ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത.
അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ് ഈ നീക്കമെന്ന് ദേശീയ മെത്രാൻ സമിതി വ്യക്തമാക്കി. മാത്രമല്ല, അവളുടെ മുൻ അധ്യാപകരും സഹപാഠികളുമെല്ലാം നടത്തിയ പ്രാർത്ഥനയുടെ സത്ഫലംകൂടിയായി വിശേഷിപ്പിക്കാം പ്രസ്തുത സഭാ നടപടിയെ. അവൾ മരണമടഞ്ഞ 1993വരെ തന്റെ ജീവിതത്തിന്റെ പകുതിയും ചെലവഴിച്ച ലാവോഗിൽതന്നെയാണ് അവളുടെ ഭൗതിക ശരീരം അടക്കംചെയ്തിരിക്കുന്നതും.
‘അബാദിന്റെ സഹപാഠികളിൽനിന്നും അധ്യാപകരിൽ നിന്നും ഇതിനകം തന്നെ സാക്ഷ്യപത്രങ്ങൾ രൂപതയ്ക്ക് ലഭിച്ചിട്ടുണ്ട്. അവളുടെ വിശുദ്ധിയെക്കുറിച്ചുള്ള സാക്ഷ്യം ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മുൻ ഇടവക വൈദികരിൽ നിന്നും കേട്ടപ്പോൾ എനിക്ക് അവളുടെ ജീവിതത്തോട് താൽപ്പര്യം തോന്നി. ‘ആദ്യം ദൈവം’ എന്ന തലക്കെട്ടിലുള്ള അവളുടെ പുസ്തകവും ശ്രദ്ധേയമാണ്,’ ലാവോഗ് ബിഷപ്പ് റെനാറ്റോ മയഗ്ബ പറഞ്ഞു.
കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് ഒരു വൈദികനോ സന്യസ്തയോ അല്ലാത്ത ഒരു ആധുനിക വിശുദ്ധനോ വിശുദ്ധയോ ഉണ്ടാകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധപദവിയെന്നത് കേവലം വൈദികർക്കോ സന്യസ്തർക്കോ ബിഷപ്പുമാർക്കോ മാത്രമുള്ളതല്ല, മറിച്ച്, എല്ലാവർക്കും വിശിഷ്യാ, യുവജനങ്ങൾക്കുള്ളതാണെന്ന ആഹ്വാനമാണെന്ന് അബാദ് നമ്മെ പഠിപ്പിക്കുന്നു. അതെ നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ലാവോഗിൽ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ, ‘ആദ്യം ദൈവം’ എന്ന് അവൾ എപ്പോഴും എന്നോട് പറയുമായിരുന്നു. പരീക്ഷയ്ക്കും പഠനത്തിനും മുമ്പുമാത്രമല്ല, എന്തു ചെയ്യുന്നതിനു മുമ്പും ആദ്യം അവൾ പ്രാർത്ഥിക്കുമായിരുന്നു,’ അവളുടെ അധ്യാപിക എലിസ സാംസൺ അനുസ്മരിച്ചു: ‘ക്ലാസിൽ നൊവേനകളും ക്രിസ്തീയ ചിഹ്നങ്ങളും നിറഞ്ഞ ഒരു ഫോൾഡർ അവൾ കൊണ്ടുവന്നിരുന്നു. അത് അവൾ അധ്യാപകർക്കും സഹപാഠികൾക്കും വിതരണം ചെയ്യുമായിരുന്നു. മാത്രമല്ല, സഹപാഠികൾക്ക് അവൾ ജപപമാലകളും സുവിശേഷ വാക്യങ്ങളുടെ സ്റ്റിക്കറുകളും സമ്മാനിച്ചിരുന്നു. ദൈവത്തോടും മാതാവിനോടുമുള്ള അവളുടെ അഗാധമായ ഭക്തിയുടെ തെളിവായിരുന്നു അത്.’
‘അവൾക്കൊരു രോഗമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു, പക്ഷേ അവൾ ഒരിക്കലും അത് പുറമെ കാണിച്ചിരുന്നില്ല. അവൾ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും ജീവിതം നയിച്ചു,’ ക്യൂസോൺ സിറ്റിയിലെ ഹോളി സ്പിരിറ്റ് സ്‌കൂളിലെ അവളുടെ അധ്യാപിക ബെലെൻ സുലിറ്റ് പറയുന്നു. ചാപ്പലിൽ പ്രാർത്ഥിക്കാനും ദിവ്യബലിയിൽ പങ്കെടുക്കാനും അവൾ തങ്ങളെ പ്രോത്സാഹിപ്പിരുന്നതായി അവളുടെ സഹപാഠികൾ അനുസ്മരിച്ചു.
‘അവൾ രോഗിയായിരുന്നു, പക്ഷേ അവൾ എപ്പോഴും ഞങ്ങളോട് സൗഹൃദത്തിലായിരുന്നു. അവൾ കാരണം, ക്ലാസിന് മുമ്പ് എല്ലാവരും പ്രാർത്ഥിക്കാൻ പഠിച്ചു,’ സഹപാഠിയായിരുന്ന ബിയാൻക മൻപാസ് പറഞ്ഞു. ‘അവൾ ക്ലാസ് മുറിയിലോ കളിക്കളത്തിലോ ഇല്ലെങ്കിൽ, അവൾ ചാപ്പലിലാണ്. അവൾ കഴുത്തിൽ ജപമാല ധരിച്ചിരുന്നു. ആളുകൾ അത് കാണുന്നതിൽ അവൾക്ക് ലജ്ജ തോന്നിയില്ല. പരിശുദ്ധ അമ്മയുമായുള്ള അവളുടെ ബന്ധത്തിന്റെ തെളിവായിരുന്നു അത്,’ അവളുടെ മറ്റൊരു സുഹൃത്ത് മരിയ ലഗുഡും അവളുടെ പ്രാർത്ഥനാ ജീവിതത്തെ അനുസ്മരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *