Follow Us On

22

January

2025

Wednesday

ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’

ലോക യുവജന സംഗമത്തിന് തയാറെടുത്ത് പോർച്ചുഗൽ;  മീഡിയാ പാർട്ണറായി ‘ശാലോം വേൾഡ്’

ലിസ്ബൺ: ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന് (WYD) കത്തോലിക്കാ വിശ്വാസീസമൂഹം ദിനങ്ങൾ എണ്ണി കാത്തിരിക്കവേ ഇതാ ഒരു അഭിമാന വാർത്ത: ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ യൂറോപ്പ്യൻ രാജ്യമായ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 17-ാമത് ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയ പാർട്ണറാകാൻ ‘ശാലോം വേൾഡ്’. യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പോർച്ചുഗൽ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിയുമായി ഇക്കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ധാരണയിലായത്.

184 രാജ്യങ്ങളിൽനിന്നുള്ള ഒന്നര മില്യൺ (15 ലക്ഷം) ജനതയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ലോക യുവജന സംഗമ വേദിയിൽ ആറ് ദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളെല്ലാം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ശാലോം വേൾഡ് തത്സമയം എത്തിക്കും. ‘വേൾഡ് യൂത്ത് ഡേ’യ്ക്ക് തുടക്കം കുറിച്ച് ഓഗസ്റ്റ് ഒന്നിന് ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മാനുവൽ ക്ലെമന്റിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലി മുതൽ, സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നതുവരെയുള്ള പരിപാടികളെല്ലാം ഇപ്രകാരം തത്സമയം കാണാനാകും. ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെയാണ് പാപ്പയുടെ സാന്നിധ്യം സംഗമത്തിലുണ്ടാകുക.

ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 70 സ്റ്റേജുകളിലായാണ് ഇത്തവണത്തെ പ്രോഗ്രാമുകൾ നടക്കുക. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ‘ശാലോം വേൾഡ്’ പ്രൊഡക്ഷൻ ടീം സജ്ജീകരിക്കുന്നത്. വിശിഷ്ടാതിഥികളുടെയും പ്രമുഖരുടെയും അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യാൻ സ്റ്റുഡിയോ സംവിധാനവും ‘ശാലോം വേൾഡ്’ ഒരുക്കും.

കൂടാതെ, അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ SW NEWSന്റെ വെബ്‌സൈറ്റിലൂടെ ഇംഗ്ലീഷിലും ‘സൺഡേ ശാലോം ഓൺലൈനി’ലൂടെ (sundayshalom.com) മലയാളത്തിലും ലഭ്യമാക്കാൻ പ്രത്യേക ലേഖകരുമുണ്ടാകും. ‘ശാലോം വേൾഡ്’ ആയിരുന്നു 2019ൽ പാനമ ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തിന്റെയും ഒഫീഷൽ മീഡിയാ പാർട്ണർ.

യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1986ൽ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ്, രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്.

ഗർഭിണിയായ ഏലീശ്വായെ പരിശുദ്ധ മറിയം സന്ദർശിക്കാൻ പോകുന്ന രംഗത്തെ ആസ്പദമാക്കി ‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു,’ എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യം. ലോക യുവജനസംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനും പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസും ഉൾപ്പെടെയുള്ള 13 പുണ്യാത്മാക്കളെയാണ് ഇത്തവണത്തെ രക്ഷാധികാരികളായി സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. പരിശുദ്ധ ദൈവമാതാവ് തന്നെയാണ് പ്രഥമ രക്ഷാധികാരി.

ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അർപ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത- സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്, സംഗമവേദിയിൽ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങൾ. ആയിരക്കണക്കിന് വൈദീകർ കാർമികത്വം വഹിക്കുന്ന കുമ്പസാരകൂടുകളിൽ അനുരജ്ഞകൂദാശ സ്വീകരിക്കാൻ അണയുന്നത് ലക്ഷങ്ങളാണ്. പതിവുപോലെ, ഇത്തവണയും കുമ്പസാര കൂടുകൾ ഒരുക്കുന്നത് ജയിൽ പുള്ളികളാണെന്നതും ശ്രദ്ധേയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?