Follow Us On

11

January

2025

Saturday

ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം

ജൂലൈ രണ്ട്: ഭാരത സഭയിൽ മണിപ്പുർ ജനതയ്ക്കായുള്ള പ്രാർത്ഥനാ ദിനം; ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം

ന്യൂഡൽഹി: കലാപഭരിതമായ മണിപ്പുരിൽ സമാധാനം സംജാതമാകാൻ ജൂലൈ രണ്ട് പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത്‌ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ). രാജ്യത്തെ കത്തോലിക്കാസഭയുടെ മുഴുവൻ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും വിശേഷാൽ തിരുക്കർമങ്ങൾ ക്രമീകരിക്കും. ദിവ്യബലിമധ്യേ മണിപ്പുരിനെ സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതിനൊപ്പം മണിപ്പുരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സമർപ്പിച്ച് എല്ലാ ഇടവകകളിലും ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന ക്രമീകരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മണിപ്പുരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ സമാധാനസന്ദേശം മറ്റുള്ളവരിലേക്കും പകരുക, മണിപ്പുരിൽ ഭരണഘടനാവിരുദ്ധമായി നടക്കുന്ന ദുഃസ്ഥിതിക്കെതിരേ കേന്ദ്രസർക്കാരിൽ ആശങ്ക അറിയിക്കാൻ സംഘടനകളെയും പ്രസ്ഥാനങ്ങളെയും സന്നദ്ധസംഘടനകളെയും പ്രോത്സാഹിപ്പിക്കുക, മണിപ്പുരിൽനിന്ന് ഉൾപ്പെടെ പലായനം ചെയ്‌തെത്തുന്ന ജനങ്ങളെ ദയാപൂർവം പരിഗണിക്കുക, സഭയുടെ എല്ലാ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

മണിപ്പുരിലെ ദുരിതബാധിതർക്കിടയിൽ കത്തോലിക്കാസഭയുടെ ജീവകാരുണ്യസംഘടനയായ കാരിത്താസ് ഇന്ത്യ നടത്തുന്ന സേവനങ്ങളെക്കുറിച്ചും സി.ബി.സി.ഐ അറിയിച്ചു. ഇതിനകം 14,000 പേരിലേക്ക് സഹായമെത്തിക്കാൻ സംഘടനയ്ക്കായിട്ടുണ്ട്. ഭവനരഹിതരെ പുനരധിവസിപ്പിക്കാനും സമുദായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനും കാരിത്താസ് ദീർഘകാലാടിസ്ഥാനത്തിലുള്ള കർമപദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യയെ സഹായിക്കാൻ സഭാസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?