Follow Us On

20

March

2023

Monday

തർക്ക വിഷയമാകുന്ന ക്രിസ്തു

''മക്കൾ ദൈവത്തിന്റേതാണെന്നറിയുക. അതറിഞ്ഞാൽ അവരെക്കുറിച്ചുള്ള ദൈവപദ്ധതിക്ക് സമ്പൂർണമായി അർപ്പിക്കാൻ മാതാപിതാക്കൾക്കു കഴിയും.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 26

തർക്ക വിഷയമാകുന്ന ക്രിസ്തു

”ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറും. മഹിമയും കുരിശും ഒന്നുചേർന്നതാണ് രക്ഷകന്റെ ജീവിതം. ദൈവം പലർക്കും ഇടർച്ചയായിട്ടുണ്ട്, അന്നും ഇന്നും. ദൈവമാകുന്ന ശിലയിൽ തട്ടി മനുഷ്യർ വീഴുകയും അവനിൽ ഇടറുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം ദൈവം തർക്കത്തിന്റെ വിഷയമാണ്. ചിലരെങ്കിലും ദൈവത്തെ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിമിതിയായി സങ്കൽപ്പിക്കുന്നു. അതിനാൽ മനുഷ്യൻ മനുഷ്യനായിരിക്കണമെങ്കിൽ ദൈവത്തെ തീർത്തും ഒഴിച്ചുനിറുത്തേണ്ടത് ആവശ്യമായി കരുതുന്നു. എന്നാൽ, മനുഷ്യൻ ഉയർത്തുന്ന എല്ലാ നുണകൾക്കും വ്യാജങ്ങൾക്കും എതിരായി ദൈവവും അവിടുത്തെ സത്യവും നിലയുറപ്പിക്കുന്നു!”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം)

നാലാം സന്താപം: ശിമയോന്റെ പ്രവചനം (ലൂക്കാ 2:34)

നാലാം സന്തോഷം: രക്ഷയുടെ ഫലങ്ങൾ (ലൂക്കാ 2:38)

തിരുക്കുടുംബം ഒരുമിച്ച് ദൈവാലയത്തിൽ പോവുകയാണ് അന്ന്. നിയമപ്രകാരം കുഞ്ഞിന്റെ ഛേദനകർമം കഴിഞ്ഞ് അമ്മ മുപ്പത്തിമൂന്നു ദിവസം കൂടെ വീട്ടിൽ ചെലവിടണം (ലേവ്യർ 12:4). നാൽപതാം ദിവസമായപ്പോൾ കുടുംബസമേതം അവർ ദൈവാലയത്തിലെത്തി. മൂന്നു കാര്യങ്ങൾ അവിടെ നടക്കണം:

ഒന്ന്, മറിയത്തിന്റെ ശുദ്ധീകരണം. ശുദ്ധീകരണ ദിവസം കുഞ്ഞിനുവേണ്ടി ഒരു വയസുള്ള ആട്ടിൻ കുട്ടിയെ ദഹനബലിക്കായും ഒരു ചങ്ങാലിയെയോ പ്രാവിൻ കുഞ്ഞിനെയോ പാപ പരിഹാര ബലിക്കായും അർപ്പിക്കണം. പാവപ്പെട്ടവനാണെങ്കിൽ രണ്ടു പ്രാവിൻ കുഞ്ഞിനെ നൽകിയാലും മതിയാകും (ലേവ്യ. 12:6-12). യൗസേപ്പ് അർപ്പിച്ചത് ദരിദ്രന്റെ കാഴ്ചയാണ്. (ലൂക്കാ 2:24)

രണ്ട്, കാഴ്ചകൾ അർപ്പിച്ച് ആദ്യജാതനെ ‘വീണ്ടെടുക്കൽ’. ആദ്യജാതൻ ദൈവത്തിന്റെതാണ്. വീണ്ടെടുപ്പിന്റെ വില അഞ്ചു ഷെക്കലാണ്. (പുറ 13:2).

മൂന്ന്, യേശുവിനെ ദൈവാലയത്തിൽ സമർപ്പിക്കൽ (പുറ.13:12-15). ആദ്യജാതന്റെ വീണ്ടെടുക്കലിനെ കുറിച്ച് പറയാതെ, ശിശുവിനെ ദൈവാലയത്തിൽ അർപ്പിക്കുന്നതാണ് സുവിശേഷം പറയുന്നത് (ലൂക്കാ 2:23). യൗസേപ്പ് കുഞ്ഞിനെ ദൈവത്തിനായി അർപ്പിച്ചു.

അപ്പോഴാണ് തിരുക്കുടുംബത്തിന്റെ വരവും കാത്ത് കാലങ്ങളായി അവിടെ കഴിഞ്ഞിരുന്ന ധർമിഷ്~നും നീതിമാനുമായ ശിമയോൻ അവിടെ എത്തിയത്. കുഞ്ഞിനെ ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ‘സകലജനത്തിനും വേണ്ടി അങ്ങ് ഒരുക്കിയ രക്ഷ എന്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു.’

മറിയവും യൗസേപ്പും ഈ വാക്കുകൾ കേട്ട് വിസ്മയിച്ചു നിൽക്കുമ്പോഴാണ് അടുത്ത വചനം എത്തുന്നത്. ‘ഈ ശിശു പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും.’ മറിയത്തെ നോക്കി പറഞ്ഞു: ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറും.’ മഹത്വത്തിന്റെ വചനവും വേദനയുടെ വചനവും ഒന്നിനു പുറകെ ഒന്നായി എത്തിയപ്പോൾ ഹൃദയം തകർന്നത് മറിയത്തിനു മാത്രമല്ല, യൗസേപ്പിന്റെയും കൂടിയാണ്- മറിയവും യൗസേപ്പും ഒരൊറ്റ മനസല്ലേ.

നാം സ്നേഹിക്കുന്നവരിലുണ്ടാക്കുന്ന മുറിവ് നമ്മെ എത്രമാത്രം വേദനിപ്പിക്കും എന്നു ചിന്തിക്കുക. എങ്കിലും, മാനവരാശിയുടെ വീണ്ടെടുപ്പിന് ഇത് കാരണമാകുമെന്നത് തിരുക്കുടുംബത്തിന് ആനന്ദമേകി. മക്കൾ ദൈവത്തിന്റേതാണെന്നറിയുക. അതറിഞ്ഞാൽ അവരെക്കുറിച്ചുള്ള ദൈവപദ്ധതിക്ക് സമ്പൂർണമായി അർപ്പിക്കാൻ മാതാപിതാക്കൾക്കു കഴിയും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?