ലാൻസിംഗ്: വിന്റർ കാർണിവലിന്റെ ഭാഗമായി അമേരിക്കയിലെ മിഷിഗൺ ടെക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ദിവ്യബലി അർപ്പണത്തിനായി ഒരുക്കിയ ഐസ് ചാപ്പൽ ശ്രദ്ധേയമാകുന്നു. 1922മുതൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വിന്റർ കാർണിവലിൽ തുടർച്ചയായ എട്ടാം തവണയാണ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ഐസുകൊണ്ട് ചാപ്പൽ നിർമിക്കുന്നത്. പതിവുപോലെ സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ നേതൃത്വത്തിൽ ഐസ് ചാപ്പലിൽ വാർഷിക ദിവ്യബലി അർപ്പണവും നടന്നു.
ഫെബ്രുവരി 10 വൈകീട്ട് 5.00ന് അർപ്പിച്ച പ്രഥമ ദിവ്യബലിയുടെ തത്സമയം സംപ്രേഷണവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി 10.00നും ദിവ്യബലി അർപ്പണം ക്രമീകരിച്ചിരുന്നു. സെന്റ് ആൽബർട് ദ ഗ്രേറ്റ് ഇടവകയുടെ അങ്കണത്തിൽ ഒരുക്കിയ ഐസ് ചാപ്പലിൽ അർപ്പിച്ച ദിവ്യബലിയിൽ പ്രദേശവാസികളും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കുകൊണ്ടു.
കൂട്ടായ്മയും വിശ്വാസവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവജനക്കൂട്ടായ്മ ആരംഭിച്ച ഐസ് ചാപ്പൽ നിർമാണം ഓരോ വർഷം പിന്നിടുമ്പോഴും കൂടുതൽ ശ്രദ്ധേയമാകുകയാണ്. മൈനസ് ഡിഗ്രിയിലും ഉജ്വലിക്കുന്ന ക്രിസ്തുവിശ്വാസത്തിന്റെ നേർസാക്ഷ്യം എന്നാണ് വിദ്യാർത്ഥികളുടെ ഈ ശ്രമം വിശേഷിപ്പിക്കപ്പെടുന്നത്.
പ്രദേശവാസികളെയും ഉൾപ്പെടുത്തിയാണ് ‘ഔർ ലേഡി ഓഫ് സ്നോസ്’ എന്ന പേരിൽ വിദ്യാർത്ഥികൾ ചാപ്പൽ നിർമിച്ചത്. മരംകൊണ്ട് നിർമിച്ച ദൈവമാതാവിന്റെ തിരുരൂപവും ‘സ്‌റ്റൈയിൻഡ് ഗ്ലാസ്’ മാതൃകയിൽ പ്രത്യേകം തയാറാക്കിയ ‘സ്‌റ്റൈയിൻഡ് ഐസ്’ ചിത്രങ്ങളുമായിരുന്നു മുഖ്യസവിശേഷത. മുൻ വർഷങ്ങളിലേതുപോലെ, അതിസുന്ദരമായ പ്രസംഗപീഠം ഇത്തവണയും ചാപ്പലിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിന്റർ ഫെസ്റ്റായാണ് മിഷിഗൺ വിന്റർ കാർണിവൽ വിശേഷിപ്പിക്കപ്പെടുന്നത്. ഐസ് സ്റ്റാച്ചു നിർമാണം ഉൾപ്പെടെ നിരവധി വിനോദപരിപാടികളും ഇതോടനുബന്ധിച്ച് ക്രമീകരിക്കാറുണ്ടെങ്കിലും 2016മുതൽ നിർമിക്കുന്ന ഐസ് ചാപ്പലും അവിടെ അർപ്പിക്കപ്പെടുന്ന ദിവ്യബലിയുമാണ് ഫെസ്റ്റിവെലിന്റെ മുഖ്യ സവിശേഷത. ഐസ് ഉരുകിത്തീരുന്നതുവരെ ചാപ്പൽ അതേപടി തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *