Follow Us On

23

June

2024

Sunday

കാർലോ അക്യുറ്റിസിന്റെ ‘ഇന്ത്യൻ സഹോദരി’ അജ്ന ജോർജിന് സ്വർഗത്തിൽ ഒന്നാം പിറന്നാൾ

കാർലോ അക്യുറ്റിസിന്റെ ‘ഇന്ത്യൻ സഹോദരി’ അജ്ന ജോർജിന് സ്വർഗത്തിൽ ഒന്നാം പിറന്നാൾ

‘മില്ലേനിയം സെയിന്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കുംവിധം ദിവ്യകാരുണ്യ ഭക്തിയിൽ ജീവിച്ച ജീസസ് യൂത്ത് അജ്ന ജോർജിന് (2023 ജനുവരി 21) സ്വർഗത്തിൽ ഒന്നാം പിറന്നാൾ!

ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ കഠിന വേദനകളെ പരാതികൂടാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ 2020ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്നയെ കുറിച്ചാണ്. കഴിഞ്ഞ വർഷം ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ 27 വയസുകാരി അജ്ന ജോർജ് എന്ന ‘ജീസസ് യൂത്തി’നെ കുറിച്ചാണ്.

ഈശോയെ സനേഹിക്കാൻ മൽസരിച്ചവൾ… കാൻസർ കോശങ്ങൾ കണ്ണും കാതും കരളും വായും താടിയെല്ലും കാർന്നെടുത്തപ്പോഴും പുഞ്ചിരി തൂകിയവൾ… വേദനയാൽ പുളയുമ്പോൾപോലും വേദന സഹിച്ച് നടന്നുതന്നെ പള്ളിയിൽ വരണമെന്ന് വാശി പിടിച്ചവൾ… ലോക്ഡൗൺ ദിനങ്ങളിൽ പോലും ഈശോയെ തരണമെന്ന് നിർബന്ധം പിടിച്ചവൾ… വേദനകളുടെ ലോകത്തുനിന്ന് ദൈവം അവളെ തിരിച്ചുവിളിക്കാൻ സകലരും പ്രാർത്ഥിച്ചപ്പോഴും സഹനങ്ങൾ കൂടുതൽ തരാൻ ഈശോയോട് അപേക്ഷിച്ചവൾ… സകലരെയും അത്ഭുതപ്പെടുത്തിയ അജ്നയ്ക്ക് ഏറ്റവും ചേരുന്നത്, വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ സോദരി എന്ന വിശേഷണംതന്നെയാകും!

വരാപ്പുഴ അതിരൂപത വൈറ്റില സെന്റ് പാട്രിക്ക് ഇടവക മുട്ടുങ്കൽ ജോർജ്- അച്ചാമ്മ ദമ്പതികളുടെ മകളായ അജ്‌നയ്ക്ക് കുട്ടിക്കാലം മുതൽതന്നെ ഈശോയായിരുന്നു എല്ലാം. കോളജ് പഠനകാലത്ത് ‘ജീസസ് യൂത്തി’ൽ സജീവമായത് അവളുടെ വിശ്വാസജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. തേവര എസ്.എച്ച് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ്, 2018ൽ കാൻസർ കോശങ്ങൾ അവളുടെ താടിയെല്ലിൽ സാന്നിധ്യം അറിയിച്ചത്. അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സൗഖ്യദിനങ്ങൾക്ക് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ.

കണ്ണും കാതും കരളും താടിയെല്ലും അധരങ്ങളുമെല്ലാം കാർന്നുതിന്നാൻ കാൻസർ കോശങ്ങൾ മത്സരിച്ചപ്പോഴും അവളുടെ മുഖത്തുനിന്ന് പുഞ്ചിരി മാഞ്ഞില്ല, അധരങ്ങളിൽനിന്ന് ദൈവസ്തുതി അകന്നില്ല. ഇക്കാലയളവിൽ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കാതിന്റെ കേൾവിയും കവർന്നെടുത്തു കാൻസർ. അവസാന നാളുകൾക്കുള്ളിൽ സംസാരശേഷിയും നഷ്ടമായി. എന്നാൽ, ദിവ്യകാരുണ്യത്തോടുള്ള അവളുടെ ഭക്തി കൂടുതൽ വെളിപ്പെടുത്തപ്പെട്ട നാളുകളായിരുന്നു അത്.

കുട്ടിക്കാലം മുതൽ ശീലിച്ച അനുദിന ദിവ്യബലി കഠിന വേദനയുടെ ദിനങ്ങളിലും അവൾ മുടക്കിയില്ല. നടക്കാൻ പ്രയാസപ്പെട്ടപ്പോഴും അമ്മയുടെ കൈ പിടിച്ച് അവൾ ദൈവാലയത്തിലെത്തി. ഇടവക വികാരി വാഗ്ദാനം ചെയ്ത യാത്രാ സൗകര്യംപോലും സ്‌നേഹപൂർവം നിരസിച്ചു അവൾ! കോവിഡ് ലോക്ഡൗൺ കാലത്ത് പൊതുജന പങ്കാളിത്തത്തോടെയുള്ള ദിവ്യബലികൾ വിലക്കപ്പെട്ടപ്പോഴും അനുദിനം വിശുദ്ധ കുർബാന സ്വീകരണത്തിനായി അവൾ നിർബന്ധം പിടിച്ചു.

അവളുടെ ദിവ്യകാരുണ്യ ഭക്തി മനസിലാക്കിയിരുന്ന ഇടവക വികാരി ഫാ. ജീൻ ഫെലിക്‌സ് ലോക്ഡൗൺ ദിനങ്ങളിലുടനീളവും ദിവ്യകാരുണ്യവുമായി അവളുടെ വീട്ടിലെത്തി. രോഗം മൂർച്ഛിച്ച് 2022 ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രി മുറി ദിവ്യകാരുണ്യ ആരാധനാ ചാപ്പലായി മാറുകയായിരുന്നു. അവൾക്ക് നൽകാനായി കൊണ്ടുപോകുന്ന തിരുവോസ്തിക്കു മുന്നിൽ ഒരു മണിക്കൂറോളം സമയം മനസുകൊണ്ട് സ്തുതിയാരാധനകൾ അർപ്പിച്ചശേഷമാണ് അവൾ ഈശോയെ നാവിൽ സ്വീകരിച്ചിരുന്നത്.

‘ആരെയും അത്ഭുതപ്പെടുത്തുംവിധം ജീവിച്ച നിരവധി വിശുദ്ധരെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, അപ്രകാരമൊരു പുണ്യജീവിതം അടുത്തുകാണുകയായിരുന്നു ഞാൻ,’ അവൾക്കുവേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ നൽകാൻ അവസരമൊരുക്കിയ ദൈവപദ്ധതിയെ കുറിച്ച് പറയുമ്പോൾ ഫാ. ജീൻ ഫെലിക്‌സിന്റെ കണ്ണുകൾ നിറയുന്നു. ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചുകൊണ്ടുതന്നെയായിരുന്നു അവൾ ഈശോയിൽ വിലയം പ്രാപിച്ചതും. അധരങ്ങൾ തുറക്കാൻപോലും സാധിക്കാതിരുന്നതിനാൽ തിരുവോസ്തി വെള്ളത്തിൽ അലിയിച്ച്, ഭക്ഷണം നൽകാൻ വയറ് തുളച്ച് ഇട്ടിരിക്കുന്ന ട്യൂബിലൂടെയാണ് അവൾ ഉൾക്കൊണ്ടിരുന്നത്. എതാണ്ട് ഏഴു മാസം ഇപ്രകാരമായിരുന്നു അവളുടെ വിശുദ്ധ കുർബാന സ്വീകരണം!

രോഗീലേപനം സ്വീകരിച്ച് വിശുദ്ധ കുർബാന ഉൾക്കൊണ്ടശേഷം ഇടവക വികാരി ഫാ. ജീൻ ഫെലിക്‌സിന്റെ കരംപിടിച്ച് ചൊല്ലിത്തുടങ്ങിയ ‘ഈശോ മറിയം യൗസേപ്പേ,’ എന്ന സൃകൃതജപം അരമണിക്കൂർ പിന്നിട്ടപ്പോഴേക്കും ആ ശബ്ദം നേർത്തുനേർത്ത് ഇല്ലാതായി, അവൾ ഈശോയ്ക്ക് സമർപ്പിച്ച ജീവശ്വാസം നിലച്ചു- 2022 ജനുവരി 21 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കൃത്യം മൂന്നിന്, ഈശോ മരിച്ച അതേസമയം!

അവളുടെ മരണംപോലും ദിവ്യകാരുണ്യ പ്രഘോഷണമായി മാറി എന്നതാണ് വാസ്തവം. ദിവ്യകാരുണ്യ ഈശോയോടുള്ള അവളുടെ സ്നേഹം പ്രകീർത്തിക്കുന്ന എത്രയെത്ര കുറിപ്പുകളാണെന്നോ ആ ദിനങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അത് ഇപ്പോഴും തുടരുന്നു. അവളുടെ ജീവിതം പ്രഘോഷിച്ചുകൊണ്ട് പുറത്തിറങ്ങ്യ പുസ്തകങ്ങളും ഷോർട്ട് ഫിലിമുകളുമെല്ലാം അനേകരെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?