Follow Us On

01

May

2024

Wednesday

ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം

ഫ്രഞ്ച് നഗരമായ മാർസിലിയ ഒരുങ്ങി, പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം

പേപ്പൽ പര്യടനം ശാലോം വേൾഡിൽ തത്സമയം 

വത്തിക്കാൻ സിറ്റി: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ഫ്രഞ്ച് നഗരമായ മാർസിലിയയിലെത്തുന്ന വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങി. ഫ്രാൻസിസ് പാപ്പ ഫ്രാൻസിൽ പര്യടനത്തിന് എത്തുന്നത് ഇത് രണ്ടാം തവണയാണെങ്കിലും 1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ പര്യടനത്തിനുശേഷം ഇതാദ്യമായാണ് മർസിലിയ പേപ്പൽ പര്യടനത്തിന് വേദിയാകുന്നത്. സെപ്തംബർ 17മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക.

മെഡിറ്ററേനിയൻ ജനതയുടെ പ്രതീക്ഷയും ആനന്ദവും പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ ശ്രദ്ധേയമാക്കുന്നത് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതവിശ്വാസികളായ യുവജനങ്ങളുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും പങ്കാളിത്തമാണ്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക പര്യടനത്തിൽ രാഷ്ട്രീയ, മത സാമുദായിക സംഘടനയിലെ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബർ 22 പ്രാദേശിക സമയം വൈകീട്ട് 4.15ന് മർസിലിയ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ സ്വീകരിക്കും. വൈകീട്ട് 5.15ന് നോട്ടർഡാം ഡി ലാ ഗാർഡെ കത്തീഡ്രലിൽ ബിഷപ്പുമാർക്കും വൈദീകർക്കുമൊപ്പം മരിയൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് മെഡിറ്ററേനിയൻ കടലിലെ കപ്പൽച്ഛേദത്തിൽ മരണപ്പെട്ട നാവീകരുടെയും അഭയാർത്ഥികളുടെയും സ്മാരകത്തിൽ പ്രാർത്ഥന നടത്തും.

പിറ്റേന്ന് രാവിലെ ആർച്ച്ബിഷപ്സ് ഹൗസിൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച. അതേ തുടർന്നാകും, മെഡിറ്ററേനിയൻ സംഗമത്തെ അഭിസംബോധന ചെയ്യുക. അവിടെവെച്ച് പ്രസിഡന്റ് മാക്രോണുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് വെലോദോം സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാകും പേപ്പൽ പര്യടനം സമാപിക്കുക. പാപ്പയുടെ 44-ാമത് വിദേശ പര്യടനവും ഫ്രാൻസിലേക്കുള്ള രണ്ടാമത്തെ പര്യടനവുമാണിത്. യൂറോപ്പ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ 2014 നവംബറിൽ സ്ട്രാസ്ബർഗിൽ എത്തിയതായിരുന്നു ഫ്രാൻസിസ് പാപ്പയുടെ പ്രഥമ ഫ്രഞ്ച് പര്യടനം.

മാർസിലിയ സന്ദർശനം പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാൻ ഇക്കഴിഞ്ഞ ദിവസം പാപ്പ, റോമിലെ സാന്താ മരിയ മജിയോരെ ബസിലിക്കയിൽ പ്രാർത്ഥിക്കാൻ എത്തിയിരുന്നു.

പേപ്പൽ പര്യടനം ശാലോം വേൾഡ് തത്സമയം ലഭ്യമാക്കും. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon കൂടാതെ ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworldtv.org/live), യൂടൂബ് (youtube.com/watch), ഫേസ്ബുക്ക് പേജ് (facebook.com/shalomworld) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?