Follow Us On

13

July

2024

Saturday

സ്ലീവാപ്പാതയിലെ റോളുകൾ

സ്ലീവാപ്പാതയിലെ റോളുകൾ

”വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും ചേർത്തുവച്ച ഒരു സമൂഹമായാണ് സഭയെ ദൈവം പണിതുയർത്തിയത്. അപ്പസ്‌തോലരുടെ വിശ്വാസത്തിലൂടെ നാം ഈശോയിൽ വന്നുചേർന്നു. അപ്പസ്‌തോലരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ടവയായിരുന്നില്ല. മറിച്ച്, കൂട്ടായ്മയുടെ ഐക്യത്തിൽ ദൈവജനവുമായി ചേർന്നുനിന്ന് ചെയ്തു തീർക്കുന്നവയായിരുന്നു. അവതരിച്ച വചനമായ മിശിഹായുടെ മുഴുവൻ മിഷനും ദൈവജനം ഒന്നുചേർന്നു ലക്ഷ്യത്തിലേക്ക് യാത്രചെയ്യാൻ ഒരുക്കുന്നതാണ്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 15 മാർച്ച്, 2006).

ഓരോ മനുഷ്യനും സുവിശേഷത്തിന്റെ ഓരോ വ്യാഖ്യാനമാണ്. ഒരേ വചനത്തിലേക്കും ദൈവത്തിലേക്കും വിരൽചൂണ്ടുന്നവർ. രക്ഷാകര ചരിത്രത്തിൽ വ്യത്യസ്ത റോളുകളാണ് ദൈവം നമുക്കായി നിശ്ചയിച്ചിരിക്കുന്നത്. ആ റോളുകൾ മനോഹരമായി ഏറ്റം വിശ്വസ്തതയോടെ ചെയ്തു തീർക്കുക. ദൈവം നിശ്ചയിക്കുന്ന എളിയ റോളുകളാണ് നിങ്ങൾ ഇഷ്ടപ്പെടുന്ന പല സൂപ്പർ സ്റ്റാർ റോളുകളെക്കാൾ വലുതെന്നും മനോഹരമെന്നും തിരിച്ചറിയേണ്ടതുണ്ട്.

വേറോനിക്കയുടെ സഹതാപ പ്രകടനമല്ല കെവുറിൻകാരൻ ശിമയോന്റെ സഹായപ്രകടനം. ഒന്നു മുഖം തുടയ്ക്കുന്നത്, മറ്റൊന്നു കുരിശു താങ്ങുന്നത്. രണ്ടും ആവശ്യമില്ലേ. വേറോനിക്ക മുഖം തുടയ്ക്കുന്നതു കണ്ടപ്പോൾ ശിമയോനും അതുതന്നെ ചെയ്യാൻ തുനിഞ്ഞു എന്നു കരുതുക. കാര്യം ഇത്രയേയുള്ളൂ. ആ ടൗവ്വലിൽ ക്രിസ്തുവിന്റെ മുഖം പതിഞ്ഞില്ല. കാരണം അയാൾ വേറോനിക്ക അല്ലായിരുന്നു. പൗലോസിന്റെ റോളല്ല പത്രോസിന്റേത്.

ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഫോൺ ബൽത്തസർ രണ്ടുതരം ഡ്രാമകളെക്കുറിച്ചു പറയുന്നുണ്ട്. ഈഗോ ഡ്രാമ, തിയോ ഡ്രാമ. ഈഗോ ഡ്രാമയിൽ നിങ്ങളുടെ ജീവിത കഥ എഴുതുന്നതും ഡയറക്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും അഭിനയിക്കുന്നതും എല്ലാം നിങ്ങൾതന്നെ. തിയോ ഡ്രാമ അങ്ങനെയല്ല. ദൈവമാണവിടെ കഥ എഴുതുന്നത്. ഡയറക്ട് ചെയ്യുന്നതും റോൾ നിശ്ചയിക്കുന്നതും പക്ഷേ, നിങ്ങൾക്കു ഒരു മനോഹരമായ റോൾ ലഭിക്കും. അതു നന്നായി അഭിനയിക്കുമ്പോൾ നിങ്ങളുടെ ജീവിതം അർത്ഥപൂർണമാകും. താൻ പോരിമയുടെ അഹങ്കാരമോ മത്സരത്തിന്റെ അസൂയയോ നിങ്ങളെ വേട്ടയാടില്ല.

ശരീരത്തിലെ അവയവങ്ങൾപോലെയത്രേ നമ്മുടെ റോളുകൾ. ദുർബലമെന്നു തോന്നുന്നവ കൂടുതൽ ആവശ്യമയായി വരുന്ന സമയമില്ലേ (1 കോറി. 12:22) മാന്യമല്ലെന്നു തോന്നുന്നവ കൂടുതൽ ചിലപ്പോൾ അലങ്കരിക്കപ്പെടാറുണ്ടുതാനും. യുഗാന്തംവരെ നീളുന്ന രക്ഷാകര ചരിത്രത്തിന്റെ ഇന്നത്തെ കണ്ണികളാണ് നാം. ഓരോ കണ്ണിയും വ്യത്യസ്തമെങ്കിലും ഏറെ പ്രധാനപ്പട്ടതുതന്നെ. താരതമ്യം എന്നത് വളരെ മോശപ്പെട്ട ഒരു പ്രക്രിയയാണ്, ചിലപ്പോഴെങ്കിലും. വേറോനിക്കയെ ശിമയോനുമായി താരതമ്യം ചെയ്യരുത്. അവരുടെ റോളുകൾ മനോഹരമായി ചെയ്തുവോ, അതിലാണ് ഭംഗി.

ദൈവത്തിലെ മുന്നാളുകൾ പോലെ മൂന്നു തൂണിലാണ് ദൈവരാജ്യനിർമിതി: വിശ്വാസം, പ്രത്യാശ, സ്‌നേഹം. മൂന്നും ആവശ്യമാണ്. പ്രത്യാശ നഷ്ടപ്പെട്ട ലോകത്തിന് പ്രത്യാശയുടെ പ്രവാചകനായിരുന്നു ജോൺ പോൾ രണ്ടാമൻ പാപ്പ. വിശ്വാസത്തിന് ഏറെ ഉലച്ചിൽ പറ്റിയ കാലത്ത് വിശ്വാസത്തിന്റെ ചങ്കുറപ്പുള്ള കാവലാളായി ബെനഡിക്ട് പതിനാറാമൻ പാപ്പ. സ്‌നേഹവും കരുണയും ഏറെ തണുത്തുറഞ്ഞ ലോകത്തും സഭയിലും സ്‌നേഹത്തിന്റെ സുവിശേഷ വ്യാഖ്യാനമായി ഫ്രാൻസിസ് പാപ്പ. ഇവരിൽ ആരുടെ റോളാണ് പ്രധാനം? ആ ചോദ്യം ചോദിച്ച് സമയം കളയാതെ നിന്റെ റോൾ ചെയ്തുതീർക്കൂ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?