Follow Us On

10

January

2025

Friday

ഇവിടെ എല്ലാവർക്കും ഇടമുണ്ട്!

റോയ് അഗസ്റ്റിൻ

ഇവിടെ എല്ലാവർക്കും ഇടമുണ്ട്!

സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന ഫ്രാൻസിസ് പാപ്പയുടെ പ്രഖ്യാപനം ലോക യുവജന സംഗമത്തിനെത്തിയ അഞ്ചു ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളിലുണ്ടാക്കിയ പ്രതികരണം അത്ഭുതാവഹമായിരുന്നു. ഏറെക്കാലമായി തങ്ങൾ കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം അപ്രതീക്ഷിതമായി കേട്ട തങ്ങളുടെ കാതുകളെ അവർക്ക് കുറച്ചു സമയത്തേക്കെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ പ്രതീകരണങ്ങളിൽ പ്രകടമായിരുന്നു.

2014 മാർച്ച് 19ന് ആഗോള സഭയുടെ അമരക്കാരനായത് മുതൽ ഫ്രാൻസിസ് പാപ്പ പിന്തുടരുന്ന കാഴ്ചപ്പാടുകൾ പരിശോധിച്ചാൽ ഇത്തരം എതെങ്കിലും ഒരു അപ്രതീക്ഷിത ഇടപെടലോ പ്രഖ്യാപനമോ ലിസ്ബണിൽ പ്രതീക്ഷിച്ചിരുന്നവരും കുറവല്ലായിരുന്നു. വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളുമായിരുന്നു എന്നും അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കിയിരുന്നത്.

സഭയുടെ പ്രഥമ ദൗത്യം പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പക്ഷം ചേരലാണെന്നും മറിച്ചായാൽ പരസ്പരം പ്രശംസിക്കുന്നവരുടെ കൂടാരമായി സഭ മാറുമെന്നും വൈദിക പരിശീലന കാലത്തുതന്നെ വാദിച്ചിരുന്ന അദ്ദേഹം തന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഈ കാഴ്ചപ്പാടിൽ നിന്ന് മാറിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയായി ലോക യുവജന സംഗമവേദിയിലെ ഈ പ്രഖ്യാപനം.

തന്റെ ഓരോ ഉദ്യമങ്ങളിലും ബൈബിളിലെ യേശുവിനെ പിൻപറ്റാൻ അദ്ദേഹം എന്നും പരിശ്രമിച്ചിരുന്നു. ബുവനേഴ്‌സ് ഐറിസിലെ ചേരിയിൽ അവിടുത്തെ അന്തേവാസികൾക്കായി വിശുദ്ധ ബലിയർപ്പിച്ചപ്പോൾ പ്രാന്തവൽക്കരിക്കപ്പെട്ടവരോടും മാറ്റിനിർത്തപ്പെട്ടവരോടും മുഖം നഷ്ടപ്പെട്ടവരോടുമുള്ള അദ്ദേഹത്തിന്റെ പക്ഷം ചേരൽ ലോകം മനസിലാക്കിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് സഭയിൽ എല്ലാവർക്കും ഇടമുണ്ടെന്ന പപ്പയുടെ പ്രഖ്യാപനത്തെ ചേർത്ത് വായിക്കേണ്ടത്.

‘ഉപയോഗമില്ലാത്തവരോ, അനാവശ്യമായിട്ടുള്ളവരോ ആയി ദൈവത്തിന്റെ കണ്ണിൽ ആരുമില്ല. അതുകൊണ്ട് എല്ലാവർക്കും ഇവിടെ ഇടമുണ്ട്. കാരണം ദൈവം നമ്മെ സ്‌നേഹിക്കുന്നു; അതാകട്ടെ നമ്മൾ ആയിരിക്കുന്നത് പോലെയാണ് താനും.’ വിപ്ലവകരമായ ഈ ചിന്തകൾ സഭയിൽ മാറ്റം കൊണ്ടുവരാൻ ഉപകരിക്കുമെന്നതിൽ സംശയമില്ല.

പാപ്പ ആയതിനുശേഷമുള്ള തന്റെ ആദ്യ ചാക്രിക ലേഖനം ‘വിശ്വാസത്തിന്റെ വെളിച്ചത്തി’ലൂടെ കുടുംബങ്ങളെയാണ് അദ്ദേഹം ലക്ഷ്യം വച്ചത്. കുടുംബങ്ങളിൽ ആരംഭിച്ച് ആഴപ്പെടുന്ന വിശ്വാസത്തിന് സമൂഹത്തെ മുഴുവൻ പ്രകാശമാനമാക്കാനുള്ള കരുത്തുണ്ടെന്നു അദ്ദേഹം പറഞ്ഞു.

പിന്നീട് വന്ന ‘കാരുണ്യത്തിന്റെ മുഖ’മെന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ സ്‌നേഹമാകുന്ന ദൈവത്തിന്റെ മുഖം കരുണയുടേതാണെന്ന് അദ്ദേഹം ലോകത്തോട് പറഞ്ഞു. ഇതിന്റെയൊക്കെ തുടർച്ചയെന്നോണമായിരുന്നു ലോക യുവജനവേദിയിലെ പാപ്പയുടെ ഓരോ സംഭാഷണങ്ങളും എന്നത് എടുത്തു പറയേണ്ടതാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?