Follow Us On

22

January

2025

Wednesday

പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ

പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വരും! പ്രതീക്ഷയോടെ സംഘാടകർ

ലിസ്ബൺ: ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ലോക യുവജന സംഗമത്തിലെ പേപ്പൽ സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികൾ ശക്തമാകുമ്പോഴും സംഘാടക സമിതിക്ക് സംശയമില്ല, പാപ്പയില്ലാതെ എന്ത് യുവജന സംഗമം, ഫ്രാൻസിസ് പാപ്പ വന്നെത്തും! ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുന്നത്.

‘പാപ്പയുടെ ശാരീരിക പരിമിതികൾ കണക്കിലെടുക്കാതെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ഇക്കാലമത്രയും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യത്തിലുള്ള ഒരു യൂത്ത് ഡേ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്, മറ്റൊരു പ്ലാനും നിലവിലില്ല,’ സംഘാടകസമിതി പ്രസിഡന്റും ലിസ്ബൻ രൂപതാ സഹായമെത്രാനുമായ മോൺ. അമേരിക്കോ അഗ്വിയറിന്റെ വാക്കുകൾ മാത്രംമതി പോർച്ചുഗൽ സഭയുടെ പ്രത്യാശ വ്യക്തമാകാൻ.

കിംവദന്തികളുടെ പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘ലോകമെമ്പാടുമുള്ള യുവജനങ്ങളും പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ലോക യുവജനദിനം. ആരോഗ്യപരമായ കാരണങ്ങളാൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാരെങ്കിലും പാപ്പയെ പ്രതിനിധീകരിക്കുമെന്ന തരത്തിലുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.’

ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ നിശ്ചിയിച്ചിട്ടുള്ള ലോക യുവജന സംഗമവേദിയിൽ മൂന്നാം തിയതിയാണ് പാപ്പ വന്നെത്തുക. ഔദ്യോഗിക ഉദ്ഘാടനം, പിറ്റേന്ന് പുലർച്ചെ നടക്കുന്ന യുവജനങ്ങളുടെ കുമ്പസാരം, അതേദിവസം രാത്രിയിൽ നടക്കുന്ന കുരിശിന്റെ വഴി, അഞ്ചാം തിയതിയിലെ ജാഗരണപ്രാർത്ഥന, ആറാം തിയതിയിലെ ദിവ്യബലി, സംഘാടകർക്കൊപ്പമുള്ള കൂടിക്കാഴ്ച എന്നിവയാണ് സംഗമവേദിയിലെ പേപ്പൽ പ്രോഗ്രാമുകൾ.

റോമിലെ ജെമല്ലി ആശുപത്രിയിൽ വിശ്രമിക്കുന്ന പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുകയാണെന്ന റിപ്പോർട്ട് വത്തിക്കാൻ പുറത്തുവിട്ടതും പ്രത്യാശ പകരുന്ന വാർത്തയാണ്. അദ്ദേഹത്തെ ശുശ്രൂഷിച്ചവരുമായി പാപ്പ ഉച്ചഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ റിപ്പോർട്ട് ചെയ്യുന്നു. പാപ്പയുടെ ഹൃദയാരോഗ്യത്തെ കുറിച്ച് ഉയർന്ന കിംവദന്തികളും, അദ്ദേഹത്തെ ചികിത്‌സിക്കുന്ന ഡോക്ടർ നിഷേധിച്ചു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് ഹെർണിയ ശസ്ത്രക്രിയയ്ക്കായി പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?