Follow Us On

05

October

2022

Wednesday

ഭീകരരുടെ പിടിയിലും ഈശോയുടെ കരം വിട്ടില്ല, ‘കുട്ടിപ്പടയാളി’ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ

ഭീകരരുടെ പിടിയിലും ഈശോയുടെ കരം വിട്ടില്ല, ‘കുട്ടിപ്പടയാളി’ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ

ജൂബ: കുട്ടിപ്പടയാളിയാക്കാൻ ഭീകരർ പിടിച്ചുകൊണ്ടുപോയെങ്കിലും അവരിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും കുട്ടിക്കാലത്തെ ആഗ്രഹംപോലെതന്നെ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്ത സുഡാനിയൻ യുവാവിന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. തിരുപ്പട്ടം സ്വീകരിച്ചശേഷം റോമിൽ ഫിലോസഫി പഠനം നടത്തുന്ന ഫാ. ചാൾസ് എംബിക്കോ എന്ന ദക്ഷിണ സുഡാൻ സ്വദേശിയാണ് ഭീകരരുടെ പിടിയിലും ക്രിസ്തുവിന്റെ കരം നെഞ്ചോട്‌
ചേർത്തുപിടിച്ച ആ അത്ഭുതബാലൻ. പ്രമുഖ മാധ്യമമായ ‘ഇ.ഡബ്ല്യു.ടി.എന്നിന് ഈയിലെ നൽകിയ അഭിമുഖത്തിലാണ് സംഭവബഹുലമായ തന്റെ ജീവിതം ഫാ. ചാൾസ് സാക്ഷിച്ചത്.

1988ൽ, 12-ാം വയസിലായിരുന്നു ചാൾസിന്റെ സെമിനാരി പ്രവേശനം. സെമിനാരി ജീവിതം ഒരു വർഷം പിന്നിട്ടപ്പോഴായിരുന്നു ജീവിതത്തെ തലകീഴായി മറിച്ച ആ സംഭവം- ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ഭീകരവാദികളുടെ സംഘം സെമിനാരിയിൽനിന്ന് റെക്ടർ ഉൾപ്പെട 40 വിദ്യാർത്ഥികളെ ബന്ധികളാക്കി. ‘രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവെച്ച് കൊല്ലും,’ എന്ന് ആക്രോശിച്ച ഭീകരരുടെ തോക്കിൻകുഴലിനു മുന്നിൽ ജീവിതം തളച്ചിടപ്പെട്ട ദിനങ്ങൾ.

‘കർശന സൈനിക പരിശീലനത്തിന് ഞങ്ങൾ നിർബന്ധിതരായി. തവളകളെപ്പോലെ ചാടേണ്ടിവന്നു. തോക്ക് ഉപയോഗിക്കാൻ പരിശീലിക്കേണ്ടി വന്നു, വെടിയുണ്ടകളിൽനിന്ന് രക്ഷപെടാനുള്ള മാർഗങ്ങളും പഠിപ്പിച്ചു.’നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരാൻ കഴിവുള്ള ആയുധത്തെ സ്വന്തം പിതാവിനെപ്പോലെ കാണണമെന്ന കൽപ്പനയാണ് പഠിപ്പിക്കപ്പെട്ടതെന്നും ഫാ. ചാൾസ് അനുസ്മരിച്ചു.

പഴയ ജീവിതത്തിലേക്കോ പൗരോഹിത്യ സ്വപ്‌നങ്ങളിലേക്കോ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ചിന്തയാൻ നിരാശയുടെ പിടിയിൽ അമരുമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് കരുത്തായത് അവർക്കൊപ്പം പിടിയിലായ റെക്ടറാണ്. അദ്ദേഹത്തെ വിട്ടയക്കാൻ ഭീകരർ തയാറായിരുന്നെങ്കിലും അദ്ദേഹം സെമിനാരിക്കാർക്കൊപ്പം തുടർന്നു. ആരൊക്കെ ഉപേക്ഷിച്ചാലും തങ്ങളെ സംരക്ഷിക്കാൻ ദൈവമുണ്ടെന്ന ബോധ്യത്താൽ അദ്ദേഹം കുട്ടികളെ ശക്തിപ്പെടുത്തി.

മാസങ്ങൾക്കുശേഷം നാല് സെമിനാരിക്കാരോടൊപ്പം രക്ഷപ്പെടാനുള്ള മാർഗം അവരുടെ മുന്നിൽ തെളിഞ്ഞു. പിടിക്കപ്പെട്ടാൽ കൊല്ലപ്പെടുമെന്ന് ഉറപ്പാണെങ്കിലും ദൈവത്തിൽ ആശ്രയിച്ച് അവർ രക്ഷപ്പെടാനുള്ള തീരുമാനമെടുത്തു. അപകടകരമായ ആ യാത്രയിൽ, മുതലയും ചീങ്കണ്ണിയുമൊക്കെയുള്ള രണ്ട് നദികൾ അവർക്ക് കടന്നു. ‘യേ’ എന്ന പട്ടണത്തിലാണ് അവരുടെ സാഹസികയാത്ര അവസാനിച്ചത്. അവിടെ സെമിനാരി പരിശീലനം പുനരാരംഭിച്ചു.

എന്നാൽ, വിമതർ വീണ്ടും വരുമെന്ന വാർത്തകളെ തുടർന്ന് അവർ അവിടം വിടാൻ തീരുമാനിച്ചു. വിമതരിൽനിന്ന് രക്ഷനേടാൻ സെമിനാരി റിമെൻസെയിൽ നിന്ന് നസാരയിലേക്ക് മാറ്റിയെങ്കിലും വിമതപോരാളികൾ അവിടെയുമെത്തി. ഇതേ തുടർന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് പലായനം ചെയ്ത ചാൾസ് മൂന്നു വർഷം അവിടെ ചെലവിട്ടു. തുടർന്ന് സെമിനാരി പഠനം തുടരാൻ ഉഗാണ്ടയിലെത്തി.

‘ഏതാണ്ട് ഒമ്പത് വർഷം ഞാൻ പ്രവാസിയായി ജീവിച്ചു. ഇക്കാലമത്രയും എന്റെ മാതാപിതാക്കളെ കാണാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, സ്വന്തം നാട്ടിലെത്തിയാൽ അവർ ഞങ്ങളെ വീണ്ടും ബന്ധികളാക്കുമോയെന്ന് ഭയപ്പെട്ടിരുന്നു,’ ഫാ. ചാൾസ് വെളിപ്പെടുത്തി. സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം 2007ലായിരുന്നു തിരുപ്പട്ട സ്വീകരണം. ചാൾസിന്റെ അഭിപ്രായത്തിൽ, ഈ കഷ്ടപ്പാടുകളുടെ കാലമാണ് അദ്ദേഹത്തെ ദൈവവിളിയിൽ ഉറച്ചുനിൽക്കാൻ സഹായിച്ചത്.

‘ഈ പ്രതിസന്ധികൾ കണക്കിലെടുത്ത് പൗരോഹിത്യം എന്നത് എന്റെ വിളിയല്ല എന്ന ചിന്തയാൽ സെമിനാരിയോട് വിടപറയാമായിരുന്നു. എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഇത്രമാത്രം ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇന്ന് ഞാൻ തിരിച്ചറിയുന്നു, അത് പ്രതിസന്ധികളല്ലായിരുന്നു, എന്നെക്കുറിച്ചുള്ള ദൈവഹിതമായിരുന്നു.’

റോമിലെ ഫിലോസഫി പഠനം പൂർത്തിയാക്കിയ ശേഷം ദക്ഷിണ സുഡാനിലേക്ക് മടങ്ങാനുള്ള ആഗ്രഹം പങ്കുവെച്ച് ഫാ. ചാൾസ്, അതിന്റെ കാരണവും വെളിപ്പെടുത്തി: ‘വലിയ പ്രശ്ങ്ങളിലൂടെയാണ് എന്റെ രാജ്യം കടന്നുപോകുന്നത്. ജനം പരിഭ്രാന്തിയിലാണ്. അതിനാൽ ഒരു വൈദികൻ എന്ന നിലയിൽ, അവർക്ക് പ്രത്യശ പകരുക എന്നത് എന്റെ ദൗത്യമാണ്.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?