”പുൽത്തൊട്ടിയെ ചിത്രീകരിക്കുന്നത് ബലിത്തറയായിട്ടാണ്. വളർത്തുമൃഗങ്ങൾ ആഹാരം കണ്ടെത്തുന്ന ഇടമാണല്ലോ പുൽത്തൊട്ടി. എന്നാൽ ഇപ്പോൾ പുൽതൊട്ടിയിൽ കിടക്കുന്നത് സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം താനാണ് എന്ന് പറഞ്ഞവനാണ്. നാം യഥാർത്ഥത്തിൽ നമ്മളായിരിക്കാൻ ആവശ്യകമായിരിക്കുന്ന പോഷകാഹാരമാണ് ഇപ്പോൾ പുൽത്തൊട്ടിയിൽ കിടക്കുന്നത്. അപ്പോൾ ദൈവത്തിന്റെ തീൻമേശയിലേക്കാണ് പുൽത്തൊട്ടി സൂചന നൽകുന്നത്. ദൈവത്തിന്റെ അപ്പം സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ദിവ്യമായ ഈ തീൻമേശയിലേക്കാണ്.”
(ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം)
രണ്ടാം സന്താപം: ദാരിദ്ര്യത്തിന്റെ പുൽകൂട് ഒരുക്കേണ്ടിവന്ന യൗസേപ്പ് (ലൂക്കാ 2:7).
രണ്ടാം സന്തോഷം: രക്ഷകന്റെ ജനനം (ലൂക്കാ. 2:10-11)
മക്കൾക്ക് നല്ലത് നൽകാനാകാതെ വരുമ്പോൾ ഏതപ്പന്റെ ചങ്കിലാണ് മുറിവേൽക്കാത്തത്? തലമുറകൾ പ്രാർത്ഥിച്ചും ബലി ചെയ്തും കാത്തിരുന്ന ദൈവകുമാരൻ പിറന്നപ്പോൾ നല്ലൊരു തൊട്ടിലുപോലും ഒരുക്കാൻ കഴിയാതെ പോയ യൗസേപ്പിനെ ഓർക്കുക.
റോമൻ ചക്രവർത്തി അഗസ്റ്റസ് സീസറിന്റെ കൽപ്പന വന്നത് ആ ദിവസങ്ങളിലായിരുന്നു. ലോകാസകലമുള്ള എല്ലാ മനുഷ്യരും അവരവരുടെ പിതൃഗ്രാമത്തിൽപോയി പേരെഴുതിക്കണം. ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവനായിരുന്നതിനാൽ ജോസഫ് പിതൃ ഗ്രാമമായ ബെത്ലെഹേമിലേക്കു പോകണം.
നൂറു മൈലിലധികം യാത്ര ചെയ്യണം. മറിയം പൂർണ ഗർഭിണിയുമാണ്. കുഞ്ഞിനെ സ്വീകരിക്കാൻ വീട്ടിലൊരുക്കിയിരുന്ന സജ്ജീകരണങ്ങളെല്ലാം മാറ്റിവച്ച് മറിയത്തെയും കൂട്ടി യാത്രയാകുന്ന യൗസേപ്പിനെ ധ്യാനിക്കുക. യാത്ര തിരിക്കുമ്പോൾ ഒരൊറ്റ പ്രാർത്ഥനയേ അവന്റെ ഉള്ളിലുള്ളൂ- ‘രക്ഷകൻ പിറന്നു വീഴുംമുമ്പേ വീട്ടിൽ തിരിച്ചെത്തണം.’
പലപ്പോഴും കാര്യങ്ങൾ സംഭവിക്കുന്നത് നമ്മുടെ പ്രാർത്ഥനകൾക്കും അപ്പുറത്താണല്ലോ. ബെത്ലെഹെമിൽ എത്തിയപ്പോഴേ അവൾക്കു പ്രസവസമയമായി. യൗസേപ്പിനു ചങ്കിടിപ്പായി. സത്രങ്ങൾ മുട്ടിയതൊന്നും തുറന്നു കിട്ടിയില്ല. ഗർഭിണിയായ ഈ സ്ത്രീയെയും അവളുടെ ഭർത്താവിനെയും സ്വീകരിക്കുന്നത് ബാധ്യതയാകും എന്നവർക്കു തോന്നി.
ഒടുക്കം പട്ടണത്തിനു പുറത്ത് കാലികൾക്കും പരദേശികൾക്കുമുള്ള ഒരു ഗുഹ ഉണ്ടെന്ന കാര്യം ആരോ അവരോടു പറഞ്ഞു. പ്രപഞ്ചത്തിന്റെ നാഥന് പിറന്നുവീഴാൻ കാലിത്തൊഴുത്തേ ഒരുക്കാനായുള്ളൂ എന്ന വേദന യൗസേപ്പിൽ ഒരു നീറ്റലായിരുന്നു. എങ്കിലും, പ്രവചനങ്ങളുടെ പൂർത്തീകരണത്തിന് ഇതെല്ലാം ആവശ്യമായിരുന്നു.
ബെത്ലേഹം- എഫ്രാത്താ, യൂദാ ഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും. (മിക്കാ. 5:2) ബെത്ലേഹേം യൗസേപ്പിന്റെ പീഢാനുഭവമായിരുന്നു. എങ്കിലും സകല ജനത്തിനുമായുള്ള സന്തോഷത്തിന്റെ വാർത്ത ഈ ദാരിദ്ര്യത്തിന്റെ പുൽക്കൂടിൽ നിന്നാണല്ലോ ഉത്ഭവിച്ചത് എന്നത് യൗസേപ്പിനെ ഏറെ സന്തോഷവാനാക്കി.
നമ്മുടെ പദ്ധതികൾ തകരുമ്പോൾ തലതല്ലുന്നവരാണ് നാം. എന്നാൽ ഈ കുരിശുയാത്ര മഹത്വത്തിനാണ് എന്നറിയുമ്പോൾ എല്ലാം ആനന്ദത്തിന് വഴിമാറും. ഉണ്ണിയെ ലോകത്തിന് നൽകാൻ യൗസേപ്പ് ഇത്തരമൊരു സ്ലീവാപ്പാത പിന്നിടാതെ തരമില്ല.
Leave a Comment
Your email address will not be published. Required fields are marked with *