”പ്രലോഭനം ആരംഭിക്കുന്നത് ദൈവനിഷേധത്തിലോ നേരിട്ട് അവിശ്വാസത്തിലേക്ക് വീഴ്ത്തിയോ അല്ല. സർപ്പം ദൈവത്തെ നിഷേധിക്കുന്നില്ല. തീർത്തും കാര്യപ്രസക്തി തോന്നുന്ന ഒരു ഇൻഫോർമേഷൻ തേടാനുള്ള ആവശ്യത്തോടെയാണ് പ്രലോഭനത്തിന്റെ ആരംഭം. അതാകട്ടെ, ആദിമാതാപിതാക്കളിൽ ദൈവത്തെ അവിശ്വസിക്കാനുള്ള കാര്യങ്ങൾ നിരത്തിക്കൊണ്ടുമായിരുന്നു. ‘തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കൽപ്പിച്ചിട്ടുണ്ടോ?’ (ഉൽപ്പത്തി 3:1). ദൈവത്തെ നിഷേധിക്കുകയല്ല, മറിച്ച് ദൈവവുമായുള്ള ഉടമ്പടിയെ സംശയിക്കുക. കൽപ്പനകൾ, പ്രാർത്ഥന, വിശ്വാസീസമൂഹം ഇവയെല്ലാം ദൈവിക ഉടമ്പടിയുടെ ഭാഗമാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള ദൈവത്തിന്റെ കയ്യേറ്റമാണ് ദൈവിക ഉടമ്പടി എന്ന് സ്ഥാപിക്കാനാണ് പ്രലോഭകൻ എന്നും ശ്രമിക്കുന്നത്!”
(ബെനഡിക്ട് പതിനാറാമൻ പാപ്പ, എല്ലാത്തിന്റെയും ആരംഭത്തിൽ, 1995)
ദൈവത്തെ സംശയിക്കാൻപോലുമുള്ള സ്വാതന്ത്ര്യം മനുഷ്യനു നൽകി എന്നതാണ് ദൈവം നമുക്കു നൽകിയ വലിയ സ്വാതന്ത്ര്യം. നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനു നൽകിയ ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ എന്നും മാനിച്ചുപോന്നു. ഇതു കൃത്യമായി അറിയുന്നവനാണ് പുരാതന സർപ്പമെന്ന് പറയുന്ന ആ പിശാച്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ദൈവത്തെ സംശയിക്കാനും അവിടുത്തെ സ്നേഹത്തെ തള്ളിക്കളയാനുമുള്ള മാർഗമാക്കി മാറ്റി.
അങ്ങനെ കൽപ്പിച്ചിട്ടുണ്ടെങ്കിൽ എന്തോ ഒന്ന് അതിന്റെ പുറകിൽ സ്രഷ്ടാവ് ഒളുപ്പിച്ചുവച്ചിട്ടുണ്ട്. അവൾ പറഞ്ഞു: പഴം ഭക്ഷിച്ചാൽ നിങ്ങൾ മരിക്കുമെന്നു ദൈവം പറഞ്ഞിട്ടുണ്ട്. സർപ്പം പറഞ്ഞു: പഴം തിന്നാൽ നിങ്ങൾ ദൈവത്തെപ്പോലെ ആകും. തന്നെപ്പോലെയാകുമെന്ന് പിശാച് പറഞ്ഞില്ല, ദൈവത്തെപ്പോലെ ആകും.
രണ്ടു കാര്യങ്ങൾ സംഭവിച്ചു: ഒന്ന് പഴം തിന്നു, അവർ ഭൗതികമായി മരിച്ചില്ല. ശരിയാണ്, പിശാച് പറഞ്ഞതിലും കാര്യമുണ്ട്! രണ്ട്, അരുതുകൾ കൽപ്പിച്ചിരിക്കുന്നത് മനുഷ്യരോടുള്ള ദൈവത്തിന്റെ അസൂയയാണ്- ഞങ്ങൾ ദൈവത്തെപ്പോലെ ആകുന്നത് ഇഷ്ടമില്ലാത്തവൾ! അന്നുമുതൽ പിശാച് നല്ലവൻ ദൈവം മർക്കടമുഷ്ടിക്കാരൻ!
ദൈവത്തെക്കൂടാതെ അറുതിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഒരു ലോകം സൃഷ്ടിക്കാനാണ് മനുഷ്യന്റെ തത്രപ്പാട്. നിങ്ങൾക്കു എന്തും തിരഞ്ഞെടുക്കാം. പക്ഷേ, തിരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങൾക്കുമേൽ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ടാണ് ദൈവത്തിന്റെ അരുതുകളുടെ വലയം മനുഷ്യൻ തകർത്തുകളയുമ്പോൾ അവൻ വല്ലാത്ത ഏകാന്തതയിലും ശൂന്യതയിലും പെട്ടുപോകുന്നത്.
ബുക്കർ പ്രൈസിനു തിരഞ്ഞെടുത്ത ജൂലിയൻ ബാൺസിന്റെ ‘Nothing for be afraid of’’ എന്ന ഗ്രന്ഥം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, പക്ഷേ, അവിടുത്തെ ഞാൻ ‘miss’ ചെയ്യുന്നു!
Leave a Comment
Your email address will not be published. Required fields are marked with *