Follow Us On

29

March

2024

Friday

10 ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തത്തിൽ കോംഗോയിൽ വിശുദ്ധ കുർബാന അർപ്പിച്ച് ഫ്രാൻസിസ് പാപ്പ; ചരിത്രത്തിൽ ഇടംപിടിച്ച് എയർപ്പോർട്ടിലെ ദിവ്യബലി

10 ലക്ഷത്തിൽപ്പരം പേരുടെ പങ്കാളിത്തത്തിൽ കോംഗോയിൽ വിശുദ്ധ കുർബാന അർപ്പിച്ച്  ഫ്രാൻസിസ് പാപ്പ; ചരിത്രത്തിൽ ഇടംപിടിച്ച് എയർപ്പോർട്ടിലെ ദിവ്യബലി

കിൻഷാസ: പത്ത് ലക്ഷത്തിൽപ്പരം വരുന്ന വിശ്വാസീസമൂഹത്തിന്റെ പങ്കാളിത്തത്തോടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ (ഡി.ആർ.സി) തലസ്ഥാന നഗരിയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാൻസിസ് പാപ്പ. തന്റെ അപ്പസ്തോലിക പര്യടനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (ഫെബ്രുവരി ഒന്ന്) കിൻഷാസയിലെ ‘എൻഡോളോ’ വിമാനത്താവളത്തിലായിരുന്നു പാപ്പ ദിവ്യബലി അർപ്പിച്ച് രാജ്യത്തിനും ജനങ്ങൾക്കുമായി പ്രത്യേകം പ്രാർത്ഥിച്ചത്. ഡി.ആർ.സിയുടെ ചരിത്രത്തിൽ എന്നല്ല, ആഫ്രിക്കയുടെ ചരിത്രത്തിൽതന്നെ ഇത്രമാത്രം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലി ഒരുപക്ഷേ ഇതാദ്യമായിരിക്കും.

ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ വക്താക്കളാകണമെന്ന് ഓർമിപ്പിച്ച് പാപ്പ പങ്കുവെച്ച സന്ദേശവും ശ്രദ്ധേയമായി. ക്രിസ്തു തന്റെ ജനതയുടെ മുറിവുകൾ അറിയുന്നുവെന്ന് വ്യക്തമാക്കിയ പാപ്പ, അവരെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു: ‘നമ്മുടെ മുറിവുകളെ ഈശോയുടെ മുറിവുകളോട് ചേർത്തുനിർത്താൻ കുരിശ് ഹൃദയത്തോട് ചേർത്തുപിടിക്കണം. മറ്റുള്ളവരോടും ചരിത്രത്തോടും ക്ഷമിക്കാനുമുള്ള ശക്തിയും ഈശോ നമുക്ക് നൽകുന്നുവെന്ന് നാം വിശ്വസിക്കുന്നു. അതുതന്നെയാണ് ക്രിസ്തു ആഗ്രഹിക്കുന്നത്.’

ക്രൂശിതരൂപവും പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവും പ്രതിഷ്ഠിച്ചുകൊണ്ട് സജ്ജീകരിച്ച അൾത്താരയിലാണ് ദിവ്യബലി അർപ്പിക്കപ്പെട്ടത്. ലത്തീൻ അഥവാ റോമൻ ആരാധനക്രമത്തിന്റെ ആഫ്രിക്കൻ പതിപ്പായ ‘സയറിയൻ’ റീത്തിലായിരുന്നു ദിവ്യബലി അർപ്പണം. കിൻഷാസ അതിരൂപതാധ്യക്ഷൻ കർദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുങ്കുയായിരുന്നു ദിവ്യബലി അർപ്പിച്ചത്. ഡി.ആർ.സിയിൽനിന്നുള്ള കർദിനാൾമാരും ബിഷപ്പുമാരും വൈദികരും സഹകാർമികരായിരുന്നു.

വെള്ളവസ്ത്രം ധരിച്ച നൂറുകണക്കിന് പെൺകുട്ടികൾ പ്രാരംഭഗാനത്തിന് നൃത്തചുവടുകൾ വെച്ചുകൊണ്ടാണ് കാർമികരെ അൾത്താരയിലേക്ക് ആനയിച്ചത്. ദിവ്യബലിയുടെ വിവിധ ഭാഗങ്ങളിൽ ഫ്രഞ്ച്, ലിംഗാല, സ്വാഹിലി ഭാഷകളിൽ പ്രാർത്ഥനകൾ ചൊല്ലി. വചനസന്ദേശത്തെ തുടർന്ന് കർദിനാൾ അംബോംഗോയുടെ നേതൃത്വത്തിൽ നടത്തിയ അനുരജ്ഞന ശുശ്രൂഷയായിരുന്നു ‘സയറിയൻ’ ആരാധനക്രമത്തിൽ അർപ്പിച്ച ദിവ്യബലിയുടെ സവിശേഷത.

ദിവ്യബലിയുടെ സമാപനത്തിൽ അപ്പസ്തോലിക സന്ദർശനത്തിനും ഹൃദയസ്പർശിയായ വചനസന്ദേശത്തിനും പാപ്പയോടുള്ള നന്ദി കർദിനാൾ അംബോംഗോ രേഖപ്പെടുത്തി. പാപ്പ കർദിനാളിന് ഒരു കാസ സമ്മാനമായി നൽകി. രാജ്യത്തിന്റെ രൂപരേഖയ്ക്കൊപ്പം ഫ്രാൻസിസ് പാപ്പയുടെ ചിത്രംകൂടി ഉൾപ്പെടുത്തി ഫ്രെയിം ചെയ്ത ഒരു ഫലകമായിരുന്നു കർദിനാളിന്റെ സമ്മാനം.

ദൈവമാതാവിന്റെ തിരുരൂപത്തിനു മുന്നിൽ അൽപ്പനേരം പ്രാർത്ഥിച്ചതിനുശേഷം പാപ്പാമോബീലിൽ സഞ്ചരിച്ചുകൊണ്ട് പാപ്പ വിശ്വാസികളെ ആശീർവദിച്ചു. പ്രസിഡന്റ് ഫെലിക്സ് ഷിസെക്കെദി, പ്രഥമ വനിത ഡെനിസ് ഷിസെക്കെദി, പ്രധാനമന്ത്രി ജീൻമൈക്കൽ സാമ ലുക്കോണ്ടെ ക്യെംഗെ എന്നിവർക്കൊപ്പം സൈനിക മേധാവികളും കാബിനറ്റ് അംഗങ്ങളും ദിവ്യബലിയിൽ സന്നിഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?