Follow Us On

03

January

2025

Friday

”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം

റോയ് അഗസ്റ്റിൻ

”ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ കൊല്ലപ്പെടേണ്ടി വന്നാലും ഞാൻ ക്രിസ്തുവിനെ ഉപേക്ഷിക്കില്ല”; ആർച്ച്ബിഷപ്പ് ജാക്കസ് ഇന്നും മറന്നിട്ടില്ല ആ ദൃഢനിശ്ചയം

ക്രിസ്തുവിനെ തള്ളിപ്പറയണം, അല്ലെങ്കിൽ മരിക്കണം! ആരുമൊന്ന് പതറുമെങ്കിലും സെമിനാരിക്കാരനായ ജാക്കസ് മുറാദ് തിരഞ്ഞെടുത്തത് മരണത്തിലേക്കുള്ള പാത. പക്ഷേ, അവിടെ സംഭവിച്ചത് ഒരു അത്ഭുതമാണ്. ആ സെമിനാരിക്കാരനാണ് ഇന്നത്തെ സിറിയൻ ആർച്ച്ബിഷപ്പ് ജാക്കസ് മുറാദ്.

സിറിയയിലെ ഹോംസ് ആർച്ച്ബിഷപ്പ് ജാക്കസ് മുറാദിന് ആ ദിനങ്ങൾ ഇപ്പോഴും മറക്കാനാവുന്നില്ല. ഓർമയിലിപ്പോഴും, തന്റെ കഴുത്തിനോട് വാൾ ചേർത്തുവെച്ച് നിൽക്കുന്ന തീവ്രവാദിയുടെ മുഖമാണ്. അവന്റെ വാക്കുകൾ ചുട്ടുപഴുത്ത ഈയം പോലെ പൊള്ളിക്കുന്നതും. എന്താണ് തങ്ങൾ ചെയ്യുന്നതെന്നറിയാത്ത ഒരുകൂട്ടം മനുഷ്യർ മാത്രമായിരുന്നു അവർ. അവരുടെ മുമ്പിൽ മനുഷ്യരോ ഹൃദയത്തിൽ മാനുഷിക ഭാവങ്ങളോ ഉണ്ടായിരുന്നില്ല. കൊല്ലുക, അല്ലെങ്കിൽ മരിക്കുക. അത് മാത്രമായിരുന്നു അവരുടെ മനോഭാവം.

2015ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ അകപ്പെടുമ്പോൾ ബ്രദർ ജാക്കസ് സെമിനാരി വിദ്യാർത്ഥിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ എന്തുകൊണ്ട് ഇങ്ങനെയായി എന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ അവന്റെ മനസിൽ. അതിനിടയിൽ അറിയാതെ ഒന്നു മയങ്ങിപ്പോയി. ആരോ ശരീരത്തിൽ തൊഴിക്കുന്നു. കണ്ണ് തുറന്നപ്പോൾ കൈയിൽ വാളുമായി ഒരുവൻ. കഴുത്തിൽ പിടിച്ചുവലിച്ചുകൊണ്ടു പുറത്തേക്കു കൊണ്ടുപോയി. മനസിലാകാത്ത ഭാഷയിൽ അവൻ എന്തൊക്കെയോ പുലമ്പുന്നു. പറയുന്നതൊന്നും നല്ല കാര്യങ്ങളല്ലെന്നു അവന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു.

കൈയിലിരുന്ന വാളുകൊണ്ട് തന്റെ താടി ഉയർത്തി വ്യക്തമായ ഭാഷയിൽ അവൻ അലറി: ‘ക്രിസ്തുമതം ഉപേക്ഷിക്കുക, അല്ലെങ്കിൽ മരിക്കുക.’ ഞെട്ടിപ്പോയി! മരണവുമായി മുഖാമുഖം! ഒരു വൈദികനായി ദൈവത്തെയും ദൈവജനത്തെയും സേവിക്കുകയെന്ന തന്റെ സ്വപ്‌നങ്ങളെല്ലാം ഒരു ചില്ലുപാത്രം ഉടയുന്നപോലെ തകരുമെന്ന് അദ്ദേഹത്തിന് ഉറപ്പായി. ഒന്നുകിൽ സഭക്കുവേണ്ടിയും ലോകത്തിന്റെ രക്ഷക്കുവേണ്ടിയും ക്രിസ്തുവിന്റെ വഴിയേ മരണത്തിലേക്ക് നടന്നു കയറാം, അതല്ലെങ്കിൽ ജീവിതത്തിലിന്നോളം കാത്തിരുന്ന ഏറ്റവും വലിയ സ്വപ്‌നത്തിന്റെ പടിവാതിൽക്കലോളമെത്തിയിട്ട് എല്ലാം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് തിരിച്ചു നടക്കാം.

എന്നാൽ, ആദ്യത്തെ വഴി തിരഞ്ഞെടുക്കാനായിരുന്നു അവനിഷ്ടം. വെറുതെ കുരിശുമല കയറാനായിയുരുന്നില്ല അവൻ തീരുമാനിച്ചത്. മറിച്ച്, തന്നെ തടവറയിലാക്കിയ ഈ ഭീകരർക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് മരണം വരിക്കുക, അതുവഴി അവരുടെ മനസാന്തരത്തിന് വഴിയൊരുക്കുക. ദൈവത്തിൽ പൂർണ വിശ്വാസം അർപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ഈ തീരുമാനം വലിയ ആന്തരിക സ്വാതന്ത്ര്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഭയം മുഴുവൻ വിട്ടുപോയി. മുമ്പിൽ ഒരു യാഥാർഥ്യം പോലെ നിൽക്കുന്ന മരണത്തെ കുറിച്ചുള്ള ചിന്തകളെ ജപമാല കൊണ്ട് നേരിടാൻ അദ്ദേഹം പരിശീലിച്ചു.

എന്നാൽ ദൈവത്തിന്റെ വഴിയിൽ അവിടുന്ന് ഒരു അത്ഭുതം അവനുവേണ്ടി കാത്തുവെച്ചിരുന്നു. തടവിലായി എട്ടാം ദിനത്തിലാണ് അത് സംഭവിച്ചത്. അന്നാണ് റാക്കാ പ്രവിശ്യയുടെ ഗവർണർ തടവറയിലെത്തിയത്. തന്നെ തടവിലടച്ച, തന്റെ മരണത്തിന്റെ സമയം കുറിച്ച രക്തദാഹികളായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാരുടെ നേതാവാണ് തന്റെ മുമ്പിൽ നിൽക്കുന്നതെന്നറിയാതെ അയാളോടൊരു ചോദ്യം: ‘എന്തുകൊണ്ടാണ് ഞങ്ങളെ തടവിലാക്കിയിരിക്കുന്നത്, തടവറയിലടക്കപ്പെടാൻ തക്കവിധത്തിൽ എന്ത് കുറ്റമാണ് ഞങ്ങൾ നിങ്ങളോടു ചെയ്തത്?’

ബ്രദർ ജാക്കസിന്റെ മുഖത്തേക്ക് ഏതാനും നിമിഷത്തേക്ക് തുറിച്ചുനോക്കിയ അയാൾ പറഞ്ഞു: ‘ഈ സമയം ഒരു തിരിച്ചുപോക്കിനുള്ള സമയമാണെന്ന് കരുതിക്കൊള്ളുക.’ ബ്രദർ ജാക്കസിന്റെ ജീവിതത്തെ കീഴ്‌മേൽ മറിക്കുന്നതായിരുന്നു അയാളുടെ ആ മറുപടി. ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ മറുപടി ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ ബ്രദർ ജാക്കസിനെ വീണ്ടും പ്രേരിപ്പിച്ചു. ഒടുവിൽ തടവിലായതിന്റെ അഞ്ചാം മാസം ഒരു മുസ്ലീം യുവാവിന്റെ നേതൃത്വത്തിലുള്ള 15 പേരുടെ സഹായത്താൽ ബ്രദർ ജാക്കസും മറ്റു 12 തടവുകാരും രക്ഷപ്പെട്ടു.

തുടർന്ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം പിന്നീട് ബിഷപ്പായി. ഇപ്പോൾ സിറിയയിലെ ഹോംസ് അതിരൂപതയുടെ ആർച്ച്ബിഷപ്പാണ്. ”ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് ശത്രുക്കളുണ്ടാവില്ല. അഥവാ ഉണ്ടെങ്കിൽ അവനെയും നാം സ്‌നേഹിക്കണം. അതാണ് കാൽവരിയിൽ വെളിപ്പെട്ട ദൈവത്തിന്റെ സ്‌നേഹം.എനിക്ക് വ്യക്തമായി ഒരുകാര്യം പറയാനാകും പ്രാർത്ഥന മാത്രമായിരുന്നു തടവറയിൽ എനിക്ക് ആശ്വാസമായത്. എന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ കാലഘട്ടം തടവറയിലായിരുന്ന ആ അഞ്ചു മാസക്കാലമാണ്. കാരണം യേശുവിനോടും പരിശുദ്ധ കന്യാമറിയത്തോടും ചേർന്നിരിക്കാൻ ആ സമയങ്ങളിൽ എനിക്ക് സാധിച്ചു.”

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?