വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള യുവജനങ്ങളെയും ലോക യുവജന സംഗമത്തിനെത്തുന്ന തീർത്ഥാടകരെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. പോർച്ചുഗലിലേക്കുള്ള പര്യടനം വിജയകരമാകാൻ വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും അഭ്യർത്ഥിച്ചു ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന് തിരി തെളിയാൽ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ് പാപ്പ പ്രാർത്ഥന തേടിയത്.
‘ലോക യുവജന ദിനത്തോട് അനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയുമായി അനുഗമിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പോർച്ചുഗൽ ജനത സവിശേഷമാംവിധം വണങ്ങുകയും ക്രിസ്തീയ യാത്രയിലെ പ്രകാശതാരവുമായ കന്യാമറിയത്തിന്, വേൾഡ് യൂത്ത് ഡേ തീർത്ഥാടകരെയും ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാൻ സമർപ്പിക്കുന്നു.’
പോർച്ചുഗൽ പര്യടനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പ ഇന്നലെ (ജൂലൈ 31) റോമിലെ മരിയ മജിയോരെ ബസിലിക്കയിൽ പ്രാർത്ഥിക്കാൻ എത്തിയിരുന്നു. അപ്പസ്തോലിക പര്യടനങ്ങൾക്ക് പുറപ്പെടുംമുമ്പും തിരിച്ചെത്തിയശേഷവും മരിയ മജ്ജിയോരെ ബസിലിക്കയിലെത്തി ദൈവമാതാവിനോട് പ്രാർത്ഥിക്കുന്നത് ഫ്രാൻസിസ് പാപ്പയുടെ പതിവാണ്.
കഴിഞ്ഞ ഞായറയിലെ ആഞ്ചലൂസ് സന്ദേശത്തിന്റെ സമാപനത്തിലും പോർച്ചുഗൽ പര്യടനത്തിന്റെ കാര്യം പറഞ്ഞുകൊണ്ട്, വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു. അതോടൊപ്പം ലോകമെമ്പാടുമുള്ള യുവജനങ്ങളെയും പാപ്പ ദൈവമാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിക്കുകയും ചെയ്തു.
***********
ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നീളുന്ന ലോക യുവജന സംഗമ വേദിയിൽനിന്നുള്ള പ്രോഗ്രാമുകളും തിരുക്കർമങ്ങളും ശാലോം വേൾഡിൽ തത്‌സമയം കാണാം. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon
Leave a Comment
Your email address will not be published. Required fields are marked with *