വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക യുവജനസംഗമം 2023ന് മാസങ്ങൾ മാത്രം ശേഷിക്കേ വത്തിക്കാന്റെ ഔദ്യോഗിക സ്ഥിരീകരണം- ലോകയുവതയോട് സംവദിക്കാൻ ഫ്രാൻസിസ് പാപ്പ പോർച്ചുഗലിലെ ലിസ്ബണിലെത്തും; ലോകപ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമാ ബസിലിക്കയും പാപ്പ സന്ദർശിക്കും. ഓഗസ്റ്റ് രണ്ടു മുതൽ മുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ലോക യുവജന സംഗമത്തിന് വേദിയാകുക. ഇതിൽ പങ്കെടുക്കാനെത്തുന്ന പാപ്പ ഓഗസ്റ്റ് അഞ്ചിന് ഫാത്തിമാ ബസിലിക്കയിൽ സന്ദർശനത്തിനെത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫിസാണ് അറിയിച്ചത്.
ഇത് രണ്ടാം തവണയായിരിക്കും ഫ്രാൻസിസ് പാപ്പ ഫാത്തിമാ ബസിലിക്കയിലെത്തുന്നത്. ഫാത്തിമയിൽ മരിയൻ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയാഘോഷിച്ച 2017 മേയിലായിരുന്നു പ്രഥമ സന്ദർശനം. ലോക യുവജനസംഗമവേദിയായ ലിസ്ബണിൽനിന്ന് ഏകദേശം 75 മൈൽ അകലെയാണ് ഫാത്തിമ. ഫ്രാൻസിസ് പാപ്പ പങ്കെടുക്കുന്ന നാലാമത്തെ ലോക യുവജന സംഗമംകൂടിയായിരിക്കും ഇത്. 2019ൽ മധ്യ അമേരിക്കൻ രാജ്യമായ പാനമയിലായിരുന്നു ഇതിനുമുമ്പത്തെ ലോക യുവജനസംഗമം. മൂന്ന് വർഷത്തിൽ ഒരിക്കൽ ക്രമീകരിക്കുന്ന ലോക യുവജനസംഗമം 2022ൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് മഹാമാരിമൂലം ഇത് 2023ലേക്ക് മാറ്റുകയായിരുന്നു.
ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യം. യുവജനങ്ങളാണ് സഭയുടെ ഭാവി എന്ന് ഉദ്ഘോഷിക്കാനും യുവജനപ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും സംഘടിപ്പിക്കുന്ന ലോക യുവജനസംഗമം രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് നടക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1985ൽ ലോക യുവജന ദിനത്തിന് തുടക്കമിട്ടത്. രൂപതാ തലങ്ങളിൽ ആഘോഷിച്ചിരുന്ന ദിനം പിന്നീട് രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ലോക യുവജനസംഗമമായി വളരുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *