത്യത്തിലൂടെ ഓസ്ട്രേലിയയിലെ സീറോ മലബാർ സഭയുടെ ശക്തീകരണത്തിന് നൽകിയ സംഭാവനകളെപ്രതി മാർ പൂത്തൂരിന് നന്ദി അർപ്പിച്ചു. സഭയുടെ വിശ്വാസ പാരമ്പര്യങ്ങളും ആരാധനക്രമവും ഓസ്ട്രേലിയയിലെ സമൂഹത്തിന് പകർന്ന് നൽകാൻ പുതിയ ഇടയന് സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

തുടർന്നായിരുന്നു അഭിഷേക ശുശ്രൂഷകൾ. അതേ തുടർന്ന് മാർ പനന്തോട്ടത്തിലിനെ മറ്റ് ബിഷപ്പുമാരും വൈദികരും ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് ദിവ്യബലിയുടെ മുഖ്യകാർമികത്വം മാർ പനന്തോട്ടത്തിൽ ഏറ്റെടുത്തു. ബ്രിസ്ബെൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ് വചനസന്ദേശം നൽകി. ദിവ്യബലിക്കുശേഷം വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്ത മാർ പനന്തോട്ടത്തിൽ, തനിക്കു ലഭിച്ച അനന്തമായ അനുഗ്രഹത്തെപ്രതി ദൈവത്തിന് കൃതഞജ്ഞതയർപ്പിച്ചു.സംസ്ഥാന ഭരണകൂടത്തെ പ്രതിനീധീകരിച്ചെത്തിയ മന്ത്രി ലിലി ഡി അംബ്രോസി, ബ്രോൺവിൻ പാഫ്‌പെന്നി എം.പി എന്നിവർക്ക് പ്രത്യേകം നന്ദി പറഞ്ഞു.

സഭയും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള സുദൃഢമായ ബന്ധത്തെയാണ് നിങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണകൂടത്തിന് ആത്മീയമായ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. മാർ പുത്തൂരിന്റെ യാത്രയയപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധികരിച്ച സുവനീർ ഓസ്ട്രേലിയൻ മെത്രാൻ സമിതി അധ്യക്ഷനും പെർത്ത് ആർച്ച്ബിഷപ്പുമായ തിമോത്തി കോസ്റ്റെല്ലൊ പ്രകാശനം ചെയ്തു. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി രൂപതയുടെ സ്‌നേഹസമ്മാനം മാർ ബോസ്‌കോ പുത്തൂരിന് സമ്മാനിച്ചു. പാസ്റ്ററൽ കൗൺസിൽ മുൻ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ അംഗം എൽസി ജോയി എന്നിവർ മൊമെന്റൊ സമ്മാനിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ് കൃതഞ്ജത അർപ്പിച്ചു.

യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്കോട്ട് ബിഷപ്പ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ, ഷംഷബാദ് രൂപതാ സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർക്കും ഓഷ്യാനിയയിൽനിന്നുള്ള 30 ബിഷപ്പുമാർക്കുമൊപ്പം മെൽബൺ രൂപതയിലെ മുഴുവൻ വൈദികരും ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമുള്ള നിരവധി മലയാളി വൈദികരും സഹകാർമികരായിരുന്നു. മെത്രാഭിഷേക തിരുക്കർമങ്ങളുടെ തത്‌സമയ സംപ്രേഷണം ശാലോം ടി.വി ഒരുക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?