Follow Us On

22

January

2025

Wednesday

ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്

ഫാത്തിമാ മാതാവിനെ നേരിൽക്കണ്ട ‘മൂന്നാമത്തെ ഇടയകുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്

പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച ‘മൂന്നാമത്തെ ഇടയക്കുട്ടി’ സിസ്റ്റർ ലൂസിയ ധന്യരുടെ നിരയിലേക്ക്. സിസ്റ്റർ ലൂസിയായുടെ വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രിയിൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്രാൻസിസ് പാപ്പ ഒപ്പുവെച്ചത്. ഫാത്തിമയിൽ 1917 മേയ് 13 മുതൽ ഒക്ടോബർ 13വരെ ദീർഘിച്ച മരിയൻ പ്രത്യക്ഷീകരണത്തിന് വഹിച്ച മൂന്ന് കൂട്ടികളിൽ ഏറ്റവും മുതിർന്നയാളും കൂടുതൽ കാലം ജീവിച്ചയാളാണ് സിസ്റ്റർ ലൂസിയ.

1917ലെ മരിയൻ പ്രത്യക്ഷീകരണ സമയത്ത് 10 വയസുകാരിയായിരുന്ന ലൂസിയ, 97-ാം വയസിലാണ് ഇഹലോകവാസം വെടിഞ്ഞത്. മറ്റ് രണ്ടു കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്‌കോയെയും 2017ൽ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 10ഉം 11ഉം വയസിൽ ഇഹലോകവാസം വെടിഞ്ഞ ഇരുവരെയും, ‘രക്തസാക്ഷികളല്ലാത്ത ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധർ’ എന്ന വിശേഷണത്തോടെയാണ് വിശുദ്ധാരാമത്തിലേക്ക് ഉയർത്തിയത്.

2005ൽ ഇഹലോകവാസം വെടിഞ്ഞ സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടികൾക്ക് 2008ലാണ് തുടക്കമായത്. മരണത്തിന്റെ അഞ്ചാം വർഷത്തിൽ മാത്രമേ നാമകരണ നടപടികൾ ആരംഭിക്കാവൂ എന്ന സഭാ നിയമത്തിന് ബെനഡിക്ട് 16-ാമൻ പാപ്പ ഇളവ് അനുവദിക്കുകയും ചെയ്തു. 2017ൽ സമാപിച്ച നാമകരണ നടപടികളുടെ പ്രാഥമിക ഘട്ടത്തിൽ മാത്രം ലഭിച്ചത് കത്തുകളും സാക്ഷ്യപത്രങ്ങളും ഉൾപ്പെടെ 15,000ത്തിൽപ്പരം രേഖകളാണ്.

1917 മേയ് 13ന് ഫാത്തിമയിലെ ഫ്രാൻസിസ്‌കോ, ജസീന്ത, ലൂസിയ എന്നീ കുട്ടികൾ ജപമാല ചൊല്ലി പ്രാർത്ഥിക്കവെയാണ് പരിശുദ്ധ അമ്മ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തുടർന്ന്, പശ്ചാത്തപിക്കണമെന്നും ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് പരിശുദ്ധ അമ്മ എല്ലാ മാസത്തിലെയും 13-ാം തീയതികളിൽ പ്രത്യക്ഷയായി. ഒക്ടോബർ 13നായിരുന്നു ഏറ്റവും അവസാനത്തെ പ്രത്യക്ഷീകരണം. അന്ന് സൂര്യൻ അഗ്‌നിവൃത്തം കണക്കെ നൃത്തം ചെയ്തുവെന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ഒരു പുണ്യാത്മാവിന്റെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികളിൽ നാലു ഘട്ടങ്ങളാണുള്ളത്. ആദ്യത്തേത് ദൈവദാസ പദവി. രണ്ടാമത്തെ ഘട്ടമാണ് ധന്യ പദവി. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത ഒരു അത്ഭുത രോഗസൗഖ്യം പ്രസ്തുത പുണ്യാത്മാവിന്റെ മധ്യസ്ഥതയിൽ സംഭവച്ചെന്ന് മെഡിക്കൽ വിദഗ്ദ്ധർ വിധിയെഴുതിയാൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും. സമാനമാംവിധം മറ്റൊരു അത്ഭുത രോഗസൗഖ്യംകൂടി സ്ഥിരീകരിക്കുന്നതോടെയാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?