ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവിച്ചത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൈക്കൊണ്ട നടപടികൾ കോടതിയെ അറിയിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ.
‘ഈ ദൃശ്യങ്ങൾ കോടതിയെ വല്ലാതെ അസ്വസ്ഥരാക്കുന്നു. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ അക്രമം നടത്താനുള്ള ഉപകരണമായി സ്ത്രീകളെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കണമെങ്കിൽ കർശനമായ നടപടി വേണം,’ ഇപ്രകാരം പറഞ്ഞുകൊണ്ടാണ് കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ഉത്തരവിട്ടത്. കേസ് നാളെ (ജൂലൈ 21) പരിഗണിക്കും.
മേയ് നാലിന് കുക്കി മേഖലയായ കാംഗ്‌പൊക്പി ജില്ലയിലായിരുന്നു സംഭവം. ആഴ്ചകൾക്ക് മുമ്പു നടന്ന സംഭവം പൊലീസ് മറച്ചുവെക്കുകയായിരുന്നു. കുക്കി വിഭാഗക്കാരായ സ്ത്രീകളെ നഗ്‌നരാക്കി മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട ഒരുസംഘം യുവാക്കൾ നടത്തിക്കുന്നതിന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസം പ്രചരിക്കുകയായിരുന്നു. എന്നാൽ, ഈ കൊടുംക്രൂരതയ്ക്ക് കാരണമായത് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വ്യാജ ചിത്രവും വാർത്തയുമാണെന്നതാണ് സങ്കടകരം.
ഡൽഹിയിൽ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രം കലാപത്തിൽ കുക്കി വിഭാഗം മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതി എന്ന തരത്തിൽ പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്ന് വലിയ സംഘർഷമാണുണ്ടായത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഇരയുടെ സഹോദരൻ കൊല്ലപ്പെടുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്ന് പൊലീസ് നടപടി കൈക്കൊള്ളാൻ നിർബന്ധിതരാവുകയായിരുന്നു. ഇതുവരെ രണ്ടു പേരുടെ അറസ്റ്റ് മണിപ്പൂർ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെ നടുക്കിയ ഈ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. പാർലമെന്റിൽ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം ഇരുസഭകളിലും മണിപ്പൂർ വിഷയം ആളിക്കത്തി. ബഹളം രൂക്ഷമായതോടെ ഇരു സഭകളും നിർത്തിവെക്കേണ്ടി വന്നു. അതേ സമയം, വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *