ലോക യുവജന സംഗമത്തിൽ പങ്കെടുക്കാനെത്തിയ സ്പാനിഷ് സ്വദേശിയായ 16 വയസുകാരി ജിമെനക്കി ഇപ്പോഴും അമ്പരപ്പിൽനിന്ന് മുക്തയായിട്ടില്ല. കഴിഞ്ഞ രണ്ടര വർഷമായി തനിക്കു കാണാൻ കഴിയാതിരുന്നതൊക്കെ കൺ കുളിർക്കെ കണ്ടു തീർക്കുന്നതിന്റെ ആഹ്ലാദത്തിലാണവൾ. ‘മയോപ്പിയ’ രോഗത്താൽ 95% കാഴ്ചയും നഷ്ടപ്പെട്ട ജിമെന്ന ലോക യുവജന സംഗമത്തിനായി മാഡ്രിഡിൽനിന്ന് ഒരു സംഘം ‘ഓപൂസ് ദേയി’ സഹോദരങ്ങൾക്കൊപ്പം ലിസ്ബണിലേക്ക് യാത്ര തിരിച്ചത് ഒരേയൊരു പ്രാർത്ഥനയോടെയാണ്- ദൈവമേ എനിക്ക് കാഴ്ച തിരിച്ചു കിട്ടണം.
ലിസ്ബണിലേക്ക് പുറപ്പെടുംമുമ്പ് പരിശുദ്ധ മഞ്ഞുമാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ അവളും കൂട്ടുകാരും മറന്നില്ല. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഒറ്റ നിയോഗമേ ഉണ്ടായിരുന്നുള്ളൂ- ജിമെനെക്കു കാഴ്ച കിട്ടണം. ജപമാലയിൽ പങ്കെടുത്തു കഴിഞ്ഞപ്പോഴാണ്, ഫാത്തിമാ ബസിലിക്കയിൽ ഉടനെ വിശുദ്ധ കുർബാന ആരംഭിര്രുമെന്ന വിവരം അവൾ അറിഞ്ഞത്. അവിടേക്ക് പോയതും ഒരേ പ്രാത്ഥനയോടെ- കാഴ്ച തിരിച്ചുകിട്ടണം. അവിടെ വെച്ചാണ് അവൾക്ക് അത്ഭുതം സൗഖ്യം ലഭിച്ചത്. അവിടെ സംഭവിച്ച കാര്യങ്ങൾ അവളിൽനിന്നുതന്നെ കേൾക്കാം:
‘വിശുദ്ധ കുർബാന സ്വീകരിച്ച ഞാൻ വാവിട്ടു നിലവിളിച്ചു. കാരണം എന്റെ പ്രതീക്ഷകൾ സഫലമാകുന്നതിന്റെ യാതൊരു ലക്ഷണവും അവിടെ കണ്ടില്ല. അന്ന് മഞ്ഞുമാതാവിന്റെ നൊവേനയുടെ അവസാന ദിനവുമായിരുന്നു. ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ലല്ലോ എന്ന ചിന്ത എനിക്ക് സഹിക്കാൻ പറ്റിയില്ല. അതൊരു നിലവിളിയായി മാറി. എത്രസമയം കരഞ്ഞു എന്നെനിക്ക് ഓർമയില്ല, പക്ഷെ കരച്ചിലിനൊടുവിൽ കണ്ണ് തുറന്നപ്പോൾ എനിക്കെല്ലാം കാണാൻ സാധിച്ചു.
‘അൾത്താരയും ദിവ്യകാരുണ്യവുമെല്ലാം ഞാൻ കണ്ടു. നാളുകളായി എനിക്ക് കാണാൻ കഴിയാതിരുന്ന എന്റെ കൂട്ടുകാരുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞു. കാഴ്ച കിട്ടിയതിന്റെ സന്തോഷത്തിൽ മഞ്ഞുമാതാവിന്റെ നൊവേന ഞാൻ ഒരിക്കൽകൂടി വായിച്ചു പ്രാർത്ഥിച്ചു. പരിശുദ്ധ കന്യാമറിയം എനിക്ക് തന്നത് ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ്. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എനിക്ക്.’
സ്പാനിഷ് ബിഷപ്പ്‌സ് കോൺഫറൻസ് പ്രസിഡന്റും മാഡ്രിഡ് ആർച്ച്ബിഷപ്പുമായ കർദിനാൾ ജുവാൻ ഹൊസെ ഒമെല്ല ഈ അത്ഭുതത്തെ ‘ദൈവത്തിന്റെ വലിയ കാരുണ്യം’ എന്നാണ് ലിസ്ബണിലെ എഡ്വേർഡ് ഏഴാമൻ പാർക്കിൽ നടത്തിയ പത്രസമ്മേളത്തിൽ വിശേഷിപ്പിച്ചത്. ജിമെന്നയുമായി വീഡിയോ കോൺഫറൻസിലൂടെ താൻ സംസാരിച്ച വിവരവും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ ഏതാനും നാളുകളായി ജിമെന്ന ബ്രെയ്ലി പരിശീലിക്കുന്നുണ്ടായിരുന്നെന്നും എന്നാൽ അവൾക്ക് ഇപ്പോൾ സാധാരണ പോലെ വായിക്കാൻ കഴിയുന്നുണ്ടെന്നും സദ്വാർത്തയും അദ്ദേഹം വെളിപ്പെടുത്തി.
‘ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് ഡോക്ടർമാരാണ്. മുമ്പത്തെ അവസ്ഥ എന്തായിരുന്നു, അത് ഭേദമായിട്ടുണ്ടോ അങ്ങിനെയുള്ള കാര്യങ്ങൾ അവർ വിലയിരുത്തണം. എന്നാൽ, ഇപ്പോൾ പെൺകുട്ടിക്ക് ലഭിച്ചത് വലിയൊരു അത്ഭുതമാണെന്ന് പറയാം. മുമ്പ് അവൾ ഒന്നും കണ്ടിരുന്നില്ല, ഇപ്പോൾ അവൾ കാണുന്നു. മറ്റുള്ള കാര്യങ്ങൾ പറയാൻ യോഗ്യതയുള്ളത് ഡോക്ടർമാർക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ,’ കർദിനാൾ ജുവാൻ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *