Follow Us On

03

January

2025

Friday

ഏറ്റവും കൂടുതൽ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ ഒന്നാമത്! 

ഏറ്റവും കൂടുതൽ പേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ  നൈജീരിയ ഒന്നാമത്! 

വിശുദ്ധ കുർബാന മുടക്കാതെ 94% നൈജീരിയൻ കത്തോലിക്കർ

വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അനുദിനം വ്യാപകമാകുമ്പോഴും ഏറ്റവും കൂടുതൽപേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്ന് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു.

വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ ജോർജ്ഡൗൺ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ‘കാര’.

ആഫ്രിക്കൻ രാജ്യമായ കെനിയയ്ക്കാണ് രണ്ടാം സ്ഥാനം- 73% പേർ. കത്തോലിക്കരിൽ 69% പേർ ആഴ്ചയിലൊരിക്കലെങ്കിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്ന ലെബനനാണ് മൂന്നാം സ്ഥാനം. ഫിലിപ്പീൻസ് (56%), കൊളംബിയ (54%), പോളണ്ട് (52%), ഇക്വഡോർ (50%) എന്നിവയാണ് 50%നും അതിനും മുകളിൽ കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ.

ബോസ്‌നിയ ആൻഡ് ഹെർസഗോവിന (48%), മെക്‌സിക്കോ (47%), നിക്കരാഗ്വ (45%), ബൊളീവിയ (42%), സ്ലൊവാക്യ (40%), ഇറ്റലി (34%) പെറു (33%) എന്നിവയാണ് 30%നു മുകളിൽ കത്തോലിക്കർ ദിവ്യബലിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ. അമേരിക്കയിൽ അത് 24% മാണ്. ബ്രസീൽ (8%) ഫ്രാൻസ് (8%) നെതർലൻഡ്‌സ് (7%) എന്നിവയാണ് ഏറ്റവും പിന്നിൽ.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുമ്പോഴും നൈജീരിയയിൽ കത്തോലിക്കാ വിശ്വാസം ശക്തിയാർജിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് കരുത്തുപകരുന്നതാണ് പുതിയ സർവേ ഫലം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അഭംഗുരം തുടരുമ്പോഴും ക്രിസ്ത്യൻ ജനസംഖ്യയിൽ ആറാം സ്ഥാനത്തുള്ള രാജ്യമാണ് നൈജീരിയ. 80 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള നൈജീരിയയിൽ 44 രൂപതകളിലായി 20 ദശലക്ഷം കത്തോലിക്കരുണ്ടെന്നാണ് കണക്കുകൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?