Follow Us On

02

May

2024

Thursday

സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം

സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിച്ച് ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് പാപ്പയുടെ ആഹ്വാനം

ലിസ്ബൺ: സുവിശേഷവത്കരണമാകുന്ന സമുദ്രത്തിലേക്ക് പ്രവേശിക്കാനും ദൗത്യം തുടരാനും പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്.

പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള ഈ നഗരത്തിന്റെ ബന്ധം ചൂണ്ടിക്കാട്ടി. വലകൾ ശൂന്യമായി അത് ഉപേക്ഷിച്ച സമയത്താണ് ദൈവം അവരെ വിളിക്കുന്നത്. ഇത്തരത്തിൽ നിരാശയിലും തളർച്ചയിലും വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, വാതിലുകൾ തുറന്ന് പാപികളും നീതിമാന്മാരും ഉൾപ്പെടെ എല്ലാവരെയും ശ്രദ്ധിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ഒന്നായി സഭ മാറണമെന്നും ഉദ്‌ബോധിപ്പിച്ചു.

അഴിമതികൾ ഉൾപ്പെടെയുള്ള വലിയ വെല്ലുവിളികളും അസ്ഥിരതയും എവിടെയും ഉണ്ട്. എന്നാൽ അത് നിരന്തരമായ ശുദ്ധീകരണത്തിലേക്ക് നമ്മെ വിളിക്കുന്നു. സഭാ യാത്രയിൽ നമുക്ക് തളർച്ച അനുഭവപ്പെടുന്ന നിരവധി സന്ദർഭങ്ങളുണ്ടാകാം. ശൂന്യമായ വലകൾ മാത്രം കൈവശം വച്ചിരിക്കുന്നതായി തോന്നാം. നമുക്ക് നിരുത്സാഹം തോന്നുമ്പോഴെല്ലാം വഞ്ചി ഉപേക്ഷിച്ച് തിരികെ പോകാനുള്ള പ്രലോഭനവുമുണ്ടാകാം.

എന്നാൽ, കത്തോലിക്കാ നേതാക്കളും വൈദീകരും ജീവിതത്തിലെ സഹനങ്ങളാകുന്ന വഞ്ചി അരികിലേക്ക് കയറ്റുകയോ തിരിഞ്ഞുനോക്കുകയോ ചെയ്യരുത്. ‘ജനിക്കുക എന്നാൽ പോർച്ചുഗലിൽ ആയിരിക്കുക, മരിക്കുക എന്നാൽ വിശാലമായ ലോകത്ത് മരിക്കുക,’എന്നതാണെന്ന് സുവിശേഷവത്കരണത്തെ വിശേഷിപ്പിച്ച മിഷനറി ഫാ. അന്റോണിയോ വിയേരയേയും സുവിശേഷം പ്രസംഗിക്കാൻ നൂറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യയിലേക്ക് ധൈര്യപൂർവം പുറപ്പെട്ട സെന്റ് ജോൺ ഡി ബ്രിട്ടോയെയും പാപ്പ അനുസ്മരിച്ചു.

അവരെപ്പോലെ മികച്ച പോർച്ചുഗീസ് മിഷനറിമാരെ ഇനിയും ആവശ്യമുണ്ട്. ലോകം കീഴടക്കാനും സുവിശേഷത്തിന്റെ ആശ്വാസകരമായ സന്തോഷത്തിൽ അതിനെ ആനന്ദിപ്പിക്കാനുമുള്ള വ്യഗ്രത സുവിശേഷ പ്രഘോഷകർക്ക് ആവശ്യമാണെന്ന് ഓർമിപ്പിച്ച പാപ്പ, കൊടുങ്കാറ്റുകൾക്കിടയിലും സുവിശേഷം എല്ലാവരിലേക്കും എത്തിക്കാനാണ് തങ്ങളെ വിളിക്കുന്നതെന്നും ബിഷപ്പുമാരും വൈദികരും ഉൾപ്പെടയുള്ള സഭാ ശുശ്രൂഷകരോട് പാപ്പ കൂട്ടിച്ചേർത്തു.

‘ഞങ്ങൾ ജീവനുള്ള കല്ലുകളാണ്’ എന്ന വിശുദ്ധ പത്രോസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പോർച്ചുഗീസ് വിശ്വാസികൾ വിശ്വാസത്തിന്റെ ചുവടുവെക്കാനുള്ള ശോഭയുള്ള കല്ലുകളായി മാറണമെന്നും പാപ്പ ഓർമിപ്പിച്ചു. പോർച്ചുഗീസ് സഭ, തകർച്ചകളെയും ജീവിത ഭാരത്തെയും അഭിമുഖീകരിക്കുന്നവർക്ക് സുരക്ഷിത സങ്കേതമായി മാറണമെന്ന തന്റെ ആഗ്രഹവുംകൂടി വെളിപ്പെടുത്തിയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?