Follow Us On

23

December

2024

Monday

നീ ദൈവപുത്രനാണെങ്കിൽ

'സ്വയം തെളിയിക്കാനുള്ള ഗോഷ്ടികളിലാണ് നാം പലപ്പോഴും പെട്ടുപോകുന്നത്. വില കുറഞ്ഞ വെല്ലുവിളികളിൽ നിന്റെ ഔന്നിത്യം കളഞ്ഞു കുളിക്കരുത്. നീ ആരെന്നും ആരുടേതെന്നും തെളിയിക്കേണ്ടത് ഉടയവനാണ്, മറക്കരുത്.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 22

നീ ദൈവപുത്രനാണെങ്കിൽ

‘ദൈവത്തിനെതിരായ ഇന്നത്തെ കുറ്റപത്രം എല്ലാറ്റിനുമുപരിയായി അവിടുത്തെ സഭയെ സമ്പൂർണമായി അപകീർത്തിപ്പെടുത്തുന്നതിലും അങ്ങനെ സഭയിൽനിന്ന് നമ്മെ അകറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മനുഷ്യൻ നിർമിച്ചതല്ല സഭ. അത് ദൈവത്തിന്റെതാണ്. സഭയിൽ ഇന്നും ചീത്ത മത്സ്യങ്ങളും കളകളുമുണ്ട്. പക്ഷേ, ഇതിനിടയിലും ഇന്നും നശിപ്പിക്കപ്പെടാത്ത പരിശുദ്ധ സഭയുണ്ട്. മുമ്പെങ്ങുമില്ലാത്തവിധം രക്തസാക്ഷികളുടെ സഭയാണ് ഇന്നത്തേത്. ജീവിക്കുന്ന ദൈവത്തെ സാക്ഷിക്കുന്ന സഭ. പിശാച് ആക്ഷേപകനാണ്. അവൻ രാവും പകലും നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്നു (വെളി.12:10). സഭയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ദൈവം തന്നെയും നല്ലവനല്ലെന്ന് സ്ഥാപിക്കാൻ അവൻ തിടുക്കം കൂട്ടുന്നു.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, എന്താണ് ക്രിസ്തീയത? 2022).

ക്രിസ്തുവിന്റെ ആദ്യപ്രലോഭനവും അന്ത്യപ്രലോഭനവും ഒന്നു തന്നെയാണ്: നീ ദൈവപുത്രനാണെങ്കിൽ! നീ ദൈവപുത്രനാണെങ്കിൽ കല്ലിനെ അപ്പമാക്കുക, ദൈവാലയത്തിന്റെ ഉച്ചിയിൽ നിന്നും എടുത്തു ചാടുക. നീ ദൈവപുത്രനെങ്കിൽ കുരിശിൽനിന്നും ഇറങ്ങിവരിക. സഭയുടെ എക്കാലത്തെയും പ്രലോഭനവും ഇതുതന്നെ: യഥാർത്ഥ സഭയെങ്കിൽ മനുഷ്യന്റെ വെല്ലുവിളികളെ വെല്ലുന്ന ചെയ്തികൾ നിർവഹിക്കുക. അങ്ങനെ മനുഷ്യനെ പുളകം കൊള്ളിക്കുക.

സ്വയം തെളിയിക്കാനുള്ള ഗോഷ്ടികളിലാണ് നാം പലപ്പോഴും പെട്ടുപോകുന്നത്. പേരു നിലനിറുത്താൻ സ്ഥാനം ഉറപ്പിക്കാൻ, മോശമല്ലെന്നു തെളിയിക്കാൻ നിരന്തരം സർക്കസ് കൂടാരത്തിലെ കുരങ്ങനു സമാനം പുതിയ നമ്പറുകളുമായി നീങ്ങുകയാണ് നാം. എന്തൊരു പ്രലോഭനമാണിത്. മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ഉരകല്ലിൽ തേച്ച് നിന്റെ മേന്മ തെളിയിക്കുക. ദൈവപുത്രനോടു പറയുന്നതും ഇതുതന്നെ, മനുഷ്യന്റെ മാന്ത്രികച്ചരടിൽ ദൈവപുത്രൻ സാഹസം കാണിക്കണം! അല്ലെങ്കിൽ അവൻ ദൈവമല്ല!

ആരോ പറഞ്ഞതുപോലെ: തെളിവുണ്ടെങ്കിലേ വിശ്വസിക്കൂ എന്നു ശഠിച്ചവനെ വിശ്വസിപ്പിക്കാൻ ഒരാൾ ശ്രമം നടത്തുന്നു. മരിച്ച മനുഷ്യൻ ബ്ലീഡ് ചെയ്യില്ല, ഉറപ്പാണല്ലോ. അതെ, മരിച്ചവർ ബ്ലീഡു ചെയ്യുമെങ്കിൽ ദൈവമുണ്ട്, വിശ്വസിക്കാം എന്നായി നിരീശ്വരൻ. മഹാപ്രാർത്ഥന നടത്തി ശവത്തിൽ ആണി കയറ്റി. പെട്ടെന്നത് ബ്ലീഡ് ചെയ്തു! മനസിലായില്ലേ ദൈവമുണ്ടെന്ന്. പെട്ടെന്നയാൾ പ്രതികരിച്ചു, ഒരു കാര്യവും കൂടി പിടികിട്ടി, മരിച്ചവരും ബ്ലീഡ് ചെയ്യും!

തെളിവുകളുടെയും പ്രകടനങ്ങളുടെയും ചുമലിൽ എത്രനാൾ ദൈവപുത്രനെ നാം ചാരി നിർത്തും? കുരിശിൽ നിന്നിറങ്ങിയാലും അവരന്ന് വിശ്വസിക്കില്ല. പക്ഷേ, മരിച്ച് അടക്കം ചെയ്ത് മൂന്നാം നാൾ കല്ലറ പിളർന്ന് പുറത്തുവന്നപ്പോൾ അവർ വിശ്വസിച്ചിരുന്നോ എന്നു ചോദിക്കണം. കല്ലിനെ അപ്പമാക്കാൻ തയാറാകാതിരുന്നവൻ അഞ്ചപ്പത്തെ പതിനായിരത്തിന് വിളമ്പിയപ്പോൾ വിശ്വസിച്ചിരുന്നോ എന്നു ചോദിക്കണം. വില കുറഞ്ഞ വെല്ലുവിളികളിൽ നിന്റെ ഔന്നിത്യം കളഞ്ഞു കുളിക്കരുത്. നീ ആരെന്നും ആരുടേതെന്നും തെളിയിക്കേണ്ടത് ഉടയവനാണ്, മറക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?