Follow Us On

23

January

2025

Thursday

താപസകാലം

''ഒരർത്ഥത്തിൽ അനുതാപത്തിന്റെ പെരുനാളാണ് താപസകാലം. മാമ്മോദീസാ ജലത്തിൽ ആരംഭിച്ച ഈ വിശ്വാസയാത്ര ഇടയ്ക്കിടെ അനുതാപത്തിന്റെ കണ്ണീരിലും സ്നാനം ചെയ്യണം.'' - ബെനഡിക്ട് 16-ാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, 'പെരുവഴിയന്റെ പിന്നാലെ- 1

താപസകാലം

”മാമ്മോദീസ എന്ന കുദാശവഴി ഒരാത്മാവ് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുന്നു. സ്വയം കേന്ദ്രീകൃത ജീവിതത്തിൽ നിന്ന് പരനിലേക്കും അപരനിലേക്കും കണ്ണുകളുയർത്താൻ ഒരാൾ അഭ്യസിക്കുന്നു. പരമ്പരാഗതമായി മൂന്നു കാര്യങ്ങളിൽ ഈ താപസുകാലത്ത് നാം കൂടുതൽ ശ്രദ്ധ വയ്ക്കുന്നുണ്ട്: പ്രാർത്ഥന ഉപവാസം, ദാനധർമം. നിത്യതയെ ധ്യാനിക്കാതെ ഈ ലോകജിവിതം ജീവിച്ചു തീർക്കുക കരണീയമല്ല. ദൈവശബ്ദത്തിന് കാതോർക്കാനും പ്രത്യാശയോടെ മാറ്റമില്ലാത്ത ദൈവവചനത്തിന്റെ ഉപാസകരാകാനും പ്രാർത്ഥന സഹായിക്കും. നമ്മുടെ വിരുന്നുമേശകൾ പാവപ്പെട്ടവരുടേതിനു സമാനമാകുമ്പോൾ അഹം മറികടന്ന് ജീവിക്കാൻ നമുക്കാകും. ദാനവും സ്നേഹവും നാം പഠിക്കുന്നത് ഉപവാസത്തിലൂടെയാണ്. സമ്പാദിച്ചുകൂട്ടുക എന്ന പ്രലോഭനത്തെ മറികടന്ന് ദൈവം സുപ്രധാനമായി മാറുമ്പോൾ അപരനെ സഹായിച്ചാണല്ലോ കാണപ്പെടാത്ത ദൈവത്തെ നാം മഹത്വപ്പെടുത്തേണ്ടത്. ഉപഭോഗസംസ്‌ക്കാരത്തിനുള്ള പ്രതിവിധിയാണ് ദാനധർമം. സന്തോഷം ഒരാളിൽ നിലകൊള്ളണമെങ്കിൽ അയാൾ സ്വയം മറന്ന് ജീവിക്കുന്നവനാകണം.”

(ബെനഡിക്ട് 16-ാമൻ പാപ്പ, 2011ലെ നോമ്പുകാല സന്ദേശം).

ഇറങ്ങിപ്പോകാൻ എളുപ്പമാണ്, മടങ്ങിയെത്തുകയാണ് ക്ലേശകരം. നാം ആരെന്നും നമ്മുടെ ദൈവം ആരെന്നും നമ്മുടെ നിയോഗം എന്തെന്നും തിരിച്ചറിയുമ്പോഴാണ് അനുതാപം ഒരാളിൽ മുളയെടുക്കാൻ തുടങ്ങുന്നത്. ഒരർത്ഥത്തിൽ അനുതാപത്തിന്റെ പെരുനാളാണ് താപസകാലം. മാമ്മോദീസാ ജലത്തിൽ ആരംഭിച്ച ഈ വിശ്വാസയാത്ര ഇടയ്ക്കിടെ അനുതാപത്തിന്റെ കണ്ണീരിലും സ്നാനം ചെയ്യണം. ഈ രണ്ടു സ്നാനങ്ങളും പ്രധാനപ്പെട്ടതാണ്: ജലത്താലുള്ള ജ്ഞാനസ്‌നാനം, കണ്ണീരിലാലുള്ള ജ്ഞാനസ്‌നാനം (Baptism by water, baptism by tears).

പിതാവിന്റെ കൈകളിൽനിന്നും കുതറിയോടിയ ഒരു കുഞ്ഞാണ് നീ. നാമെല്ലാം അതുതന്നെ. അപ്രകാരമുള്ള കഥാപാത്രങ്ങളുടെ ഒരു വലിയ നിരയുണ്ട് വേദഗ്രന്ഥത്തിൽ. കൂലികൊടുത്ത് താർഷീഷിലേക്ക് പോയ യോന തൊട്ടടുത്തുള്ള നിനവേയിലേക്കുള്ള നിയോഗം മറന്നു യാത്ര ചെയ്തവനല്ലേ. ഒടുക്കം, അനുതാപത്തിന്റെ കണ്ണീർ ഒഴുക്കുന്നത് മത്സ്യത്തിന്റെ ഉള്ളിൽ കിടന്നാണ്. ഞാനാണ് കുറ്റക്കാരൻ, എന്നെ ജലത്തിലേക്ക് വലിച്ചെറിയുക, അതാണ് പരിഹാരം. കടലിലെ ജലത്തേക്കാൾ അനുതാപത്തിന്റെ ഉപ്പുകലർന്നിരുന്നു യോനയുടെ കണ്ണീരിന്.

ഗുരുവിനെ തള്ളിപ്പറഞ്ഞ ശിമയോൻ പത്രോസും ഒഴുക്കിയില്ലേ കണ്ണീർ, ഇരു നയനങ്ങളിലും ചാലുകൾപോലും രൂപപ്പെടാൻ വിധത്തിൽ. മറിയം മഗ്ദലയുടെ കണ്ണീരിലാണ് രക്ഷകന്റെ പാദക്ഷാളം അവൾ ഒരുക്കിയത്. ആരിൽനിന്നും ഓടിയൊളിക്കാൻ ശ്രിമിച്ചുവോ, ആ നിതാന്ത ചൈതന്യത്തിലേക്കുള്ള മടക്കയാത്രയിൽ കണ്ണീരിൽ സ്നാനം നടത്താതിരിക്കുക സാധ്യമല്ല. ദൈവകൃപയെ സ്നേഹത്തിന്റെ ബോധി വൃക്ഷച്ചുവട്ടിലിരുന്ന് ധ്യാനിക്കുന്ന ആർക്കാണ് അനുതപിക്കാൻ കഴിയാതെ പോകുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?