Follow Us On

21

November

2024

Thursday

രണ്ട് വിരുന്നുകൾ

രണ്ട് വിരുന്നുകൾ

”ദിവ്യകാരുണ്യ ഈശോയോടുള്ള സ്നേഹം ഒരു ക്രിസ്തീയവിശ്വാസിയിൽ എത്ര ആഴമുള്ളതാണോ, അത്രത്തോളം വ്യക്തമായി അവരുടെ ദൗത്യത്തെക്കുറിച്ചുള്ള ധാരണയും ആഴപ്പെടും- ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നുനൽകുക. ക്രിസ്തീയ ജീവിതം വെറുമൊരു തിയറിയോ ജീവിത ശൈലിയോ അല്ല. തന്നെത്തന്നെ നൽകുന്നതാണത്. സഹോദരങ്ങളുമായുള്ള യഥാർത്ഥ സ്നേഹത്തിലേക്ക് പ്രവേശിക്കാത്ത ആർക്കും ഇതിന്റെ അർത്ഥം മനസിലാകില്ല.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005)

‘രണ്ടു വിരുന്നുകൾ കൊണ്ട് ക്രിസ്തുവിന്റെ ജീവിതത്തെ അടയാളപ്പെടുത്താം: കാനായിലെ വിരുന്ന്, അന്ത്യത്താഴ വിരുന്ന്. പാദക്ഷാളനത്തിനു കരുതിയ ഭരണികളിൽ വെള്ളം നിറച്ച്, അവ വീഞ്ഞായി പകർത്തി, അദ്യവിരുന്നിൽ. സ്വർഗീയവിരുന്നിന്റെ ഭൗതിക പ്രകാശനമായി ഒരുക്കിയതാണ് അന്ത്യത്താഴം. അവിടെയാകട്ടെ, ആദ്യമവൻ ശിഷ്യരുടെ പാദം കഴുകി. കാനായിൽ പച്ചവെള്ളം മുന്തിരിച്ചാരാക്കി; സ്വയം ദാനത്തിലൂടെ ആ വീഞ്ഞിനെ സ്വന്തം രക്തമാക്കി പകർത്തി, അന്ത്യവിരുന്നിൽ.

യോഹന്നാൻ സുവിശേഷകൻ രക്ഷകന്റെ ചെയ്തികളെ അടയാളങ്ങൾ എന്നാണ് വിളിക്കുക. അത്ഭുതങ്ങൾ അതിന്റെ വിസ്മയത്തിൽ അവിടെത്തന്നെ തീരുമെങ്കിൽ അടയാളങ്ങൾ സൂചകങ്ങളാണ്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ച് വല്ലാതെ ഉലഞ്ഞും തകർന്നും നിൽക്കുന്ന ഒരു കുടുംബത്തിലാണ് പച്ചവെള്ളം മുന്തിരിച്ചാറാകുന്നത്. ജീവിതത്തിലെ ലഹരി നഷ്ടപ്പെടുമ്പോൾ മുന്തിരിച്ചാറുപോലും പച്ചവെള്ളമായി മാറും. എന്നാൽ, രക്ഷകൻ അതു സ്നേഹത്തിൽ പകർന്നു നൽകുമ്പോഴോ അതു ജീവൻ തുടിക്കുന്ന രക്തമാകും. രക്തത്തിലാണല്ലോ ജീവൻ!

പിറ്റേനാൾ കാൽവരിയിൽ ചിന്തേണ്ടത് തലേനാൾ ഊട്ടുമേശയിൽ പകർന്നു. അന്ത്യാത്താഴത്തെ വെറും വിരുന്നാലും ഭോജനമായും വ്യാഖ്യാനിച്ചാൽ കുരിശിലെ ബലിയെ വെറും റോമൻ വധശിക്ഷയായി കാണേണ്ടിവരും. ഈ പ്രലോഭനത്തെ നാം മറികടക്കണം. ശിഷ്യരെ ചുറ്റുമിരുത്തി അവൻ മുറിച്ചു നൽകിയത് തന്നെത്തന്നെയാണ്. അതിലെ പങ്കാളിത്തം ഒരാത്മാവിന് നൽകുന്നതോ നിത്യജീവനും.

രണ്ട് ഗാർഹിക പരിസരത്തിലാണ് യേശുവിന്റെ രണ്ട് അടയാളങ്ങളും; കാനായിലെ വീട്ടിലും ലാസറിന്റെ വീട്ടിലും. ഒന്നു കല്യാണവീട്, മറ്റൊന്ന് മരണവീട്. ആനന്ദം അലതല്ലേണ്ട കല്യാണവീട് മരണവീട് ആകുന്നതുപോലെ കണ്ടപ്പോഴാണ് രക്ഷകൻ ഇടപെടുന്നത്. ജീവിതത്തിലെ ലഹരിയും രുചിയും നഷ്ടപ്പെട്ടാൽ അതുപിന്നെ പച്ചവെള്ളം പോലെതന്നെയാണ്. ഈശോ ഉണ്ടെങ്കിൽ ലഹരിയുണ്ട്, ജീവിതത്തിന്.

മാത്രമല്ല, നിത്യമണവാളനാണ് ഈശോ. സഭ അവിടുത്തെ മണവാട്ടിയും. വെറും വിവാഹവിരുന്നായിരുന്നില്ല അന്ന് നടന്നത്. അടയാളമായിരുന്നു. ഇനിയും ആസ്വദിക്കാനിരിക്കുന്ന മഹാവിരുന്നിന്റെ സൂചന. ഇതുപോലെതന്നെ ലാസറിനെ ഉയിർപ്പിച്ചത് വെറും ആയുസു നീട്ടിക്കൊടുക്കുന്നതായിരുന്നോ? അല്ലേയല്ല. മരണമില്ലാത്ത ജീവനിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്നതായിരുന്നു, അത്. നിത്യതയുടെ കവാടം തുറക്കാൻ രക്ഷകനുണ്ട് നമുക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?