വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ അവസാനയാത്രയിൽ അണിയുന്നത് ഒസ്‌ട്രേലിയയിലെ ലോക യുവജന സംഗമവേദിയിൽ അണിഞ്ഞ അതേ ചുവന്ന കുർബാന കുപ്പായം! മാത്തർ എക്ലേസിയ മൊണാസ്ട്രിയിലെ ചാപ്പലിലെ അൾത്താരയ്ക്ക് മുന്നിൽ ചുവന്ന നിറത്തിലുള്ള കുർബാന കുപ്പായം അണിയിച്ചാണ് ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം കിടത്തിയത്.
പ്രസ്തുത കുർബാന കുപ്പായം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച 2008ലെ ലോക യുവജനസംഗമത്തിൽ അണിഞ്ഞ അതേ കുർബാന കുപ്പായമാണെന്ന കാര്യം വത്തിക്കാൻ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തന്റെ മനസിൽ ബെനഡിക്ട് 16-ാമൻ നൽകുന്ന സ്ഥാനം ഇതിൽനിന്ന് വ്യക്തമാണെന്ന് പറഞ്ഞുകൊണ്ട് ഓസ്‌ട്രേലിയയിലെ സിഡ്‌നി ആർച്ച്ബിഷപ്പ് ആന്തണി ഫിഷർ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘2008ലെ ലോക യുവജനദിനത്തിൽ പങ്കെടുക്കാൻ സിന്ഡി സന്ദർശിച്ചതിനെ കുറിച്ചുള്ള സന്തോഷം നിരവധി തവണ പാപ്പ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ എന്നോട് പങ്കുവെച്ചിട്ടുണ്ട്. അവിടെ അർപ്പിച്ച ദിവ്യബലിയിൽ അണിഞ്ഞ കുപ്പായംതന്നെ അന്ത്യയാത്രയിൽ ധരിച്ചത് വളരെ പ്രതീകാത്മകമാണ്,’ ആർച്ച്ബിഷപ്പ് ഫിഷർ കുറിച്ചു.
ഡിസംബർ 31ന് ഇഹലോകവാസം വെടിഞ്ഞ പാപ്പാ എമരിത്തൂസിന്റെ മൃതസംസ്‌ക്കാരം ജനുവരി അഞ്ചിനാണ്. ജോൺ പോൾ രണ്ടാമൻ പാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബെനഡിക്ട് 16-ാമന് ഒരുക്കിയിരിക്കുന്നത്. തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം പരിഗണിച്ചായിരുന്നു ഈ തീരുമാനം.
2005 ഏപ്രിൽ എട്ടിന് കാലം ചെയ്ത ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഭൗതികാവശിഷ്ടങ്ങൾ 2011 ഏപ്രിൽ 29വരെ ഇവിടെയാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനോട് അനുബന്ധിച്ച് തിരുശേഷിപ്പുകൾ 2011 ഏപ്രിൽ 29ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകൾഭാഗത്തെ കല്ലറയിലേക്ക് മാറ്റുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *