Follow Us On

08

October

2024

Tuesday

നിങ്ങളെ പേരുചൊല്ലി വിളിക്കുന്ന സ്നേഹമാണ് ക്രിസ്തുനാഥൻ;  യുവജനങ്ങളെ ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ

നിങ്ങളെ പേരുചൊല്ലി വിളിക്കുന്ന സ്നേഹമാണ് ക്രിസ്തുനാഥൻ;  യുവജനങ്ങളെ ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ

ലിസ്ബൺ: ദൈവം നിങ്ങളെ ഓരോരുത്തരെയും പേരുചൊല്ലി വിളിക്കുന്ന സ്‌നേഹമാണെന്ന ഓർമപ്പെടുത്തലോടെ ലോകയുവജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ മുഖ്യ വേദികളിലൊന്നായ എഡ്വേർഡോ ഏഴാമൻ പാർക്ക് നിറഞ്ഞുകവിഞ്ഞ ലക്ഷക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരോഗ്യപരമായ ക്ലേശങ്ങളുണ്ടെങ്കിലും തങ്ങളെ കാണാനും തങ്ങളോട് സംവദിക്കാനുമെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ലോകയുവത ഒരുക്കിയത്.

May be an image of 5 people

ദൈവത്തിന് ഓരോ വ്യക്തിയിലും വിശ്വാസമുണ്ട്. കാരണം ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. നാം ദൈവത്താൽ വിളിക്കപ്പെട്ടവരാണ്. ദൈവം നമ്മുടെ യഥാർത്ഥ സുഹൃത്താണ്. അവിടുന്ന് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു സന്തോഷമുണ്ട്. ദൈവം സമീപസ്ഥനാണെന്ന് അറിയുക. എന്നാൽ, നമ്മുടെ ജീവിതത്തിൽ അത്ഭുതവും സന്തോഷവും നിറയ്ക്കാൻ അവിടുത്തേക്ക് നമ്മുടെ ഭാഗത്തുനിന്ന് ഒരു ചെറുപ്രതികരണമെങ്കിലും ആവശ്യമാണെന്നും പാപ്പ പറഞ്ഞു.

May be an image of 4 people, crowd and text

തന്റെ 72 ശിഷ്യന്മാർക്ക് ക്രിസ്തു കൽപ്പന നൽകിയപ്പോൾ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല, ആരും അധികപറ്റായില്ല. അതിന്റെ അർത്ഥം സഭയിൽ എല്ലാവർക്കും ഇടമുണ്ട് എന്നാണ്. പാപങ്ങളും അപൂർണതകളും ഉണ്ടെങ്കിലും എല്ലാവരും സഭയുടെ ഭാഗമാണ്. നാം യേശുവിന്റെ സഹോദരീസഹോദരന്മാരുടെ സമൂഹമാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. കർത്താവ് വിരൽ ചൂണ്ടുന്നില്ല. പകരം തന്റെ കൈകൾ നീട്ടുകയാണ് ചെയ്തതെന്നും അതാണ് കുരിശിൽ അവിടുന്ന് ആവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കപട ദയയുടെ പുഞ്ചിരിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചെന്നായ്ക്കളെ യുവവിശ്വാസികൾ തിരിച്ചറിയണമെന്നും പാപ്പ മുന്നറിയിപ്പ് നൽകി. അവ വെർച്വൽ ലോകത്തിന്റെ മിഥ്യാധാരണകളാണ്. സ്വയം വഞ്ചിക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കണം. കാരണം, നമ്മെ ആകർഷിക്കുകയും സന്തോഷം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പലതും പിന്നീടാണ് യഥാർത്ഥത്തിൽ അവ എന്താണെന്ന് വ്യക്തമാക്കപ്പെടുന്നത്. നമുക്ക് ഓരോരുത്തർക്കും പരിശുദ്ധ അമ്മയുടെയും സഹായമുണ്ട്. അമ്മ നമ്മെ കൈപിടിച്ച് വഴിനടത്തുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

വാദ്യമേളങ്ങളുടെയും നൃത്തനൃത്ത്യങ്ങളുടെയും അകമ്പടിയോടെയാണ് ലോക യുവത പാപ്പയെ വേദിയിലേക്ക് ആനയിച്ചത്. ലോകമെമ്പാടുമുള്ള നിരവധി നർത്തകർ പാപ്പയെ അഭിസംബോധന ചെയ്യുന്ന വിവിധ ഭാഷകളിലുള്ള കത്തുകൾ പ്രതീകാത്മകമായി വായിച്ച് നൃത്താവിഷ്‌കാരം നടത്തി. വത്തിക്കാനിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീയാണ് കത്തുകൾ നിറഞ്ഞ ഒരു പെട്ടി വേദിയിലേക്ക് കൊണ്ടുവന്നത്.

May be an image of 12 people and crowd

യുവജനങ്ങളുടെ അഭിലാഷങ്ങളും ആശങ്കകളും അവർ ജീവിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരുന്നു നൃത്തത്തിന്റെ ഉള്ളടക്കം. ലോക യുവജന സംഗമത്തിന്റെ ഐക്കണുകളായ കുരിശും പരിശുദ്ധ ദൈവമാതാവിന്റെ ചിത്രവും യുവജനങ്ങൾ ചേർന്ന് വേദിയിലേക്ക് കൊണ്ടുവന്നു. പാപ്പയുടെ സാന്നിധ്യത്തിൽ അവ വേദിയിൽ പ്രതിഷ്~ിച്ചു.

May be an image of 5 people

180 രാജ്യങ്ങളിൽനിന്നുള്ള യുവജനപ്രതിനിധികൾ അവരവരുടെ ദേശീയ പതാകയുമായി വേദിയിലേക്ക് എത്തി. ആതിഥേയ രാജ്യമായ പോർച്ചുഗലിന്റെ പതാകയാണ് ആദ്യം എത്തിയത്. ഹെബർ മാർക്വെസ് അവതരിപ്പിച്ച ‘ഉം ദിയാ ഡി സോൾ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാകകളുടെ പരേഡ്. ഇത്തവണത്തെ ലോക യുവജന സംഗമത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയതാണ് ഈ ഗാനം.

യുവജന സംഗമത്തിന്റെ രക്ഷാധികാരികളായ എല്ലാ പുണ്യാത്മാക്കളെ അനുസ്മരിച്ച് ‘ലാറ്റിനിൽ ഓറ പ്രോ നോബിസ്’ എന്ന ഗാനം ആലപിച്ചു. ലത്തീൻ ഭാഷയിലുള്ള പാറ്റർ നോസ്റ്റർ എന്ന ഗാനാലാപനത്തിനുശേഷമാണ് പാപ്പ അപ്പസ്തോലിക ആശീർവാദം നൽകിയത്. തുടർന്ന് ക്രിസ്തുവിന്റെ ദൗത്യനിർവഹണത്തിന്റെ നൃത്താവിഷ്‌കാരം അരങ്ങേറി. തീം സോങ്ങിനെ അടിസ്ഥാനപ്പെടുത്തി ആവിഷ്‌കരിച്ച നൃത്തത്തോടെയാണ് ലോക യുവജന സംഗമവേദിയിലെ പാപ്പയുടെ പ്രഥമ ദിനത്തിന് തിരശീല വീണത്.

May be an image of crowd and text

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?