വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന് അന്തിമോപചാരം അർപ്പിക്കാൻ ലോകനേതാക്കളും പ്രതിനിധി സംഘങ്ങളുമെത്തും. നാളെ ജനുവരി അഞ്ച് വത്തിക്കാൻ സമയം രാവിലെ 9.30നാണ് ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ മൃതസംസ്ക്കാര കർമം ആരംഭിക്കുക. മൃതസംസ്ക്കാര കർമത്തിലും അതിനുമുമ്പായ പൊതുദർശനത്തിലുമാകും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭരണാധികാരികളും പ്രതിനിധിസംഘങ്ങളും
ബെനഡിക്ട് 16-ാമനെ അവസാനമായി കാണാൻ വന്നെത്തുക.
ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളെ മാത്രമേ മൃതസംക്കാര കർമത്തിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളൂ എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം മൃതസംസ്ക്കാര കർമം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ വക്താവ് മുമ്പേ വെളിപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്താവാം ഒരുപക്ഷേ, ബെനഡിക്ട് 16-ാമന്റെ ജീവിതവുമായി വളരെ അടുത്ത് ബന്ധമുള്ള ഈ രണ്ട് രാജ്യങ്ങളെ മാത്രം ക്ഷണിച്ചത്.
കൂടാതെ, ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നൊവാക്, പോളിഷ് പ്രസിഡന്റ് ആന്ദ്രേ ഡൂഡ, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി എന്നിവരുടെയും സാന്നിധ്യം വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങളിൽനിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.
ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോനി എന്നിവർ ആദ്യ ദിനത്തിൽതന്നെ പാപ്പാ എമരിത്തൂസിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഹംഗറിയിൽനിന്ന് പ്രധാനമന്ത്രി വിക്ടർ ഓർബനും ഇന്നലെ വത്തിക്കാനിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ആദ്യ ദിനത്തിലെപോലെതന്നെ പൊതുദർശനത്തിന്റെ രണ്ടാം ദിനത്തിലും വലിയ ജനപ്രവാഹത്തിനാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക സാക്ഷ്യം വഹിച്ചത്. ആദ്യ ദിനത്തിൽ ഏതാണ്ട് 65,000 പേർ ആദ്യ ദിനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയെന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ദിനമായ ഇന്നും (ജനുവരി നാല്) വത്തിക്കാൻ സമയം രാവിലെ 7.00മുതൽ വൈകീട്ട് 7.00വരെയാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 11.30) പൊതുദർശനം.
മൃതസംസ്ക്കാര കർമത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ പുസ്തകം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. പൊതുവായ പ്രാർത്ഥനകൾ ലാറ്റിൻ ഭാഷയിലായിരിക്കും. എന്നാൽ ഒന്നാം വായന സ്പാനിഷിലും രണ്ടാം വായന ഇംഗ്ലീഷിലും സുവിശേഷ വായന ഇറ്റാലിയനിലുമായിരിക്കും. വിശ്വാസികളുടെ പ്രാർത്ഥനയ്ക്കുള്ള മറുപടികൾ ജർമൻ ഭാഷയിലാണ്.
Leave a Comment
Your email address will not be published. Required fields are marked with *