മാർക്കോവ: തങ്ങളുടെ ഫാം ഹൗസിൽ അഭയം പ്രാപിച്ച എട്ടുപേരടങ്ങുന്ന ജൂത കുടുംബത്തെ സംരക്ഷിച്ചതിന്റെ പേരിൽ നാസി പൊലീസ് കൊലപ്പെടുത്തിയ നവജാത ശിശു ഉൾപ്പടെ ഒൻപതു പേരടങ്ങുന്ന ഉൾമ കുടുംബത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി കത്തോലിക്കാ സഭ. തെക്കു കിഴക്കൻ പോളണ്ടിലെ മാർക്കോവേയിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ, പോളിഷ് പ്രസിഡണ്ട് ആന്ത്രേജ് ഡൂഡ ഉൾപ്പടെ മുപ്പതിനായിരത്തോളം വരുന്ന വിശ്വാസീസമൂഹത്തെ സാക്ഷിനിർത്തി വിശുദ്ധർക്കായുള്ള തിരുസംഘം തലവൻ കർദിനാൾ മാഴ്സെലോ സെമറാറൊയാണ് ഇത് സംബന്ധിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ കൽപ്പന വായിച്ചത്. ഇതാദ്യമാണ് നവജാത ശിശു ഉൾപ്പടെയുള്ള ഒരു കുടുംബം മുഴുവനെയും വാഴ്ത്തപ്പെട്ടവരായി സഭ പ്രഖ്യാപിക്കുന്നത്.
1944 മാർച്ച് 24 നാണ് ജോസഫ് ഉൾമയുടെ കുടുംബവും അവർ അഭയം നൽകിയ ജൂതരും കൊലചെയ്യപ്പെട്ടത്. കർഷകനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറും തീക്ഷണമതിയായ ക്രൈസ്തവ വിശ്വാസിയുമായിരുന്ന ജോസഫ് ഉൾമ (44), ഭാര്യ വികേ്താറിയ (31), മക്കളായ സ്റ്റാനിസ്ലാവ് (8), ബാർബറ (6),വ്‌ലാഡിസ്ലാവ് (5), ഫ്രാൻസിസെക് (4) അന്റോണിയ (3) ഒന്നര വയസുകാരിയായ മരിയ എന്നിവരായിരുന്നു അവർ. ഗർഭിണിയായിരുന്ന വിക്‌തോറിയ വെടിയേറ്റുവീണപ്പോൾ ജനിച്ച ദമ്പതികളുടെ പേരിടാത്ത മകനാണ് മരിച്ച ഏഴാമത്തെ കുഞ്ഞ്.
കുട്ടിയെ ജ്ഞാനസ്‌നാനപ്പെടുത്തിയില്ലെങ്കിലും ‘രക്തസ്‌നാന’ത്തിലൂടെ ആ ശിശുവും മാതാപിതാക്കളുടെ രക്തസാക്ഷിത്വത്തിൽ പങ്കാളിയാവുകയാണുണ്ടായത്. ജൂതർക്ക് അഭയം നൽകിയതിന് ജീവൻ വെടിഞ്ഞ ഇവരെ യാദ് വാഷേം ഇൻസ്റ്റിറ്റ്യൂട്ട് 1995ൽ പ്രത്യേക ബഹുമതി നൽകി ആദരിച്ചിരുന്നു. ഉൾമ കുടുംബത്തിന്റെ ചിത്രം അൾത്താരയിൽ വണക്കത്തിനായി കർദിനാൾ സോമാരോ അനാവരണം ചെയ്തു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഉൾമ കുടുംബത്തിന്റെ മധ്യസ്ഥതയിൽ ഒരു അത്ഭുതം തെളിയിക്കപ്പെട്ടാൽ അവരെ വിശുദ്ധരായി പ്രഖ്യാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *